ചെന്നൈയിൽ ഒരു മണിക്കൂറിൽ 100 മില്ലിമീറ്ററിലധികം മഴ; തമിഴ്നാട്ടിൽ മഴ തുടരും

പ്രതീകാത്മക ചിത്രം
ചെന്നൈ: ചെന്നൈയിൽ കനത്ത മഴ. ശനിയാഴ്ച വൈകിട്ട് നഗരത്തിന്റെ വടക്കൻ മേഖലകളിൽ ഒരു മണിക്കൂറിനുള്ളിൽ 100 മില്ലിമീറ്ററിലധികം മഴ രേഖപ്പെടുത്തി. കനത്ത മഴയെ തുടർന്ന് നഗരത്തിൽ വെള്ളക്കെട്ട് രൂപപ്പെടാനുള്ള ആശങ്ക ഉയർന്നിട്ടുണ്ട്.
വൈകിട്ട് 5.30 മുതൽ 6.30 വരെ കാരയ്ക്കൽ നഗറിൽ 109.20 മില്ലിമീറ്ററും സാത്താങ്കാടിൽ 106.80 മില്ലിമീറ്ററും തിരുവള്ളൂർ ജില്ലയിലെ മാപ്പേടിൽ 100.80 മില്ലിമീറ്ററും മഴ ലഭിച്ചു. വൈകിട്ട് 7.30 വരെയുള്ള കണക്കനുസരിച്ച് പാരീസിലാണ് ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത് — 175 മില്ലിമീറ്റർ. സാത്താങ്കാടിൽ 140 മില്ലിമീറ്ററും കാരയ്ക്കൽ നഗറിൽ 121 മില്ലിമീറ്ററും മഴ ലഭിച്ചു.
ഒക്ടോബർ 26 വരെ തമിഴ്നാട്ടിൽ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ചെന്നൈ പ്രാദേശിക കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഒക്ടോബർ 20ന് നീലഗിരി, കോയമ്പത്തൂർ, തേനി, ദിണ്ടിഗൽ, തെങ്കാശി, തിരുനെൽവേലി, കന്യാകുമാരി ഉൾപ്പെടെയുള്ള ജില്ലകളിൽ ഇടിമിന്നലോടുകൂടിയ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. മധുര, സേലം, ഈറോഡ്, തിരുച്ചിറപ്പള്ളി, തൂത്തുക്കുടി തുടങ്ങിയ ജില്ലകളിലും ശക്തമായ മഴ ലഭിച്ചേക്കും.
പശ്ചിമഘട്ട മേഖലകളിലും തെക്കൻ തമിഴ്നാട്ടിലെ ജില്ലകളിലും വടക്കൻ തീരദേശ മേഖലകളെ അപേക്ഷിച്ച് കൂടുതൽ മഴ ലഭിക്കാനാണ് സാധ്യതയെന്ന് കാലാവസ്ഥാ വിദഗ്ധൻ വി ആർ ദുരൈ പറഞ്ഞു.
ഒക്ടോബർ അവസാനത്തോടെ ഒഡിഷ തീരം മുറിച്ചുകടക്കുന്ന കാലാവസ്ഥാ സംവിധാനം തമിഴ്നാട്ടിലെ തീരപ്രദേശങ്ങളിൽ വീണ്ടും മഴ ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ചെന്നൈയിൽ പരമാവധി താപനില 33 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 24 ഡിഗ്രി സെൽഷ്യസുമായിരിക്കുമെന്നാണ് പ്രവചനം.








0 comments