ad
Deshabhimani

യാത്രക്കാരിക്ക് വാട്സാപ്പിൽ സന്ദേശം അയച്ച് റാപ്പിഡോ ഡ്രൈവർ; മാപ്പ് പറഞ്ഞ് കമ്പനി

rapido wasp
വെബ് ഡെസ്ക്

Published on Apr 20, 2026, 09:21 AM | 1 min read

ന്യൂഡൽഹി: യാത്രയ്ക്ക് ശേഷം യുവതിക്ക് വാട്സാപ്പിൽ അനാവശ്യ സന്ദേശങ്ങൾ അയച്ച് റാപ്പിഡോ ഡ്രൈവർ. സുരക്ഷയെയും വ്യക്തിവിവരങ്ങളുടെ സ്വകാര്യതയെയും കുറിച്ചുള്ള വലിയ ചർച്ചകൾക്കാണ് ഈ സംഭവം വഴിവെച്ചിരിക്കുന്നത്. അനുഷ്ക എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവാണ് തനിക്കുണ്ടായ ദുരനുഭവം സ്ക്രീൻഷോട്ട് സഹിതം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് റാപ്പിഡോ കമ്പനി മാപ്പ് പറഞ്ഞു.


യാത്ര കഴിഞ്ഞിറങ്ങിയതിന് പിന്നാലെ ഡ്രൈവർ യുവതിയുടെ വാട്സാപ്പിലേക്ക് സന്ദേശങ്ങൾ അയക്കുകയായിരുന്നു. ഡ്രൈവറുടെ സംസാരം അസ്വാഭാവികവും ഭയപ്പെടുത്തുന്നതുമായിരുന്നുവെന്ന് യുവതി ആരോപിക്കുന്നു. ഒരു ടാക്സി ബുക്കിംഗ് ആപ്പ് വഴി എങ്ങനെയാണ് ഡ്രൈവർക്ക് തന്റെ സ്വകാര്യ മൊബൈൽ നമ്പർ ലഭിച്ചതെന്ന കാര്യത്തിൽ നിരവധി ഉപയോക്താക്കൾ ആശങ്ക പ്രകടിപ്പിച്ചു. യുവതി പങ്കുവെച്ച കുറിപ്പും സ്ക്രീൻഷോട്ടും നിമിഷങ്ങൾക്കകം വൈറലായി.


സംഭവം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് റാപ്പിഡോ കമ്പനി ഔദ്യോഗികമായി മാപ്പ് പറഞ്ഞു. ഡ്രൈവറുടെ ഭാഗത്തുനിന്നുണ്ടായ പെരുമാറ്റം അംഗീകരിക്കാനാവില്ലെന്നും തങ്ങളുടെ സേവന മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്നും കമ്പനി വ്യക്തമാക്കി. സംഭവത്തിൽ അടിയന്തരമായി അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കുമെന്നും റാപ്പിഡോ ഉറപ്പുനൽകി. ഇതിനായി യുവതിയോട് റൈഡ് ഐഡിയും രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും ആവശ്യപ്പെട്ടിട്ടുണ്ട്.


റൈഡ്-ഷെയറിംഗ് സേവനങ്ങൾ ഉപയോഗിക്കുമ്പോൾ യാത്രക്കാരുടെ വിവരങ്ങൾ എത്രത്തോളം സുരക്ഷിതമാണെന്ന ചോദ്യം വീണ്ടും ഉയരുകയാണ്. യാത്ര കഴിഞ്ഞാലുടൻ യാത്രക്കാരുടെ ഫോൺ നമ്പറുകൾ ഡ്രൈവർമാർക്ക് ലഭ്യമാകാത്ത വിധം 'നമ്പർ മാസ്കിംഗ്' സംവിധാനം കൂടുതൽ കർശനമാക്കണമെന്ന് സോഷ്യൽ മീഡിയയിൽ ആവശ്യമുയരുന്നുണ്ട്. വ്യക്തിവിവരങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയാൻ കമ്പനികൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നിയമനടപടികൾ വേണമെന്നും ഉപയോക്താക്കൾ അഭിപ്രായപ്പെട്ടു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home