ഓടുന്ന തീവണ്ടിയിലെ എസി കോച്ചിൽ ചിരാത് കത്തിച്ചുവെച്ച് യാത്രക്കാരന്റെ പൂജ

എസി കോച്ചില്‍ ചിരാത് കത്തിച്ചുവെച്ച് പൂജ ചെയ്യുന്ന യാത്രക്കാരന്‍ (Photo: X)
വീണ്ടും വിവാദത്തിൽപ്പെട്ട് ഇന്ത്യൻ റെയിൽവേ. ഓടുന്ന തീവണ്ടിയിലെ എസി കോച്ചിൽ ചിരാത് കത്തിച്ചുവെച്ച് യാത്രക്കാരൻ നടത്തിയ പൂജയാണ് വിവാദത്തിന് അടിസ്ഥാനം. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. എസ് കമ്പാർട്മെന്റിൽ അപ്പർ ബെർത്തിൽ ഇരിക്കുന്ന യാത്രക്കാരനാണ് ചിരാത് കത്തിച്ചുവെച്ച് പൂജ ചെയ്യുന്നത്. തുടർന്ന് കമ്പാർട്മെന്റിൽ പുക നിറയുകയും മറ്റൊരു യാത്രക്കാരൻ പ്രവൃത്തിയെ ചോദ്യം ചെയ്യുകയും ചെയ്തു. എസ് കോച്ചിൽ തീ ഉപയോഗിക്കുന്നത് അപകടത്തെ ക്ഷണിച്ചുവരുത്തുമെന്ന മുന്നറിയിപ്പുകളും നൽകി.
'ജാർഖണ്ഡ് റെയിൽ യൂസേഴ്സ്' എന്ന എക്സ് അക്കൗണ്ടിൽ നിന്നാണ് വീഡിയോ പുറത്തുവന്നത്. ചെറിയ തീ പോലും വലിയൊരു തീപിടുത്തത്തിന് കാരണമായേക്കാവുന്ന സാഹചര്യത്തിലാണ് ഇത്തരത്തിൽ ചിരാത് കത്തിച്ചുവെന്ന് പൂജ ചെയ്യുന്നതെന്ന് സോഷ്യൽമീഡിയ ചൂണ്ടിക്കാട്ടുന്നു. കൂടാതെ എസി കോച്ചുകളിൽ ബെഡ്ഷീറ്റ്, കർട്ടനുകൾ എന്നിവയും ഉള്ളതിനാൽ തീപിടുത്തത്തിന്റെ തീവ്രത കൂട്ടാൻ ഇടയാക്കും. അതുകൊണ്ട് തന്നെ ഇത്തരം പ്രവൃത്തികൾ ഒഴിവാക്കണമെന്ന് സോഷ്യൽമീഡിയ ആവശ്യപ്പെടുന്നു. വിവാദം ഉയർന്നതോടെ ഇന്ത്യൻ റെയിൽവേ അന്വേഷണത്തിന് ഉത്തരവിട്ടു.
നേരത്തെ ട്രെയിനിൽ കോച്ചിന്റെ തറയിൽ ഇരുന്നു പൂജാരി പൂജ നടത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. കൂടാതെ ഹണിമൂൺ കോച്ച് ഒരുക്കിയതും ഇന്ത്യൻ റെയിൽവേയെ വിവാദത്തിലേയ്ക്ക് തള്ളിവിട്ടിരുന്നു. പിന്നാലെയാണ് എസി കോച്ചിൽ ചിരാത് കത്തിച്ചുവെച്ചുള്ള പൂജ നടത്തുന്നത്. ഇതോടെ ഇന്ത്യൻ ട്രെയിൻ യാത്രയിലെ സുരക്ഷിതത്വം കൂടി ചോദ്യം ചെയ്യപ്പെടുകയാണ്. സംഭവത്തിൽ നടപടി വേണമെന്നാണ് ഉയരുന്ന ആവശ്യം.









0 comments