ലാത്തിയുമായി ഗുണ്ടാസംഘവും സമരക്കാരെ ആക്രമിക്കുന്നു; രാഹുൽ ഗാന്ധിയുടെ അറസ്റ്റിൽ പ്രതിഷേധം അറിയിച്ച് പിണറായി വിജയൻ

തിരുവനന്തപുരം: ഡൽഹിയിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി സിപിഐ എം പോളിറ്റ് ബ്യുറോ അംഗം പിണറായി വിജയൻ.
നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ഡൽഹിയിൽ നടക്കുന്ന സമരം ആഴ്ചകൾ പിന്നിട്ട് ശക്തമാവുകയാണെന്നും, കേന്ദ്ര സർക്കാർ അടിച്ചമർത്താൻ ശ്രമിക്കുന്തോറും സമരം കൂടുതൽ ജനപിന്തുണ ആർജിക്കുകയാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.
കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രവർത്തകരും വിദ്യാഭ്യാസ പ്രവർത്തകൻ സോനം വാങ്ചുക്കും ആരംഭിച്ച സമരത്തിന് ഇടതു വിദ്യാർത്ഥി സംഘടനകൾ ആദ്യം മുതൽ ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. പിന്നീട് വിവിധ പ്രതിപക്ഷ പാർട്ടികളും എംപിമാരും സമരത്തിന്റെ ഭാഗമായി മാറി.
സിപിഐഎം ജനറൽ സെക്രട്ടറിയും കേന്ദ്ര നേതാക്കളും എംപിമാരും പൊലീസ് അതിക്രമങ്ങളെ ചെറുത്ത് സംരക്ഷണ വലയം തീർക്കുകയുണ്ടായി. പൊലീസിനൊപ്പം ലാത്തിയുമായി ഗുണ്ടാസംഘങ്ങളും സമരക്കാരെ ആക്രമിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ടെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി. നീറ്റ് പരീക്ഷാ ക്രമക്കേടും വിദ്യാഭ്യാസ മന്ത്രിയുടെ രാജിയും ആവശ്യപ്പെട്ടുള്ള സമരം ലോക്സഭയിലും പ്രതിപക്ഷം ശക്തമായി ഉന്നയിക്കുന്നുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ദില്ലിയിൽ നടക്കുന്ന സമരം ആഴ്ചകൾ പിന്നിട്ട് ശക്തമാവുകയാണ്. സിജെപി പ്രവർത്തകരും വിദ്യാഭ്യാസ പ്രവർത്തകൻ സോനം വാങ് ചുക്ക് ആരംഭിച്ച സമരത്തിന് ഇടത് വിദ്യാർത്ഥി സംഘടനകൾ ആദ്യം മുതൽ തന്നെ ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമരത്തിൽ പങ്കെടുത്തിരുന്നു. പിന്നീട് വിവിധ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളും എംപിമാരും സമരത്തിൻ്റെ ഭാഗമായി.
സിപിഎം ജനറൽ സെക്രട്ടറിയും കേന്ദ്ര നേതാക്കളും എംപിമാരും പോലീസ് അതിക്രമത്തിനെ ചെറുത്ത് സംരക്ഷണ വലയം തന്നെ തീർത്തിരുന്നു. പോലീസിനൊപ്പം ലാത്തിയുമായി ഗുണ്ടാസംഘവും സമരക്കാരെ അക്രമിക്കുന്നതായി വാർത്തകൾ പുറത്ത് വരികയാണ്.ഇന്നലെ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് നേതൃത്വവും സമരക്കാർക്ക് പിന്തുണയുമായി വന്നു.
ലോക് സഭയിലും നീറ്റ് പരീക്ഷാ ക്രമക്കേടും മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നടക്കുന്ന സമരവും ഉന്നയിക്കുവാൻ പ്രതിപക്ഷം ശ്രമിച്ച് വരികയാണ്. കേന്ദ്ര സർക്കാർ അടിച്ചമർത്താൻ ശ്രമിക്കുന്തോറും കൂടുതൽ ജനപിന്തുണ ആർജ്ജിക്കുകയാണ്. ലോക്സഭയിലെ പ്രതിപക്ഷ നേതാവ് ശ്രീ രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്തതിൽ ശക്തമായ പ്രതിഷേധം അറിയിക്കുന്നു.









0 comments