Deshabhimani

പുനലൂർ ഉറുകുന്നിൽ പുലിയിറങ്ങി; വളർത്തു പൂച്ചയെ പിടിച്ചുകൊണ്ടുപോയി

leopard attack kollam

വളത്തു പൂച്ചയെ പുലി പിടിച്ചു കൊണ്ടുപോകുന്ന സിസിടിവി ദൃശ്യം

വെബ് ഡെസ്ക്

Published on Oct 18, 2026, 07:26 AM | 2 min read

​പുനലൂർ : ഉറുകുന്നിൽ വീട്ടുമുറ്റത്ത്‌ പുലിയിറങ്ങി. ഉറുകുന്ന് നേതാജി ആലുംതടത്തിൽ ഭാഗത്ത് കുന്നിൽ പുത്തൻവീട്ടിൽ ജി ബാബുവിന്റെ പൂച്ചയെ കാറിന്‌ മുകളിൽനിന്നും പിടിച്ചുകൊണ്ടുപോയി. വെള്ളി രാത്രി പത്തിനാണ് സംഭവം. ശബ്ദംകേട്ട് വീട്ടിലുണ്ടായിരുന്നവർ ലൈറ്റിട്ട് നോക്കിയപ്പോൾ എന്തോ ജീവി ഓടിപ്പോകുന്നതായി കണ്ടു. അടുത്തവീട്ടിലെ സിസിടിവി കാമറ പരിശോധിച്ചപ്പോഴാണ്‌ പുലിയാണെന്ന്‌ കണ്ടത്‌. മൂന്നുദിവസം മുമ്പ് നേതാജി പാറവിളവിള വീട്ടിൽ നജീബിന്റെ ആടിനെ കാണാതായിരുന്നു. പുലിയെ കണ്ടതോടെ വീട്ടുകാരും പ്രദേശവാസികളും ആശങ്കയിലാണ്. അടുത്തിടെ ഉറുകുന്നിലെ പരിസരപ്രദേശങ്ങളിൽനിന്ന്‌ വളർത്തുനായകളെ കാണാതാകുന്ന സംഭവങ്ങളും പതിവായിരുന്നു.


​കഴിഞ്ഞമാസം തെന്മല പത്തേക്കറിൽ പുലിയിറങ്ങി ആടിനെ കൊന്നിരുന്നു. കൂടാതെ, ദേശീയപാതയിൽ പത്തേക്കറിൽ ബൈക്ക് യാത്രികനായ ബിനു പുലിയുടെ മുന്നിൽ അകപ്പെട്ടിരുന്നു. തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ജനവാസ മേഖലകളിൽ വന്യമൃഗങ്ങൾ ഇറങ്ങുന്നത്‌ ഒഴിവാക്കാൻ വനംവകുപ്പ് അധികൃതർ അടിയന്തര പരിശോധന നടത്തണമെന്നും കൂട്‌ സ്ഥാപിച്ച്‌ പുലിയെ പിടികൂടണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. വനപാലകർ സ്ഥലത്തെത്തി നിരീക്ഷണ കാമറ സ്ഥാപിച്ചു.


ആക്രമണം പതിവായിട്ടും നടപടിയില്ലാതെ വനംവകുപ്പ്


തെന്മല പഞ്ചായത്തിലെ ജനവാസ മേഖലകളിൽ പുലിയുടെ സാന്നിധ്യം നിത്യസംഭവമായി മാറിയിട്ടും വനംവകുപ്പ് അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര നടപടികളൊന്നുമില്ലെന്ന് ആക്ഷേപം. പ്രദേശത്ത് പുലിയിറങ്ങി വളർത്തുമൃഗങ്ങളെ പിടികൂടുന്നത് പതിവായിരിക്കുകയാണ് സംരക്ഷണം നൽകാൻ അധികൃതർ തയ്യാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.


​കഴിഞ്ഞമാസം പത്തേക്കർ പ്രദേശത്ത് പുലിയിറങ്ങി വളർത്തുആടിനെ പിടികൂടിയിരുന്നു. തിരക്കേറിയ ദേശീയപാതയിൽ ഉൾപ്പെടെ സന്ധ്യാസമയങ്ങളിൽ പുലിയെ കണ്ടതായി നിരവധി യാത്രികരും പ്രദേശവാസികളും പറയുന്നു. കഴിഞ്ഞദിവസം രാത്രി പത്തുമണിയോടെ ഉറുകുന്ന് നേതാജി മേഖലയിൽ വീണ്ടും പുലിയിറങ്ങിയത് ആശങ്ക ഇരട്ടിപ്പിച്ചിരിക്കുന്നത്. കുട്ടികൾ ഉൾപ്പെടെ പുറത്തുനിന്ന് കളിച്ചുകൊണ്ടിരുന്ന സമയത്താണ് ഈ ഗുരുതരമായ സംഭവം നടന്നത്. കുട്ടികളെ അകത്തേക്ക് വിളിച്ചുകയറ്റിയ ഉടനെയാണ് പുലിയെ ഈ പ്രദേശത്ത് കണ്ടത് എന്നത് വന്യജീവി ഭീഷണിയുടെ ഭീകരത വ്യക്തമാക്കുന്നു.


​പ്രദേശത്തുനിന്ന് നിരവധി വളർത്തുമൃഗങ്ങളെയാണ് ഇതിനകം കാണാതായിട്ടുള്ളത്. ക്യാമറകളിൽ ദൃശ്യങ്ങൾ പതിയുന്ന ഒന്നോ രണ്ടോ സംഭവങ്ങളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതുമാത്രമാണ് വനംവകുപ്പ് ചെയ്യുന്നത്. തുടർനടപടികൾ ഉണ്ടാകാറില്ല.

മറ്റ് വന്യജീവികളുടെ ആക്രമണങ്ങൾക്കൊപ്പം പുലിയുടെ സാന്നിധ്യംകൂടി കൂടിയതോടെ ഭീതിയുടെ നിഴലിലാണ് നാട്ടുകാർ കഴിയുന്നത്. ജനവാസ മേഖലയിലെ പുലിയുടെ സാന്നിധ്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും അടിയന്തരമായി കൂട് സ്ഥാപിക്കാനും വനംവകുപ്പ് അധികൃതർ തയ്യാറാകണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home