ലഖ്നൗവിലെ കോച്ചിങ് സെന്ററിൽ തീപിടിത്തം: 14 മരണം

Photo Credit: ANI
ലഖ്നൗ : ഉത്തർപ്രദേശിലെ കോച്ചിങ് സെന്ററിലുണ്ടായ വൻ തീപിടിത്തത്തിൽ 14 മരണം. ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പതക് ഇത് സ്ഥിരീകരിച്ചു. ലഖ്നൗവിലെ അലിഗഞ്ച് പ്രദേശത്തുള്ള കോച്ചിങ്ങ് സെന്ററിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് വൈകുന്നേരം 3ഓടെയായിരുന്നു അപകടം. താഴത്തെ നിലയിൽ അരുമ മൃഗങ്ങളെ വിൽക്കുന്ന കടയും, മുകളിലത്തെ നിലകളിൽ ആനിമേഷൻ-ഗെയിമിംഗ് കേന്ദ്രവും പ്രവർത്തിച്ചിരുന്ന മൂന്ന് നില കെട്ടിടത്തിലാണ് തീ പടർന്നത്. നിരവധി പേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങിയിരുന്നു. വിവരം ലഭിച്ച ഉടനെ അഗ്നിശമനാസേനാംഗങ്ങളും പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.
തീപിത്തത്തെ തുടർന്ന് കനത്ത പുക ഉയരുകയും പരിസരത്തെ താമസക്കാർക്കും ആളുകൾക്കും ഇടയിൽ പരിഭ്രാന്തി പരത്തുകയും ചെയ്തു. കോച്ചിങ്ങ് സെന്ററിനുള്ളിൽ തീയും പുകയും പടർന്നതോടെ ചില വിദ്യാർഥികൾ കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് ചാടി. അതേസമയം, താഴത്തെ നിലയിലെ പെറ്റ് ഷോപ്പിൽ കുടുങ്ങിയ മൃഗങ്ങളെ രക്ഷപ്പെടുത്തി. അഗ്നിശമന സേനാംഗങ്ങൾ, പോലീസ്, എൻഡിആർഎഫ്, എസ്ഡിആർഎഫ്, സിവിൽ ഡിഫൻസ് ടീമുകൾ എന്നിവർ ചേർന്നാണ് മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനം നടത്തിയത്. 14 ഫയർ ടെൻഡറുകൾ ഇതിനായി വിന്യസിച്ചു.
തീപിടുത്തത്തിന്റെ കൃത്യമായ കാരണം വ്യക്തമല്ല. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു. ഡിജിപിയും അഡീഷണൽ ചീഫ് സെക്രട്ടറിയും തീപിടിത്തെക്കുറിച്ച് അന്വേഷിക്കും. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം വീതവും പരിക്കേറ്റവർക്ക് 50,000 വീതവും ധനസഹായം പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചു.










0 comments