'ഭക്ഷണം പെട്ടെന്ന് കഴിച്ചില്ലെങ്കിൽ ശമ്പളമില്ലാത്ത അധിക ജോലി ചെയ്യേണ്ടിവരും'; വിവാദ നോട്ടീസിനെതിരെ സോഷ്യൽ മീഡിയ

ന്യൂഡൽഹി: ജീവനക്കാർക്ക് വിചിത്രമായ നിർദേശം നൽകിക്കൊണ്ടുള്ള ഒരു നോട്ടീസ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. ഭക്ഷണം വേഗം കഴിക്കണം; അല്ലെങ്കിൽ ഒരുമണിക്കൂർ ശമ്പളമില്ലാത്ത അധിക ജോലി ചെയ്യണമെന്നാണ് നോട്ടീസിലുള്ളത്. അത്തരത്തിൽ ഒരു നോട്ടീസ് പതിപ്പിച്ചിരിക്കുന്നതിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെടുന്നുണ്ട്. എന്നാൽ ചിത്രത്തിന്റെ ഉറവിടം എവിടെയ നിന്നാണ് എന്ന് സ്ഥിരീകരിച്ചിട്ടില്ല. ഓരോ സ്ഥാപനങ്ങളിലെയും വർക്ക് കൾച്ചറിനെക്കുറിച്ചും മൈക്രോ മാനേജ്‌മെന്റിനെയും കുറിച്ചുള്ള ചർച്ചകൾക്ക് പോസ്റ്റ് തുടക്കമിട്ടിട്ടുണ്ട്.
ഉച്ചഭക്ഷണ ഇടവേളകൾക്ക് അസാധാരണമായ ഒരു നിയമം നിർദ്ദേശിച്ചിരിക്കുന്ന നോട്ടീസിന്റെ ഉത്ഭവം വ്യക്തമല്ല. അനുവദിച്ച 30 മിനിറ്റ് ഇടവേള കവിയുന്ന ജീവനക്കാർ ജോലി കഴിഞ്ഞ് ശമ്പളമില്ലാത്ത അധിക മണിക്കൂറുകൾ സേവനം നൽകേണ്ടിവരുമെന്ന് നോട്ടീസിൽ പറയുന്നു. നോട്ടീസിൽ അതിന് വിചിത്രമായ ഉദാഹരണവും രേഖപ്പെടുത്തിയിട്ടുണ്ട്: ഉച്ചഭക്ഷണം കഴിഞ്ഞ് ഒരു മിനിറ്റ് മാത്രം വൈകി തിരിച്ചെത്തുന്ന ജീവനക്കാരൻ വൈകുന്നേരം 6ന് പോകുന്നതിനുപകരം വൈകുന്നേരം 7 വരെ ഓഫീസിൽ തന്നെ തുടരേണ്ടിവരും.
“നിങ്ങളുടെ മാനേജ്‌മെന്റ് ഇതുപോലെ നയങ്ങൾ കൊണ്ടുവരികയാണെങ്കിൽ, കമ്പനിയിലെ മികച്ച ജീവനക്കാർ രാജിക്കത്ത് നൽകുമ്പോൾ ആശ്ചര്യപ്പെടരുത്,” എന്ന് കുറിച്ചുകൊണ്ട് നളിനി ഉനാഗർ എന്ന ഉപയോക്താവ് നോട്ടീസിന്റെ ചിത്രം എക്സിൽ പങ്കിട്ടു. പിന്നാലെ ജോലിസ്ഥലത്തെ അമിതമായ നിയന്ത്രണങ്ങളെക്കുറിച്ചും ഇത്തരം വിചിത്ര നയങ്ങളെക്കുറിച്ചും സോഷ്യൽ മീഡിയയിൽ വ്യാപക ചർച്ച നടക്കുകയാണ്.
അധികമായി ജോലി ചെയ്യുന്ന ഓരോ മിനിറ്റിനും കമ്പനി ശമ്പളം തരണമെന്ന് ജീവനക്കാരും എഴുതി വയ്ക്കണമെന്നായിരുന്നു ഒരാൾ എക്സിൽ കുറിച്ചത്. “ഒരു മിനിറ്റ് വൈകിയാൽ 30 മിനിറ്റ് ശമ്പളം കുറയ്ക്കുന്ന ഒരു കമ്പനിയിലാണ് ഞാൻ ജോലി ചെയ്തത്,” എന്ന് മറ്റൊരാൾ കമന്റ് ചെയ്തു. പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയയിൽ ചർച്ച പുരോഗമിക്കുകയാണ്. നിങ്ങൾ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ തൊഴിൽ അന്തരീക്ഷം എങ്ങനെയാണ്? ഇത്തരം വിചിത്ര നയങ്ങൾ പിന്തുടരുന്നുണ്ടെങ്കിൽ കമന്റ് ചെയ്യൂ...










0 comments