വെളിച്ചെണ്ണയിൽ മായാത്ത പാരമ്പര്യം

കിരൺ തന്റെ സനോജ് ഓയിൽ മില്ലിൽ
വെള്ളറട
പാക്കറ്റ് വെളിച്ചെണ്ണ വിപണി കീഴടക്കിയ കാലത്തും ആര്യങ്കോടും കുന്നത്തുകാലിലും എത്തുന്ന ആരെയും നാടൻ വെളിച്ചെണ്ണയുടെ ഗന്ധം ആകർഷിക്കും. നാളികേരത്തിന് പേരുകേട്ട കേരളം ഇന്ന് അയൽസംസ്ഥാനങ്ങളിൽനിന്നെത്തുന്ന തേങ്ങയെ ആശ്രയിക്കുമ്പോഴും പാരമ്പര്യത്തിന്റെ തനിമ ചോരാതെ സൂക്ഷിക്കുകയാണ് ആര്യങ്കോട്, കുന്നത്തുകാൽ പ്രദേശങ്ങളിലെ ഒരുകൂട്ടം കുടുംബങ്ങൾ. കുന്നത്തുകാൽ മേഖലയിൽ വർഷങ്ങളായി തേങ്ങ, കൊപ്ര, വെളിച്ചെണ്ണ എന്നിവയുടെ വ്യാപാരം നടത്തുന്നവർക്കൊപ്പം ഈ രംഗത്തേക്ക് കടന്നുവന്ന യുവസംരംഭകരുമുണ്ട്. 1980 മുതൽ കുന്നത്തുകാലിൽ പ്രവർത്തിക്കുന്ന ‘സനോജ് ഓയിൽ മിൽ’ പരമ്പരാഗത തൊഴിൽ തുടരുന്ന സ്ഥാപനങ്ങളിലൊന്നാണ്. പിതാവിന്റെ കാലംമുതൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ ചുമതല ഇപ്പോൾ പുതുതലമുറക്കാരനായ കിരണിനാണ്. അധ്യാപകനായി ജോലി ചെയ്യുന്നതിനൊപ്പമാണ് വെളിച്ചെണ്ണ വ്യാപാരവും മുന്നോട്ടുകൊണ്ടുപോകുന്നത്. തങ്ങളുടെ മുന്നിൽവച്ച് ആട്ടിപ്പകർന്നു നൽകുന്ന ശുദ്ധമായ വെളിച്ചെണ്ണയ്ക്കായി ദൂരദേശങ്ങളിൽനിന്നുപോലും ആളുകൾ ഇവിടെ എത്തുന്നുണ്ട്. നാടൻ തേങ്ങയുടെ ലഭ്യത കുറഞ്ഞതാണ് മേഖലയിലെ പ്രധാന വെല്ലുവിളിയെന്ന് കിരൺ പറയുന്നു. അതിർത്തി കടന്നെത്തുന്ന നല്ലയിനം നാളികേരത്തിനൊപ്പം ലഭ്യമായ നാടൻ തേങ്ങയും ശേഖരിച്ചാണ് വെളിച്ചെണ്ണ ഉൽപ്പാദിപ്പിക്കുന്നത്. പരമ്പരാഗതമായി നാളികേര ഉൽപ്പന്നങ്ങളുടെ വ്യാപാരം നടത്തുന്ന കുടുംബങ്ങളും പ്രതിസന്ധി നേരിടുന്നു. സെപ്‌തംബർ രണ്ടിന് ലോക നാളികേര ദിനമായി ആചരിക്കുമ്പോൾ, നാളികേരവുമായി ബന്ധപ്പെട്ട പരമ്പരാഗത തൊഴിൽ നിലനിർത്തുന്ന സംരംഭങ്ങൾക്ക് ആവശ്യമായ പ്രോത്സാഹനവും പിന്തുണയും ലഭിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.







0 comments