വൈദ്യുത നിലയത്തിലെ ചിമ്മിനി തകർന്നുവീണു; നാല് തൊഴിലാളികൾ മരിച്ചു

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ അസൻസോളിൽ വൈദ്യുത നിലയത്തിലെ നിർമാണത്തിലിരുന്ന ചിമ്മിനിയുടെ ഒരു ഭാഗം തകർന്നുവീണ് നാല് തൊഴിലാളികൾ മരിച്ചു. പശ്ചിമ ബർധമാൻ ജില്ലയിലെ ജമുരിയയിൽ ശനിയാഴ്ച വൈകിട്ടായിരുന്നു അപകടം. ശ്യാം സെൽ ആൻഡ് പവർ ലിമിറ്റഡിന്റെ വൈദ്യുത നിലയത്തിലാണ് അപകടമുണ്ടായത്.
ചിമ്മിനിയുടെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെ ഒരു ഭാഗം അപ്രതീക്ഷിതമായി തകർന്നുവീഴുകയായിരുന്നു. നിരവധി തൊഴിലാളികൾ ഈ സമയം സ്ഥലത്തുണ്ടായിരുന്നു. ചിമ്മിനി തകരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ചില തൊഴിലാളികൾ ഓടിരക്ഷപ്പെട്ടു. എന്നാൽ നാലുപേർ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങുകയായിരുന്നു.
രക്ഷാപ്രവർത്തകർ നാലുപേരെയും പുറത്തെടുത്തെങ്കിലും മൂന്നുപേർ നേരത്തെ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ നാലാമനെ ആശുപത്രിയിലെത്തിച്ച് വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് ജമുരിയ എംഎൽഎ ബിജൻ മുഖർജി അറിയിച്ചു.








0 comments