സകല വർഗീയശക്തികളും ഒന്നിച്ചിട്ടും തോൽപ്പിക്കാനായില്ല; എകെജിയുടെ 57ലെ ഐതിഹാസിക വിജയം

എ കെ ജി (ഇടത്), ജനയുഗം വാർത്തകൾ (വലത്)
ആർഎസ്എസുമായി തെരഞ്ഞെടുപ്പുകളിൽ സഹകരിച്ചിട്ടുള്ള കോൺഗ്രസിന്റെ ചരിത്രം കുപ്രസിദ്ധമാണ്. 1991ൽ രൂപംകൊണ്ട കോ–ലീ–ബി സഖ്യം കോൺഗ്രസ്– മുസ്ലിംലീഗ് നേതാക്കൾക്ക് നിഷേധിക്കാൻ കഴിയില്ല. അതിന് മുൻപായി 1960ൽ ഇ എം എസിനെതിരെ പട്ടാമ്പിയിലും 1971 ൽ എ കെ ജിക്കെതിരെ പാലക്കാട്ടും കോൺഗ്രസും ജനസംഘവും ഒരുമിച്ച് മത്സരിച്ചിട്ടുണ്ട്. ഏന്നാൽ ഏറെ ചർച്ച ചെയ്യപ്പെടാത്ത മറ്റൊരു തെരഞ്ഞെടുപ്പായിരുന്നു 1957ൽ കാസർകോട് ലോക്സഭാ മണ്ഡലത്തിലേത്. പാവങ്ങളുടെ പടത്തലവൻ എ കെ ഗോപാലനെതിരെ സകല വർഗീയ ശക്തികളെയും കൂട്ടുപിടിച്ച കോൺഗ്രസിന്റെ ചരിത്രം തുറന്നുകാട്ടുകയാണ് മുതിർന്ന മാധ്യമപ്രവർത്തകൻ ബൈജു ചന്ദ്രൻ.
ഡോ. ബി അച്ചുത ഷേണായി ആയിരുന്നു അന്ന് കോൺഗ്രസിന്റെ സ്വതന്ത്ര സ്ഥാനാർഥി. മഹാത്മാ ഗാന്ധി മരിച്ച ദിവസം മധുരപലഹാരങ്ങൾ വിതരണം ചെയ്യുകയും, ആർഎസ്എസ് ആചാര്യൻ ഗോൾവാൾക്കർ കാസർകോട് സന്ദർശിച്ചപ്പോൾ മാലയിട്ടു സ്വീകരിച്ച് പൊതുയോഗത്തിൽ അധ്യക്ഷത വഹിക്കുകയും ചെയ്ത ആളാണ് അച്ചുത ഷേണായി. ആർഎസ്എസുമായി ഇത്രയേറെ അടുപ്പമുള്ള ആളെ കോൺഗ്രസ് സ്ഥാനാർഥിയാക്കിയത് എ കെ ജിയെ എങ്ങനെയും തോൽപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു. കടുത്ത കുപ്രചാരണങ്ങളും എ കെ ജിക്കെതിരെ നടത്തി എന്നാൽ, കോൺഗ്രസ് - ആർ എസ് എസ് - പി എസ് പി - മുസ്ലിം ലീഗ് സഖ്യത്തിന്റെ പ്രതീക്ഷകൾ തെറ്റിച്ചു കൊണ്ട് മഞ്ചേശ്വരത്തും കാസർകോടും അറുപത് ശതമാനം വോട്ടും എ കെ ജി നേടി. ഡോ. ഷേണായ് യുടെ സ്വന്തം ഗ്രാമത്തിൽപ്പോലും എ കെ ജിക്കായിരുന്നു ഭൂരിപക്ഷം. എല്ലാ വർഗീയകക്ഷികളെയും ഒപ്പംകൂട്ടിയ കോൺഗ്രസിനെ, ബഹുജനങ്ങളെ അണിനിരത്തി ചിട്ടയായ സംഘടനാ പ്രവർത്തനത്തിലൂടെയാണ് കമ്യൂണിസ്റ്റ് പാർടി നേരിട്ടതെന്ന് പഴയ പത്രവാർത്തകൾ സഹിതം വിശദീകരിക്കുകയാണ് ബൈജു ചന്ദ്രൻ ഫേസ്ബുക്ക് കുറിപ്പിലൂടെ.
ബൈജു ചന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം
1. ഗാന്ധിജി മരിച്ച ദിവസം മധുരപലഹാരങ്ങൾ വിതരണം ചെയ്തു.
2. ഗുരുജി ഗോൾവാൾക്കർ കാസർഗോഡ് സന്ദർശിച്ചപ്പോൾ മാലയിട്ടു സ്വീകരിച്ചു. പൊതുയോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.
3. ഗോവധ നിരോധനത്തിനെതിരായി ഊർജ്ജിതമായി പ്രവർത്തിക്കുന്നു. ഇക്കാര്യത്തിൽ നെഹ്‌റുവുമായി വലിയ അഭിപ്രായ വ്യത്യാസത്തിലുമാണ്. കൂടാതെ ഗോവധത്തെ എതിർക്കാനുള്ള ആർ എസ് എസ് ആഹ്വാനപ്രകാരം തന്റെ പശുക്കളെയും കാളകളെയും അഴിച്ചുവിട്ട് റോഡിൽ കൂടി ഗംഭീരമായൊരു പ്രകടനം നടത്തി.
4. ചന്ദ്രഗിരിപ്പുഴക്ക് വടക്കുവശമുള്ള കേരളാ പ്രദേശം കർണ്ണാടക പ്രദേശത്തോട് ചേർക്കുന്നതിന് താൻ ആത്മാർത്ഥമായി ശ്രമിക്കുമെന്ന് കാസർഗോഡിലുള്ള കർണ്ണാടകക്കാർക്ക് ഉറപ്പുനൽകിക്കൊണ്ട് കർണ്ണാടക ഭാഷയിൽ പ്രസ്താവനയിറക്കുകയും, മലയാളികളുടെ താല്പര്യം സംരക്ഷിക്കാൻ ആ പ്രദേശം കേരളത്തിൽ നിലനിറുത്താൻ പരമാവധി പരിശ്രമിക്കുമെന്ന് മലയാളത്തിൽ മറ്റൊരു പ്രസ്താവനയിറക്കുകയും ചെയ്തു ."
1957 ൽ പുതുതായി രൂപം കൊണ്ട കാസർഗോഡ് ലോക്‌സഭാ മണ്ഡലത്തിൽ, ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരത്തിനിറങ്ങിയ
ഡോ. ബി അച്ചുത ഷേണായിയുടെ ഗുണ ഗണങ്ങളാണ് മുകളിൽ വിവരിച്ചിരിക്കുന്നത്. അദ്ദേഹത്തിൻ്റെ എതിർസ്ഥാനാർത്ഥിയുടെ പേര് കേരളത്തിന് മാത്രമല്ല ഇന്ത്യക്ക് മുഴുവൻ അന്ന് സുപരിചിതമായിരുന്നു . ഒന്നാം ലോക്സഭയിലെ പ്രതിപക്ഷ നേതാവ് എ കെ ഗോപാലൻ. വിപ്ലവത്തിന്റെ രക്തനക്ഷത്രമായ സഖാവ് എ കെ ജി.
കോൺഗ്രസ്സ് - ആർ എസ് എസ് ബാന്ധവത്തിന്റെ ചരിത്രം ചികഞ്ഞു പോകുന്നവരെല്ലാം തുടങ്ങുന്നത് 1960 ലെ പട്ടാമ്പി നിയമസഭാ തിരഞ്ഞെടുപ്പിലാണ്. അന്ന് ഇ എം എസിനെ തോൽപ്പിക്കാൻ വേണ്ടി സ്വന്തം നോമിനേഷൻ പിൻവലിച്ച് കോൺഗ്രസ്സിന്റെ സ്ഥാനാർത്ഥിക്ക് പിന്തുണ നൽകിയ ജനസംഘത്തിന്റെ കഥ ഈ ഇടത്തിലും എഴുതിയിരുന്നല്ലോ. എന്നാൽ അങ്ങനെയാരും പറഞ്ഞു കേൾക്കാത്ത ചരിത്രമാണ് 1957ൽ കാസർഗോഡ് ലോക്സഭ മണ്ഡലത്തിൽ നടന്നത്. ഹിന്ദു വർഗ്ഗീയതയും മുസ്ലീം വർഗ്ഗീയതയും കോൺഗ്രസ്സ് സോഷ്യലിസവും
പി എസ് പി സോഷ്യലിസവുമെല്ലാം തമ്മിൽ കെട്ടിപ്പുണരുന്ന കാഴ്ചയാണ് അന്ന് ജനങ്ങൾ കണ്ടത്.
കോൺഗ്രസ്സും പി എസ് പിയും മുസ്ലീം ലീഗും ആർ എസ് എസ്സും പരസ്യമായി ഒരു സഖ്യമുണ്ടാക്കി. 1952 ലെ ലോക്സഭയിൽ പ്രതിപക്ഷ നേതാവായിരുന്ന എ കെ ജിയെ എങ്ങനെയും പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കോൺഗ്രസ്സ് പല പരിപാടികളും ആസൂത്രണം ചെയ്തു.
ബദിയടുക്ക സ്വദേശിയായ ബി അച്ചുത ഷേണായ് എന്ന എൽ എൽ എം ഡോക്ടർ ഹോസ് ദുർഗ്ഗ് മണ്ഡലം കോൺഗ്രസ്സിന്റെ പ്രസിഡന്റും കർണ്ണാടക സംസ്ഥാന കോൺഗ്രസ്സ് കമ്മിറ്റി അംഗവുമായിരുന്നു. കോൺഗ്രസ്സ് അദ്ദേഹത്തെ സ്വതന്ത്ര സ്ഥാനാർത്ഥി ആയിട്ടാണ് നിറുത്തിയത്. അതിനു കാരണം ഷേണായിയുടെ ആർ എസ് എസ് ബന്ധമായിരുന്നു. നേരത്തെ പറഞ്ഞതുപോലെ ഹിന്ദു മഹാസഭ നേതാക്കളെ സ്വീകരിക്കാനും ഗോൾവാൾക്കർക്ക് പണക്കിഴി കൊടുക്കാനും ഗോവധ നിരോധന ദിവസം സ്വന്തം വീട്ടിലെ പശുക്കളുടെ നെറ്റിയിൽ ചന്ദനക്കുറിയിട്ടു കൊടുത്ത് അണിനിരത്തിയ ആർ എസ് എസ് ഘോഷയാത്രയുടെ മുന്നിൽ നടക്കാനുമൊക്കെ ഏറെ ഉത്സാഹം കാണിച്ച കോൺഗ്രസ്സ് നേതാവായിരുന്നു ഷേണായ്. കർണ്ണാടക ഭൂരിപക്ഷമുള്ള മഞ്ചേശ്വരം, കാസർഗോഡ് അസംബ്ലി നിയോജക മണ്ഡലങ്ങളിലെ 1,20000 വോട്ടുകളും മുസ്ലീം ലീഗ് വഴി 63000 മുസ്ലീം വോട്ടുകളും കോൺഗ്രസ് ഡോ. ഷേണായ്ക്ക് ഉറപ്പുവരുത്തി. കോൺഗ്രസിൻ്റെ ഏറ്റവും വലിയ രാഷ്ട്രീയ ശത്രുവായ പി എസ് പി ഷേണായ്ക്കുവേണ്ടി സജീവമായി പ്രവർത്തിച്ചു.
പി എസ് പി നേതാവായ എം പി ഗോവിന്ദ മേനോൻ കാഞ്ഞങ്ങാട്ട് വന്നു പ്രസംഗിച്ചു :
" എ കെ ഗോപാലന് അഞ്ചു കൊല്ലത്തെ വിശ്രമം കൊടുക്കാൻ ഞങ്ങൾ തീരുമാനിച്ചിരിക്കുകയാണ്."
ഫാദർ ജോസഫ് വടക്കൻ നയിച്ച കമ്മ്യൂണിസ്റ്റ് വിരുദ്ധ മുന്നണിയുടെ കാലാൾപ്പടയിൽപ്പെട്ട പള്ളീലച്ചന്മാരാണ് കുടിയേറ്റക്കാരുടെ വോട്ടു പിടിക്കാനിറങ്ങിയത്. "എ കെ ഗോപാലൻ തോറ്റു കഴിഞ്ഞു" എന്ന് പോളിംഗിന്റെ കുറേ ദിവസങ്ങൾക്കു മുമ്പ് തന്നെ വലിയ പ്രചാരണം നടന്നു.
അതുകൊണ്ടൊന്നും വിജയിക്കാൻ സാധ്യതയില്ലെന്ന് കണ്ടപ്പോൾ കോൺഗ്രസ്സ് കർണ്ണാടക പരിഷത്തുകാരുമായി ഒരു ഗൂഢാലോചന നടത്തി....
കേരള സംസ്ഥാനത്തെ ഭാഷാ ന്യൂനപക്ഷമായിരുന്നു അന്ന് കർണ്ണാടകക്കാർ. ചന്ദ്രഗിരി പുഴക്ക് വടക്കുള്ള മൂന്നു ഫർക്കകൾ മൈസൂർ സ്റ്റേറ്റിൽ ചേരേണ്ടതാണെന്ന് വിശ്വസിക്കുന്നവരായിരുന്നു അവർ. അത്രയും പ്രദേശങ്ങൾ കേരളത്തോട് ചേർത്തത് അവരെ അസ്വാസ്ഥ്യപ്പെടുത്തുന്നുണ്ട്. അവരുടെ ഒരു പ്രതിനിധി കേരള നിയമസഭയിൽ വേണമെന്ന തത്വം അംഗീകരിച്ചുകൊണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർത്ഥി ഡോ. എ സുബ്ബാറാവു പത്രിക പിൻവലിച്ചു. കർണ്ണാടക ഏകീകരണസമിതിയുടെ പ്രസിഡന്റ് ഉമേഷ് റാവു എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. മഞ്ചേശ്വരം നിയോജക മണ്ഡലം ഉൾപ്പെട്ട കാസർഗോഡ് പാർലമെന്റ് മണ്ഡലത്തിലെ കമ്മ്യൂണിസ്റ്റ് സ്ഥാനാർത്ഥി എ കെ ജിയെ സഹായിക്കാമെന്ന് കർണ്ണാടക ഏകീകരണസമിതിക്കാർ വാക്കുകൊടുത്തിരുന്നു. തർക്കത്തിൽപ്പെട്ട പ്രദേശങ്ങൾ ഏതു ഭാഗത്തുചേരണമെന്ന് തീരുമാനിക്കാൻ ഒരു അതിർത്തി കമ്മീഷനെ നിയോഗിക്കണമെന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിർദ്ദേശം അവർക്ക് സ്വീകാര്യമായിരുന്നു.
എ കെ ജി ക്ക് എതിരായി വോട്ടു ചെയ്യുകയാണെങ്കിൽ കാസർഗോഡ് താലൂക്ക് മുഴുവൻ വിട്ടുകൊടുക്കാമെന്ന രഹസ്യകരാറിൽ മലബാർ കോൺഗ്രസ്സ് നേതാവ് സി കെ ഗോവിന്ദൻ നായർ ഒപ്പുവെച്ചു. ഇതുകൂടാതെ മലബാറിലെ ജന്മിമാരും സമ്പന്നവർഗ്ഗത്തിൽപ്പെട്ടവരും ഒന്നടങ്കം എ കെ ജിക്ക് എതിരായി സർവ്വ ശക്തിയും സമാഹരിച്ച് രംഗത്തുണ്ടായിരുന്നു.
'എ കെ ജിയ്ക്കെതിരായി കോൺഗ്രസ്സിന്റെ ശിഖണ്ഡി വേഷം' എന്ന തലക്കെട്ടിൽ ജനയുഗം റിപ്പോർട്ട് ചെയ്യുന്നു.
"ആന്ധ്രയിൽ സഖാക്കളുടെ കണക്കുതെറ്റി, കേരളത്തിൽ സഖാക്കളുടെ തല തെറ്റും ",
" ഹംഗറിയിൽ 25000 പേരെ കൊന്നവർക്ക് വോട്ടില്ല",
" കൊലയാളി ഗോപാലന് വോട്ടില്ല "
" നെഹ്‌റു വിന്റെ താടി വടിപ്പുകാരൻ ഗോപാലന് വോട്ടില്ല " ഈ മുദ്രാവാക്യങ്ങൾ എഴുതിവെച്ചിട്ടുള്ളത് ഒരു പീടികച്ചുമരിലാണ്. അതിനകത്ത് നെഹ്‌റു വിന്റെ ചിത്രവും വികസന പദ്ധതികളുടെ ഒരു സ്കെച്ചും ഒരുമിച്ചുചേർന്ന ഒരു പോസ്റ്റർ ഭംഗിയായി അലങ്കരിച്ചു വെച്ചിട്ടുണ്ട്.
വളരെ ബോധപൂർവം എതിർകക്ഷികളുടെ പ്രചരണങ്ങളെ നേരിടാനുള്ള ലഘുലേഖാ പ്രചരണങ്ങളും യോഗങ്ങളും നടത്തുക, ഏരിയാ കമ്മിറ്റികൾ വഴി വാർഡും വീടും ആളും എണ്ണി ചിട്ടയായ പ്രവർത്തനം നടത്തുക -- ഇതാണ് തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് കമ്മ്യൂണിസ്റ്റ് പാർട്ടി സ്വീകരിച്ചിരിക്കുന്ന രീതി.
മലബാറിലെ ഏറ്റവും വലിയ ബഹുജനസംഘടനയായ കർഷക പ്രസ്ഥാനവും തൊഴിലാളി സംഘടനയും ചിട്ടയായ പ്രവർത്തനവും പാർട്ടി ഘടകങ്ങളുമാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കൈമുതൽ. മലബാറിലെയും കേരളത്തിലെയും ദേശീയ പ്രസ്ഥാനത്തിന്റെ നായകത്വം വഹിച്ചിരുന്നവരാണ് പാർട്ടിയണികളിലുള്ളത്. സഖാക്കൾ എ കെ ജി, ഇ എം എസ്, കെ പി ആർ, പി ആർ നമ്പ്യാർ, കെ ദാമോദരൻ തുടങ്ങിയവരെക്കാൾ പ്രശസ്തിയുള്ള പ്രവർത്തകർ മറ്റു പാർട്ടികളിലില്ല. അതേ സമയം ദേശീയ പ്രസ്ഥാനത്തെയും പുരോഗമന പ്രസ്ഥാനങ്ങളെയും എതിർത്തു നിന്നിട്ടുള്ള പലരും കോൺഗ്രസ്സ് അണികളിലെ സമുന്നതരാണ്. സർദാർ ചന്ത്രോത്തും പാമ്പൻ മാധവനും കോൺഗ്രസ് സ്ഥാനാർത്ഥികളാണ്.
പ്രധാനമന്ത്രി നെഹ്‌റുവിന്റെ കേരള പര്യടനവേളയിൽ അദ്ദേഹം എ കെ ജിക്ക് എതിരായി കാസർഗോഡ് മണ്ഡലത്തിൽ പോയി പ്രചരണം നടത്തി. " ഗോപാലൻ പാർലമെന്റിൽ പോകുകയില്ലെ"ന്ന് കോൺഗ്രസ്സിന്റെ തെരഞ്ഞെടുപ്പ് ചാണൂരനായ എസ് കെ പാട്ടീൽ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ ഭൂരിപക്ഷം പത്രങ്ങളും ഇതേ പല്ലവി ആവർത്തിച്ചു. അങ്ങനെ നെഹ്‌റു മുതൽ വടക്കനച്ചൻ വരെയുള്ള മഹാരഥന്മാർ എ കെ ജിയെ പരാജയപ്പെടുത്താൻ ഒറ്റക്കെട്ടായി സർവ്വശക്തിയും പ്രയോഗിക്കുകയായിരുന്നു."
തിരഞ്ഞെടുപ്പ് ദിവസം വോട്ടർമാരെ അനധികൃതമായി കടത്തി കൊണ്ടുവന്ന ജീപ്പുകൾ, കാറുകൾ, ലോറികൾ ഒക്കെ പോലീസ് തടഞ്ഞില്ലെങ്കിലും പാർട്ടി സഖാക്കൾ തടഞ്ഞു. പി എസ് പിക്കാർ മുസ്ലീം ലീഗുമായി ചേർന്ന് മുസ്ലീം സ്ത്രീകളെ കൂട്ടം കൂട്ടമായി പോളിംഗ് ബൂത്തിൽ കൊണ്ടു വന്നു.
കോൺഗ്രസ്സ് - ആർ എസ് എസ് - പി എസ് പി -ലീഗ് സഖ്യത്തിന്റെ പ്രതീക്ഷകൾ തെറ്റിച്ചു കൊണ്ട് മഞ്ചേശ്വരത്തും കാസർഗോഡും അറുപതു ശതമാനം വോട്ടും എ കെ ജി നേടി. ഡോ. ഷേണായ് യുടെ സ്വന്തം ഗ്രാമത്തിൽപ്പോലും എ കെ ജിക്കായിരുന്നുഭൂരിപക്ഷം.
എ കെ ജിയുടെ തെരഞ്ഞെടുപ്പ് ഫലം കേരളമാകെ ഉൽക്കണ്ഠയോടെ കാത്തിരിക്കുകയായിരുന്നു. വോട്ടെണ്ണൽ തുടങ്ങുന്നതിനു മുമ്പുതന്നെ 20000 വോട്ടിന് എ കെ ജി തോറ്റെന്ന പ്രചരണം എതിരാളികൾ നടത്തി. ആദ്യ ദിവസം വോട്ടെണ്ണൽ പൂർത്തിയായപ്പോൾ എ കെ ജിക്ക് 15000 വോട്ടു മാത്രമേ കൂടുതലുള്ളൂവെന്ന വാർത്ത കോൺഗ്രസ്സ് കേന്ദ്രങ്ങളിൽ വലിയ ആഹ്ലാദമുണ്ടാക്കിയിരുന്നു.
എ കെ ജിയുടെ തോൽവി സുനിശ്ചിത"മെന്ന് മലയാള മനോരമ എഴുതി. തിരുവനന്തപുരത്തെ
പി എസ് പിക്കാർ എ കെ ജിയുടെ ഒരു വൈക്കോൽ പ്രതിമയുണ്ടാക്കി പരാജയവാർത്ത വന്നാലുടനെ കത്തിക്കാൻവേണ്ടി കാത്തിരിക്കുകയായിരുന്നു. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ പട്ടം താണുപിള്ള ഈശ്വരയ്യരോട് തോറ്റതിന് പ്രതികാരം ചെയ്യാൻ വേണ്ടിയായിരുന്നു അത്.
എന്നാൽ കേരളത്തിലെ ജനങ്ങളുടെ രാഷ്ട്രീയബോധം, അവരുടെ സകല ശ്രമങ്ങളെയും അഭിമാനകരമായി അതിജീവിച്ചു. അവർ എ കെ ജിയെ വിജയിപ്പിച്ചു. 5145 വോട്ടുകളായിരുന്നു എ കെ ജിയുടെ ഭൂരിപക്ഷം.
ജനയുഗം റിപ്പോർട്ട് ചെയ്യുന്നു.
"വോട്ടെണ്ണാൻ തുടങ്ങിയപ്പോൾ മുതൽ കണ്ണൂരിൽ മുതലാളിമാരുടെ കാറുകൾ വരിയിട്ട് പായുന്നുണ്ടായിരുന്നു. തലേന്നുതന്നെ മുതലാളിമാർ വന്നു തമ്പടിച്ചിരുന്നു. രാത്രി ഒൻപതു മണിക്ക് നീലേശ്വരം ദ്വയാംഗ മണ്ഡലത്തിലെ വോട്ടെണ്ണി ക്കഴിഞ്ഞു. 14000 വോട്ടിനു എ കെ ജി മുന്നിട്ടു നിൽക്കുന്നു. സ്വതന്ത്രൻ 6000 വോട്ടിനു ജയിച്ചുവെന്ന ഫോണുകൾ കണ്ണൂരിൽ നിന്ന് പല ഭാഗത്തേക്കും പാഞ്ഞുകൊണ്ടിരുന്നു. കാരണം കാസർഗോട്ടും ഹോസ് ദുർഗും 28000 വോട്ടുകൾ സ്വതന്ത്രന് കൂടുതലുണ്ട്.
കോൺഗ്രസ്സ് - ലീഗ് - പി എസ് പി നേതാക്കൾ ആർത്തു മദിച്ചു. അതിരു കടന്ന ആവേശത്തിൽ അവരുടെ അനുയായി കളിൽ ചിലർ എ കെ ജിയുടെ പുൽ പ്രതിമകൾ തയ്യാറാക്കി. എടക്കാട് ഒരു സ്ഥലത്ത് എ കെ ജിയുടെയും ഭാര്യയുടെയും കുഞ്ഞിന്റെയും വൈക്കോൽ പ്രതിമകൾ ഉണ്ടാക്കി "നാഭിക്ക് കോയപ്പടക്കവും കെട്ടി തോളത്ത് മാറാപ്പുമേറ്റി " കാശിയിലേക്ക് എന്ന ലേബലുമൊട്ടിച്ച് ഒരുക്കി നിറുത്തുന്നത് വരെ ഈ വിജയലഹരി അവരെ എത്തിച്ചു.. പക്ഷെ ആ കോയപ്പടക്കത്തിന് തീ കൊടുക്കേണ്ടി വന്നില്ല.
നീലേശ്വരം വരെയുള്ള വോട്ടെണ്ണി ത്തീർന്നപ്പോൾ എ കെ ജി തോറ്റുവെന്ന് കരുതി അലമുറ യിട്ടുകരഞ്ഞ നൂറു നൂറു കുടുംബങ്ങൾ ജയിച്ചുവെന്നറിഞ്ഞപ്പോഴും പൊട്ടിക്കരഞ്ഞു. എ കെ ജി കോഴിക്കോട്ടുനിന്ന് കണ്ണൂരേക്ക് വരുന്നുണ്ടെന്ന് കേട്ട് വഴി നീളെ മാലയും പനിനീരുമായി ജനങ്ങൾ കാത്തുനിന്നു. അമ്മമാർ, കുട്ടികൾ, വൃദ്ധന്മാർ, യുവാക്കൾ .
സന്ധ്യക്ക് എ കെ ജി കണ്ണൂരിലെത്തുമ്പോഴേക്കും പതിനായിരത്തോളം ജനങ്ങൾ അദ്ദേഹത്തെ അഭിവാദ്യം ചെയ്യാൻ കാത്തു നിൽപ്പുണ്ടായിരുന്നു. തളികാവ് മൈതാനിയിൽ തടിച്ചു കൂടിയ ജനാവലിയെ അഭിസംബോധന ചെയ്തുകൊണ്ട് എ കെ ജി പറഞ്ഞു :
" എന്റെ വിജയം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മാത്രം വിജയമല്ല. ഈ നാട്ടിലെ ജനങ്ങളുടെ വിജയമാണ്. ജനങ്ങൾ അജയ്യരാണ്. "









0 comments