ad
Deshabhimani

അയോദ്ധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ്: അടിയന്തരമായി വാദം കേൾക്കാനാകില്ലെന്ന് അലഹബാദ് ഹൈക്കോടതി

Ayodhya.jpg
വെബ് ഡെസ്ക്

Published on Jun 22, 2026, 05:41 PM | 1 min read

ലഖ്നൗ: രാജ്യവ്യാപകമായി വലിയ ചർച്ചയായ അയോദ്ധ്യ രാമക്ഷേത്ര നിർമാണ സംഭാവന തട്ടിപ്പ് കേസിൽ അടിയന്തരമായി വാദം കേൾക്കേണ്ടതില്ലെന്ന് അലഹബാദ് ഹൈക്കോടതി. വിഷയത്തിന് നിലവിൽ അടിയന്തിര പ്രാധാന്യമില്ലെന്നാണ് കോടതി നിരീക്ഷിച്ചത്.


ജസ്റ്റിസ് പങ്കജ് ഭാട്ട്യ, ജസ്റ്റിസ് അമിതാബ് കുമാർ റായ് എന്നിവരടങ്ങിയ ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചിന്റേതാണ് ഈ സുപ്രധാന തീരുമാനം. ലഖ്നൗ ബെഞ്ച് ഇപ്പോൾ തന്നെ ധാരാളം കേസുകൾ കൈകാര്യം ചെയ്യുന്നുണ്ടെന്നും, ഉത്തർപ്രദേശ് സർക്കാരിന്റെ ശ്രദ്ധയിൽ ഈ വിഷയം ഉള്ളതിനാൽ അടിയന്തരമായി കേസ് പരിഗണിക്കേണ്ട സാഹചര്യമില്ലെന്നും കോടതി വിലയിരുത്തി.


മോഹിത്ത് അശോക് എന്ന വ്യക്തി സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയുടെ ഈ നിരീക്ഷണം. തിങ്കളാഴ്ച കോടതി പരിഗണിക്കാൻ നിശ്ചയിച്ചിരുന്ന 592 ഹർജികളിൽ 392-ാം കേസായാണ് ഈ ഹർജി ലിസ്റ്റ് ചെയ്തിരുന്നത്.


രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പുമായി ബന്ധപ്പെട്ട് കൺട്രോളർ ആന്റ് ഓഡിറ്റർ ജനറലിന്റെ നേതൃത്വത്തിൽ സ്വതന്ത്രാന്വേഷണം വേണമെന്നായിരുന്നു ഹർജിയിലെ പ്രധാന ആവശ്യം. കൂടാതെ, ഭാവിയിൽ സംഭാവനാ കാര്യങ്ങൾ സുതാര്യമാക്കാൻ കോടതിയുടെ നേരിട്ടുള്ള നിയന്ത്രണം വേണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.


അയോദ്ധ്യ രാമക്ഷേത്ര ട്രസ്റ്റിന്റെ തന്നെ അപേക്ഷയെ തുടർന്ന് സംഭാവന വെട്ടിപ്പ് അന്വേഷിക്കുന്നതിനായി ജൂൺ 13ന് ഉത്തർ പ്രദേശ് സർക്കാർ ഒരു പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു.


ലക്‌നൗ ഡിവിഷണൽ കമ്മീഷ്ണർ വിജയ് വിശ്വാസ് പന്ത്, ഇൻസ്‌പെക്ടർ ജനറൽ കിരൺ എസ്, ഫിനാൻസ് ഡിപ്പാർട്ട്‌മെന്റ് സ്‌പെഷ്യൽ സെക്രട്ടറി നീൽ രത്‌നൻ എന്നിവരടങ്ങുന്നതാണ് ഈ അന്വേഷണ സംഘം.


സർക്കാർ തലം മുതൽ പ്രത്യേക അന്വേഷണം നടക്കുന്ന പശ്ചാത്തലത്തിലാണ് കോടതി ഹർജിയിൽ അടിയന്തര ഇടപെടൽ നടത്താതിരുന്നത്. അയോധ്യയിലെ കോടിക്കണക്കിന് രൂപയുടെ അഴിമതിക്കഥകൾ പുറത്തുവരുന്നതിനിടെ കോടതിയുടെ ഈ നിലപാട് ഏറെ ശ്രദ്ധേയമാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home