'റോഡിലൂടെ പോയാൽ മതി'; ബൈക്ക് യാത്രക്കാരെ പാഠം പഠിപ്പിച്ച് മൂന്ന് യുവതികൾ, കൈയടിച്ച് സോഷ്യൽ മീഡിയ

തിരക്കേറിയ റോഡിലെ ഗതാഗതക്കുരുക്കിൽനിന്ന് രക്ഷപ്പെടാൻ കാൽനടയാത്രക്കാരെ പരിഗണിക്കാതെ ഫുട്പാത്തിലൂടെ ബൈക്കോടിച്ചെത്തിയവർക്ക് മുന്നിൽ വഴിമാറാതെ മൂന്ന് യുവതികൾ. ഫുട്പാത്തിലൂടെ ഒരു നിയന്ത്രണവുമില്ലാതെ വേഗത്തിൽ പോകാൻ തിടുക്കം കാട്ടിയവർക്കാണ് യുവതികൾ പണി കൊടുത്തത്. പിന്നാലെ വന്ന ബൈക്കുകൾ എത്ര ഹോണടിച്ചിട്ടും ഒട്ടും കുലുങ്ങാതെ നടന്നുനീങ്ങിയ യുവതികൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ കൈയടി നേടുകയാണ്. റോഡിൽ നിറയെ വണ്ടികളുണ്ടെന്നിരിക്കെ ഫുട്പാത്തിലും വണ്ടികളായാൽ കാൽനടയാത്രക്കാർ എവിടേക്ക് മാറിനിൽക്കുമെന്ന ചോദ്യമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. കാൽനടയാത്രക്കാർക്കുള്ള വഴിയിലൂടെ ബൈക്കുമായി എത്തിയവരെ യുവതികൾ നേരിട്ട രീതിയും ചർച്ചയായിരിക്കുകയാണ്.
മരങ്ങൾ നിറഞ്ഞ ഫുട്പാത്തിലൂടെ മൂന്ന് യുവതികൾ നടന്നുപോകുന്നതാണ് വീഡിയോയുടെ തുടക്കം. പിന്നാലെ നിരവധി ബൈക്കുകളെത്തുന്നു. യുവതികൾ വഴിമാറുന്നതിനായി ബൈക്ക് യാത്രക്കാർ തുടർച്ചയായി ഹോണടിക്കുന്നുണ്ട്. എന്നാൽ അതൊന്നും കാര്യമാക്കാതെ മൂന്നുപേരും നടന്നുനീങ്ങി. റോഡിൽ നിറയെ വണ്ടികളായതിനാൽ മാറിനിൽക്കാനുള്ള സാഹചര്യവും ഉണ്ടായിരുന്നില്ല. എന്നാൽ ഇത് വകവെക്കാതെ ബൈക്ക് യാത്രികർ തുടർച്ചയായി ഹോണടിച്ച് ശല്യം ചെയ്യുന്നതും കാണാം.
യുവതികളുടെ പ്രതികരണമാണ് വീഡിയോയെ ശ്രദ്ധേയമാക്കിയത്. വഴിമാറാൻ ആവശ്യപ്പെട്ട് ബൈക്ക് യാത്രക്കാർ തുടർച്ചയായി ഹോണടിച്ചിട്ടും യുവതികൾ തിരിഞ്ഞുനോക്കുകയോ തർക്കിക്കുകയോ ചെയ്തില്ല. സ്വന്തം വഴിയിലൂടെ സാധാരണപോലെ നടന്നുനീങ്ങുകയായിരുന്നു. 'ബൈക്ക് യാത്രക്കാരെ തക്കതായ പാഠം പഠിപ്പിച്ച് മൂന്ന് യുവതികള്‍' എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചത്.
യുവതികളെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. 'നല്ല കാര്യം. ഇത്തരത്തിൽ ബൈക്കോടിക്കുന്നവർക്ക് നാണം വേണം' എന്നായിരുന്നു ഒരാളുടെ പ്രതികരണം. ഫുട്പാത്തിലൂടെ ബൈക്കോടിക്കുകയും അതിലൂടെ നടക്കുന്നവരോട് ഹോണടിച്ച് വഴിമാറാൻ ആവശ്യപ്പെടുകയും ചെയ്യുന്നത് എന്ത് ധൈര്യത്തിലാണെന്നും മറ്റൊരാൾ ചോദിച്ചു.
എന്നാൽ ഈ സംഭവമൊന്നും ബൈക്ക് യാത്രക്കാരുടെ ശീലം മാറ്റില്ലെന്ന അഭിപ്രായവും ചിലർ പങ്കുവച്ചു. ഇന്ന് വഴിമാറാതെ നിന്നതുകൊണ്ട് നാളെ ഇവർ ഫുട്പാത്തിലൂടെ ബൈക്കോടിക്കുന്നത് അവസാനിപ്പിക്കുമെന്ന് കരുതാനാകില്ലെന്നാണ് ഒരാളുടെ പ്രതികരണം. സമയം ലാഭിക്കാനായി കാൽനടയാത്രക്കാരുടെ വഴി കൈയേറുന്ന പ്രവണത അവസാനിപ്പിക്കാൻ കർശന നടപടി വേണമെന്നും പലരും ആവശ്യപ്പെട്ടു.
സമാനമായ മറ്റൊരു വീഡിയോ നേരത്തെ ജയ്പുരിൽനിന്നും പുറത്തുവന്നിരുന്നു. ഫുട്പാത്തിലൂടെ നടന്നുപോയ മൂന്ന് യുവാക്കളോട് വഴിമാറാനാവശ്യപ്പെട്ട്, പിന്നാലെയെത്തിയ ബൈക്ക് യാത്രക്കാർ തുടർച്ചയായി ഹോണടിച്ചെങ്കിലും അവർ മാറിയില്ല. ബൈക്ക് യാത്രക്കാരെ കാര്യമാക്കാതെ നടന്നുനീങ്ങിയ യുവാക്കളെ സമീപത്തുണ്ടായിരുന്ന ഒരാൾ അഭിനന്ദിക്കുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു.









0 comments