ചുവപ്പണിയാൻ ബംഗാൾ വീണ്ടും; തൃണമൂൽ ഗുണ്ടായിസത്തിനെതിരെ പോരാടുന്നത് യുവത്വം: വൈറലായി ഫേസ്ബുക്ക് കുറിപ്പ്

കൊൽക്കത്ത: പശ്ചിമബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം മൂർദ്ധന്യാവസ്ഥയിൽ നിൽക്കെ, അവിടുത്തെ രാഷ്ട്രീയ മാറ്റങ്ങളെയും തൃണമൂൽ-ബിജെപി സഖ്യത്തിന്റെ അക്രമ രാഷ്ട്രീയത്തെയും കുറിച്ച് വിവരിക്കുന്ന ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു.
എഴുത്തുകാരനും സാംസ്‌കാരിക പ്രവർത്തകനുമായ ജോഷി ഡോൺബോസ്‌കോയുടെ കുറിപ്പാണ് ശ്രദേധ്യമാകുന്നത്. മീനാക്ഷി മുഖർജി, ദീപ്ഷിത ധർ, അഫ്രീൻ ബീഗം തുടങ്ങിയ യുവനേതാക്കളുടെ നേതൃത്വത്തിൽ സിപിഐ എം നടത്തുന്ന ഉജ്ജ്വലമായ തിരിച്ചുവരവിനെക്കുറിച്ചാണ് കുറിപ്പിൽ പരാമർശിക്കുന്നത്.
മുൻകാലങ്ങളിൽ ബംഗാൾ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നേരിട്ട് പങ്കെടുത്ത അനുഭവം പങ്കുവെച്ചുകൊണ്ടാണ് കുറിപ്പ് എഴുതപ്പെട്ടിരിക്കുന്നത്. ബംഗാളിലെ തെരഞ്ഞെടുപ്പ് രീതികൾ കേരളത്തിൽ നിന്ന് വ്യത്യസ്തമാണെന്നും തൃണമൂൽ കോൺഗ്രസ് പരസ്യമായി ഗുണ്ടായിസം നടപ്പിലാക്കുകയാണെന്നും കുറിപ്പിൽ ആരോപിക്കുന്നു.
തൃണമൂലിന്റെ യോഗസ്ഥലത്തിന് മുന്നിൽ വെച്ച് മറ്റ് പാർട്ടികളുടെ സ്പീക്കർ വയറുകൾ മുറിച്ചിടുന്നതും നേതാക്കൾ അത് ചിരിച്ചു പ്രോത്സാഹിപ്പിക്കുന്നതും സാധാരണ കാഴ്ചയായി മാറി. തൃണമൂലിന് പിന്നാലെ എത്തിയ ബിജെപിയും ഇതേ പാതയാണ് പിന്തുടരുന്നത്. ഗ്രാമീണ മേഖലകളിൽ വോട്ടർമാരെ ഭീഷണിപ്പെടുത്തിയാണ് ഇരു പാർട്ടികളും വോട്ട് നേടുന്നത്.
"പൈപ്പിൽ വെള്ളം വരില്ല, പെൻഷൻ വാങ്ങാൻ ടൗണിലേക്ക് വിടില്ല" തുടങ്ങിയ ഭീഷണികൾ മുതൽ തോക്കിൻമുനയിൽ വരെ കാര്യങ്ങൾ എത്തുന്ന അവസ്ഥയാണുള്ളത്. ശാരദ ചിട്ടിക്കമ്പനിയുടെ തട്ടിപ്പിൽ പെട്ട തൃണമൂലിലേക്കും വർഗീയതയുടെ ചാണകക്കുഴിയിലേക്കും ജനങ്ങൾ എങ്ങനെ എടുത്തുചാടുന്നു എന്ന ചോദ്യം കുറിപ്പിൽ ഉയർത്തുന്നുണ്ട്.
എങ്കിലും സൂര്യകാന്ത മിശ്രയോ മുഹമ്മദ് സലീമോ റൈറ്റേഴ്സ് ബിൽഡിംഗിൽ ചുവപ്പുപതാക ഉയർത്തുന്ന കാലം വിദൂരമല്ലെന്ന ആത്മവിശ്വാസത്തിലാണ് അവിടുത്തെ സഖാക്കൾ. പുതിയ തലമുറ ഈ ചരിത്രപരമായ ദൗത്യം ഏറ്റെടുക്കുമെന്നും ബംഗാൾ വീണ്ടും ഇടതുപക്ഷത്തിന്റെ കരുത്തിൽ ഉയിർത്തെഴുന്നേൽക്കുമെന്നുമുള്ള പ്രതീക്ഷയോടെയാണ് കുറിപ്പ് അവസാനിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ചെറുപ്പക്കാർ, വിശിഷ്യാ യുവതികൾ മുന്നിൽനിന്ന് CPMപ്രചരണം നയിക്കുന്ന കാഴ്ചയാണ് വെസ്റ്റ്ബംഗാളിൽ ഇത്തവണ ദൃശ്യമാകുന്നത്.
മീനാക്ഷി മുഖർജി, ദീപ്ഷിത ധർ, അഫ്രീൻബീഗം ഷിൽപ്പി തുടങ്ങിയവർ അതിന്റെ കുന്തമുനകളായുണ്ട്.
2016-ൽ പശ്ചിമബംഗാൾ നിയമസഭാതിരഞ്ഞെടുപ്പിലും 2024ൽ ലോക്സഭ പ്രചാരണസമയത്തും കുറച്ചുദിവസങ്ങൾ ഞാൻ അവിടെയുണ്ടായിരുന്നു. ബംഗ്ലാപാട്ടുകളും താളവും നിറഞ്ഞ പ്രചരണം ആവേശകരമാണ്.
ഇത്തവണ അനാരോഗ്യം കാരണം പോകാനാകാത്തത് വല്ലാതെ വിഷമിപ്പിക്കുന്നുണ്ട്.
കേരളത്തിൽ കണ്ടുശീലിക്കാത്ത രീതികളാണ് അവിടെ പലതും.
തൃണമൂലിന്റെ യോഗസ്ഥലത്തുകൂടി നടന്നുപോയപ്പോൾ കണ്ടകാഴ്ച, അവിടത്തെ രീതികളെക്കുറിച്ച് കൃത്യമായ സൂചനതന്നു.
യോഗം നടക്കുന്നതിനു നേരെമുൻപിൽ തന്നെയുള്ള തൂണിൽ കോണിവച്ചുകയറിയ ഒരു തൃണമൂൽപ്രവർത്തകൻ വളരെഈസിയായി കട്ടിങ്പ്ലയർ ഉപയോഗിച്ച് സ്പീക്കർവയറുകൾ മുറിച്ചിട്ടു, മറ്റുപാർട്ടികളുടേതാണെന്ന് വ്യക്തം. ഒരുകിലോമീറ്റർ ദൂരംവരെ കോളാമ്പിസ്പീക്കറുകൾ കെട്ടിവയ്ക്കുന്നത് അവിടെ പതിവാണ്. വേദിയിലുള്ള നേതാക്കളുൾപ്പെടെ അതാസ്വദിച്ച് ചിരിക്കുകയാണ്,
സമീപത്തുള്ളകടക്കാരേയും മറ്റുമനുഷ്യരെയും ഞാൻശ്രദ്ധിച്ചു. ഒരു സ്വാഭാവികകാര്യംപോലെ അവരും നോക്കിനില്പാണ്. നട്ടുച്ചക്ക് പൊതുനിരത്തിൽ നൂറുകണക്കിനാളുകൾ കാൺകെ മുട്ടാളത്തരം കാണിക്കുന്ന ഗുണ്ടാപ്പടയായി തൃണമൂൽകോൺഗ്രസ് മാറിക്കഴിഞ്ഞിരുന്നു.
പിന്നാലെ കളംപിടിക്കാനെത്തിയ BJPയും അതേ പാതയിൽതന്നെ.
ഗ്രാമീണ മേഖലകളിൽ പോയാൽ അമ്പരിപ്പിക്കുന്നതാണ് കാര്യങ്ങൾ. ബൂത്തിലെ വോട്ടെണ്ണുമ്പോൾ പുല്ലിനുംപൂവിനും കുറവുവന്നാൽ പിന്നെ..
‘പൈപ്പിൽ കുടിവെള്ളംവരുമെന്ന് കരുതേണ്ട, പെൻഷൻ മേടിക്കാൻ ടൗണിലേക്ക് വിടില്ല..’ തുടങ്ങി പിസ്റ്റളിന്റെ ട്രിഗറിൽ എത്തുന്നഭീഷണികളാണ് അവിടെ പ്രകടനപത്രികയെക്കാൾ വോട്ടുപിടിക്കുന്നത്.
കേവലം ഒരാഴ്ചക്കാലത്തെ കൊച്ചുകൊച്ചു വർത്തമാനങ്ങളിൽ അവർത്തിച്ചുകേട്ട് മനസ്സിൽപതിഞ്ഞ കാര്യങ്ങളെപ്പറ്റി, ആ വർത്തമാനങ്ങളിൽ എനിക്ക് ചോദിക്കാനുണ്ടായിരുന്നത് ഒന്നുമാത്രമായിരുന്നു
അപരന്റെ വാക്കുകൾ സംഗീതംപോലെ ആസ്വദിക്കുന്ന നല്ലകാലത്തിനുവേണ്ടി പോരടിക്കുന്ന പ്രത്യയശാസ്ത്രത്തെ കൈവിട്ട് ശാരദയെന്ന വട്ടിക്കമ്പനിയുടെ ചതിച്ചുരുളുകളിലൂടെ തൃണമൂലെന്ന അഗ്നികുണ്ഡത്തിലേക്ക് ഈയാംപാറ്റകളെപ്പോലെ ആളുകൾ പാറിവീഴുന്നത് എങ്ങനെയാണ്?
മനുഷ്യന്റെ പ്രശ്നങ്ങൾ മറന്ന് കാവിവർഗീയതയുടെ ചാണകക്കുഴിയിലേക്ക് ഉന്മാദികളെപ്പോലെ ഒരുജനത എടുത്തുചാടുന്നത് എന്തുകൊണ്ടാണ്?
കുഞ്ഞുമൺചട്ടികളിൽ ചായ ഒഴിച്ചുതരുന്നവരോടും ഉദ്യോഗസ്ഥരോടും ഹൗറപാലത്തിന്റെ കരയിൽ മഞ്ഞഅംബാസഡർ ടാക്സികളിൽ ഓട്ടംകാത്തിരിക്കുന്ന ഡ്രൈവർമാരോടും ചോദിച്ചു. എന്റെ ഇംഗ്ളീഷും മുറിഹിന്ദിയും മനസിലായവർ മറുപടിപറഞ്ഞു.
(അടുത്ത കുറിപ്പിൽ അതെഴുതാം)
വൈകാതെ ഒരുനാൾ കോമ്രേഡ് സൂര്യകാന്തമിശ്രയോ മുഹമ്മദ്‌സലീമോ റൈറ്റേഴ്സ് ബിൽഡിങ്ങിൽ പതാകയുയർത്തുമെന്ന് ആവേശത്തോടെ എന്റെ കയ്യിലടിച്ചുപറഞ്ഞ ചെറുപ്പക്കാർ മുതൽ പരിചയസമ്പന്നരായ മുതിർന്ന സഖാക്കളുടെ വാക്കുകളിലും ഇനിയുംചോരാത്ത ആത്മവിശ്വാസത്തിന്റെ തുടിപ്പുണ്ടായിരുന്നു.
പുതിയതലമുറ ആ ചരിത്രദൗത്യം നിറവേറ്റുകതന്നെ ചെയ്യും.
ഇന്നല്ലെങ്കിൽ... നാളെ.🚩









0 comments