അശാസ്ത്രീയ നിർമാണം
ക്ഷേത്രക്കുളത്തിന്റെ ഭിത്തിയിടിഞ്ഞു

കീഴാവൂർ വാർഡിൽ നിർമ്മിച്ച ക്ഷേത്ര കുളത്തിന്റെ സംരക്ഷണ ഭിത്തി തകർന്നപ്പോൾ
മംഗലപുരം
നിർമാണം പൂർത്തിയാക്കി മാസങ്ങൾക്കകം ക്ഷേത്രക്കുളത്തിന്റെ സംരക്ഷണ ഭിത്തി തകർന്നു. അണ്ടൂർക്കോണം പഞ്ചായത്തിലെ കീഴാവൂർ വാർഡിലെ ക്ഷേത്രക്കുളത്തിന്റെ സംരക്ഷണ ഭിത്തിയാണ് ഇടിഞ്ഞത്. സംരക്ഷണ ഭിത്തി നിർമിക്കാൻ ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 22 ലക്ഷം രൂപയാണ് അനുവദിച്ചിരുന്നത്. എന്നാൽ അശാസ്‌ത്രീയമായാണ് നിർമാണം നടത്തിയതെന്ന് നേരത്തേ ആക്ഷേപമുയർന്നിരുന്നു. പഴയ കരിങ്കല്ലും കമ്പികളും ഇന്റർലോക്ക് കട്ടകളും ഉപയോഗിച്ചാണ് നിർമാണം ആരംഭിച്ചത്. മുന്പ് ഉണ്ടായിരുന്ന ഭിത്തിയുടെ അടിത്തറ മാറ്റാതെയാണ് പുതിയ നിർമാണം നടത്തിയതെന്നും നാട്ടുകാർ ആരോപിക്കുന്നു. എതിർപ്പുകൾ അവഗണിച്ച് നിർമാണം വേഗത്തിൽ പൂർത്തിയാക്കുകയായിരുന്നുവെന്നും ആരോപണമുണ്ട്. നിർമാണത്തിലെ അശാസ്ത്രീയതയും ഗുണനിലവാരം കുറഞ്ഞ സാമഗ്രികളുടെ ഉപയോഗവും സംബന്ധിച്ച് മുൻ പഞ്ചായത്ത് ഭരണസമിതിയും നാട്ടുകാരും വിമർശമുന്നയിച്ചിരുന്നതായി പ്രദേശവാസികൾ പറയുന്നു. തുടർച്ചയായി മഴ പെയ്തതോടെ ഇന്റർലോക്കിലൂടെ വെള്ളം അടിത്തറയിലേക്ക് ഇറങ്ങിയതാണ് ഭിത്തി തകർന്നുവീഴാൻ കാരണം. നിർമാണ കരാർ ബിജെപി അനുഭാവിക്ക് നൽകിയതിലും ദുരൂഹതയുണ്ടെന്ന് നാട്ടുകാർ ആരോപിച്ചു. സംഭവത്തിൽ വിശദമായ പരിശോധന നടത്തി ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.







0 comments