ad
Deshabhimani

'മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞുനിർത്തിയാൽ അറസ്റ്റ് ചെയ്യാൻ ഈ നാട്ടിൽ നിയമമുണ്ട്..'; വിമർശനവുമായി വി കെ സനോജ് എംഎൽഎ

VK Sanoj.jpg
വെബ് ഡെസ്ക്

Published on Aug 29, 2026, 03:02 PM | 2 min read

തിരുവനന്തപുരം: മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞുനിർത്തിയ ഡിസിസി അംഗത്തെ അറസ്റ്റ് ചെയ്തതിൽ വിമർശനവുമായി വി കെ സനോജ് എംഎൽഎ. മുഖ്യമന്ത്രിയെ ചോദ്യം ചെയ്ത ഡിസിസി അംഗം ചേന്തി അനിൽ റൗഡി ലിസ്റ്റിൽ ഉണ്ടായിരുന്നതാണെന്നും അതുകൊണ്ടാണ് അറസ്റ്റ് ചെയ്തതെന്നുമായിരുന്നു കെപിസിസി പ്രസിഡന്റിന്റെ വാദം.


ശ്രീകാര്യത്ത് ചേന്തി ശ്രീ നാരായണ സാംസ്കാരിക നിലയത്തിലെ ചതയദിനാഘോഷത്തിൽ പങ്കെടുക്കാതെ പോയ മുഖ്യമന്ത്രിയെ കോൺ​ഗ്രസ് പ്രവർത്തകർ വഴിയിൽ തടയുകയായിരുന്നു. മാസങ്ങൾക്ക് മുൻപ് മുഖ്യമന്ത്രിയുടെ തീയതി വാങ്ങിയിരുന്നതായും തുടർന്ന് പരിപാടിക്കായി വേണ്ട എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിരുന്നതായും സംഘാടകർ പറഞ്ഞിരുന്നു.


എന്നാൽ അവസാന ദിവസം പരിപാടിയിൽ പങ്കെടുക്കാതെ മടങ്ങിയതോടെ പ്രവർത്തകർ പ്രതിഷേധവുമായി എത്തുകയായിരുന്നു. മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞുനിർത്തി ഇത് ചോദ്യം ചെയ്തതിനു തൊട്ടുപിന്നാലെ അനിലിനെ അറസ്റ്റ് ചെയ്തു. ഇതിനെ വിമർശിച്ചാണ് വി കെ സനോജിന്റെ ഫേസ്ബുക്ക് പോസ്റ്റ്.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:


മുഖ്യമന്ത്രി ശ്രീ. വി.ഡി. സതീശനോട് നേരത്തെ ഏറ്റ പരിപാടിക്ക് വരാതിരുന്നത് എന്തുകൊണ്ടെന്ന് വഴിയിൽ വെച്ച് ചോദിച്ച ഡി.സി.സി അംഗത്തെ മുഖ്യമന്ത്രി വിരട്ടുന്നു.ഒപ്പമുണ്ടായിരുന്ന മുൻ എം.പിയും കെ.പി.സി.സി വൈസ് പ്രസിഡന്റുമായിരുന്ന ശ്രീ. പീതാംബരക്കുറുപ്പിനെ സുരക്ഷാ ഉദ്യോഗസ്ഥർ തൂക്കി എറിയുന്ന ദൃശ്യങ്ങളും പുറത്തുവരുന്നു.

ചോദ്യം ചോദിച്ച ഡി സി സി അംഗത്തെ രാത്രി തന്നെ വീട്ടിൽ കയറി പൊലീസ് അറസ്റ്റ് ചെയ്യുന്നു.


ഇപ്പോൾ കെ.പി.സി.സി പ്രസിഡന്റ് പറയുന്നു, ചേന്തി അനിൽ റൗഡി ലിസ്റ്റിൽ ഉണ്ടായിരുന്ന ആളാണ്, അതുകൊണ്ടാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയതെന്ന്.


അപ്പോൾ ഒരു ചോദ്യം സ്വാഭാവികമാണ്.

റൗഡി ലിസ്റ്റിലുള്ള ഒരാൾ എങ്ങനെ ഡി.സി.സി അംഗമായി...?

ഇത്രകാലം എങ്ങനെ തുടരാൻ കഴിഞ്ഞു ..?

വി.ഡി. സതീശനോട് ചോദ്യം ചോദിക്കേണ്ടി വന്നപ്പോഴാണ് റൗഡി ലിസ്റ്റിലെ അംഗത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കുന്നത് എന്നതാണ് ഇപ്പോൾ കാണുന്ന കൗതുകം.


പക്ഷേ അതിനപ്പുറം ഒരു വലിയ തിരിച്ചറിവുണ്ട്.

കഴിഞ്ഞ പത്ത് വർഷം മുഖ്യമന്ത്രിയും 21 മന്ത്രിമാരും ഉൾപ്പെടുന്ന മന്ത്രിസഭ ഒന്നാകെ യാത്ര ചെയ്യുന്ന ബസ്സിന് നേരെ MDMA കേസ്സിൽ അറസ്റ്റിലായ പ്രതികൾ അടക്കം കല്ലും വടിയും കരിങ്കൊടിയും വലിച്ചെറിയുന്നതും, ഓടുന്ന ബസ്സിന് മുന്നിലേക്ക് ചാടുന്നതും, സുരക്ഷാ സംവിധാനങ്ങൾ മറികടന്ന് വിമാനത്തിനുള്ളിൽ പോലും പ്രതിഷേധം എന്ന പേരിൽ ആക്രമണത്തിന്‌ ശ്രമിക്കുന്നതുമെല്ലാം ‘ജനകീയ പ്രതിഷേധം’ആയിരുന്നു.


കേസെടുക്കുന്നത് ജനാധിപത്യ നിഷേധം ആയിരുന്നു...

ഇപ്പോൾ മനസ്സിലാകുന്നു..

മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞുനിർത്തി ചോദ്യം ചെയ്താൽ കേസെടുക്കാനും അറസ്റ്റ് ചെയ്യാനും ഈ നാട്ടിൽ നിയമമുണ്ട്.

മുൻ എം.പിയെ സുരക്ഷാ ഉദ്യോഗസ്ഥർ തൂക്കി എറിഞ്ഞാൽ അതും ‘സുരക്ഷയുടെ ഭാഗം’ മാത്രമാണ്‌ ..

പത്ത് വർഷങ്ങൾക്ക് ശേഷം കിട്ടുന്ന ചില തിരിച്ചറിവുകൾ…

വൈകിയെത്തിയാലും തിരിച്ചറിവ് തിരിച്ചറിവ് തന്നെയാണ്....!!



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home