സംസ്ഥാനത്ത് മഴ കനക്കുന്നു; എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്, മത്സ്യബന്ധനത്തിന് വിലക്ക്

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ശക്തമാകുന്നു. വിവിധ ജില്ലകളിൽ വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെത്തുടർന്ന് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു.
ഇന്ന് സംസ്ഥാനത്തെ എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, തൃശൂർ, എറണാകുളം, ആലപ്പുഴ എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട് നിലനിൽക്കുന്നത്.
ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ നാളെയും (ജൂൺ 23) ജാഗ്രത തുടരുന്നുണ്ട്. കാസർഗോഡ്, കണ്ണൂർ ജില്ലകളിലാണ് നാളെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ, ജൂൺ 25-ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.
24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
മോശം കാലാവസ്ഥ കണക്കിലെടുത്ത് കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. തീരദേശവാസികളും മലയോര മേഖലയിലുള്ളവരും ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.









0 comments