Deshabhimani

മധ്യപ്രദേശിൽ ക്ഷേത്രത്തിന് സമീപം ഭക്തർക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 12 മരണം

mp accident
വെബ് ഡെസ്ക്

Published on Oct 18, 2026, 07:57 AM | 1 min read

ഗ്വാളിയോർ: മധ്യപ്രദേശിലെ ഗ്വാളിയോറിൽ ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന ഭക്തർക്കിടയിലേക്ക് നിയന്ത്രണം വിട്ട ട്രക്ക് പാഞ്ഞുകയറി 12 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രി വൈകി ഷീതള മാതാ ക്ഷേത്രത്തിന് സമീപമാണ് അപകടം. പൊലീസ് ബാരിക്കേഡുകൾ തകർത്തെത്തിയ ട്രക്ക് ക്ഷേത്രത്തിന്റെ പുറംമതിലിലും ഗേറ്റിലും ഇടിച്ചാണ് നിന്നത്.


ഞായറാഴ്ച പുലർച്ചെ 1.30 ഓടെയായിരുന്നു അപകടമെന്ന് ഗ്വാളിയോർ പൊലീസ് അറിയിച്ചു. ചിനോർ ഭാഗത്തുനിന്ന് നെല്ല് കയറ്റിവന്ന ട്രക്ക് കുത്തനെയുള്ള ഇറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട് റോഡിലുണ്ടായിരുന്ന ഭക്തർക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ഭാരവാഹനങ്ങൾക്ക് നിയന്ത്രണമുള്ള പാതയിലാണ് അപകടമുണ്ടായത്.



39 പേർ ആശുപത്രിയിൽ


അപകടത്തെത്തുടർന്ന് 39 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു. ഇവരിൽ 12 പേർ മരിച്ചു. അഞ്ചോ ആറോ പേരുടെ നില ഗുരുതരമാണ്. മറ്റുള്ളവർക്ക് നിസ്സാര പരിക്കുകളാണുള്ളത്. ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്.


അപകടവിവരം ലഭിച്ചയുടൻ ആംബുലൻസുകളും മറ്റ് വാഹനങ്ങളും സ്ഥലത്തെത്തിച്ച് രക്ഷാപ്രവർത്തനം നടത്തിയതായി ഗ്വാളിയോർ ജില്ലാ കലക്ടർ രുചിക ചൗഹാൻ പറഞ്ഞു. പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിനായി സിടി സ്കാൻ, എക്സ്‌റേ പരിശോധനകൾ നടത്തിവരികയാണെന്നും അവർ വ്യക്തമാക്കി.



ബാരിക്കേഡുകൾ മറികടന്നത് എങ്ങനെ?


നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി റോഡിൽ ബാരിക്കേഡുകളും പൊലീസ് പരിശോധനാ കേന്ദ്രവും സ്ഥാപിച്ചിരുന്നു. എന്നിട്ടും ട്രക്ക് എങ്ങനെ നിയന്ത്രണങ്ങൾ മറികടന്ന് ക്ഷേത്രത്തിന് സമീപമെത്തിയെന്ന കാര്യത്തിൽ അന്വേഷണം ആരംഭിച്ചു. വാഹനത്തിന്റെ സാങ്കേതിക തകരാറുകൾ പരിശോധിക്കാൻ ആർടിഒ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.


ട്രക്ക് അമിതഭാരം കയറ്റിയിരുന്നതായും പെട്ടെന്ന് നിയന്ത്രണം നഷ്ടപ്പെട്ട് കടകൾക്കും ആളുകൾക്കുമിടയിലേക്ക് പാഞ്ഞുകയറിയതായും ദൃക്സാക്ഷി പറഞ്ഞു. അപകടത്തിൽ തന്റെ സഹോദരനും പരിക്കേറ്റതായി അദ്ദേഹം വ്യക്തമാക്കി. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ട്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home