ഓർഡർ ചെയ്ത കാമറ മോഡൽ മാറി, റീഫണ്ട് നല്‍കിയില്ല; ആമസോണിന് 4.68 ലക്ഷം പിഴ ചുമത്തി ഉപഭോക്തൃ കോടതി

കൊൽക്കത്ത : ഓർഡർ ചെയ്ത കാമറ മോഡൽ മാറി അയച്ചതിന് ആമസോണിന് 4.68 ലക്ഷം പിഴ. ഡാർജിലിങ് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനാണ് പിഴ ചുമത്തിയത്.
ഓർഡർ ചെയ്ത് ലഭിച്ച കാമറ മാറിയതിനെ തുടർന്ന് റീഫണ്ട് ആവശ്യപ്പെട്ടപ്പോൾ നൽകാതിരുന്നതിനെ തുടർന്നാണ് ഉപഭോക്താവ് കോടതിയെ സമീപിച്ചത്. ആമസോണിനും വിൽപ്പനക്കാരനും കോടതി നടപടികളിൽ ഹാജരാകാനോ തങ്ങളുടെ വാദം അറിയിക്കാനോ കഴിയാതിരുന്നതിനാൽ പരാതിക്കാരന്റെ വാദം കോടതി ശെരിവെച്ചു. സേവനത്തിൽ വീഴ്ച വരുത്തിയെന്നും വ്യാപാരരീതിയിൽ അനുചിതം കാട്ടിയെന്നും നിരീക്ഷിച്ച കോടതി ഇ കൊമേഴ്സ് പ്ലാറ്റ്ഫോം നഷ്ടപരിഹാരത്തുക നൽകണമെന്ന് വിധിക്കുകയായിരുന്നു.
കാമറയുടെ വിലയായ 1.43 ലക്ഷം റീഫണ്ട് ചെയ്യാനും അതിനൊപ്പം നഷ്ടപരിഹാരം നൽകാനും കോടതി വിധിക്കുകയായിരുന്നു. മാത്രമല്ല, ഉത്തരവ് വന്ന് 45 ദിവസങ്ങൾക്കുള്ളിൽ തുക നൽകണമെന്നും കോടതി ഉത്തരവിട്ടു.










0 comments