ad
Deshabhimani

മുംബൈയിൽ കാലവർഷം കനക്കുന്നു; രണ്ട് ദിവസത്തേക്ക് യെല്ലോ അലേർട്ട്, കനത്ത മഴയ്ക്ക് സാധ്യത

Mumbai.jpg
വെബ് ഡെസ്ക്

Published on Jun 22, 2026, 06:20 PM | 1 min read

മുംബൈ: ആഴ്ചകളായി നീണ്ടുനിന്ന വരണ്ട കാലാവസ്ഥയ്ക്ക് വിരാമമിട്ട് മുംബൈയിൽ കാലവർഷം ശക്തിപ്രാപിക്കുന്നു. നഗരത്തിൽ ഇന്ന് മുതൽ രണ്ട് ദിവസത്തേക്ക് കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. വാരാന്ത്യത്തോടെ നഗരത്തിൽ കൂടുതൽ കനത്ത മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.


ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഐഎംഡി അറിയിച്ചു. കഴിഞ്ഞ ദിവസം ഘാട്‌കോപ്പർ, വോർളി, ലോവർ പരേൽ, ചെമ്പൂർ തുടങ്ങിയ പ്രദേശങ്ങളിൽ പെയ്ത മഴ നഗരവാസികൾക്ക് വലിയ ആശ്വാസമാണ് നൽകിയത്.


മുംബൈ മെട്രോപൊളിറ്റൻ മേഖലയ്ക്ക് മുകളിലായി മഴമേഘങ്ങൾ കേന്ദ്രീകരിക്കുന്നതും, ഇതുവരെ കാലവർഷത്തെ തടഞ്ഞുനിർത്തിയിരുന്ന വരണ്ട വായുവിന്റെ സ്വാധീനം കുറഞ്ഞതും മഴ ശക്തമാകാൻ കാരണമായിട്ടുണ്ട്.


തെക്കുപടിഞ്ഞാറൻ മൺസൂൺ മഹാരാഷ്ട്രയിൽ കൂടുതൽ സജീവമാകുന്നതോടെ ജൂൺ 25, 26 തീയതികളിൽ കനത്ത മഴ ലഭിക്കുമെന്നാണ് പ്രവചനം.


ഇടിമിന്നലുള്ള സമയങ്ങളിൽ ജാഗ്രത പാലിക്കണമെന്നും കനത്ത മഴയുള്ളപ്പോൾ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും അധികൃതർ നിർദേശിച്ചിട്ടുണ്ട്. കാലവർഷം പൂർണ്ണമായി ശക്തിപ്രാപിക്കുന്നതോടെ സീസണിലെ ഏറ്റവും വ്യാപകമായ മഴയ്ക്കുള്ള തയ്യാറെടുപ്പിലാണ് മുംബൈ നഗരം.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home