മന്ത്രിമാരുടെ വിദേശയാത്ര; ജനങ്ങളുടെ ചോദ്യം ന്യായം, എല്ലാത്തിനും സുതാര്യത വേണമെന്ന് ലീഗ് വനിത നേതാവ്

തിരുവനന്തപുരം : മന്ത്രിമാരുടെ വിദേശയാത്ര വിവാദമായ പശ്ചാത്തലത്തിൽ പരോക്ഷ വിമർശനവുമായി ലീഗ് വനിത നേതാവ്. മന്ത്രിമാരുടെ വിദേശയാത്രയിൽ സുതാര്യത വേണമെന്നും ചോദിക്കുന്നത് ജനങ്ങളുടെ അവകാശമാണെന്നും ലീഗ് നേതാവ് നൂർബിന റഷീദ് ഫേസ്ബുക്കിൽ കുറിച്ചു. സർക്കാർ പണം ഉപയോഗിച്ചിട്ടില്ല എന്ന മറുപടിക്കപ്പുറം, “ചെലവ് വഹിച്ചത് ആരാണ്?” എന്ന ചോദ്യത്തിനും വ്യക്തമായ മറുപടി ലഭിക്കണമെന്നും ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട മന്ത്രിമാരിൽ നിന്ന് ജനങ്ങൾ ഉയർന്ന നിലവാരവും പ്രതീക്ഷിക്കുന്നുണ്ടെന്നും നൂർബിന കുറിച്ചു. മന്ത്രി കെ എം ഷാജി ആഡംബര കാറിൽ സഞ്ചരിച്ചതും വകുപ്പുകൾ ശ്രദ്ധിക്കാതെ മന്ത്രിമാരെല്ലാം വിദേശത്തു കറങ്ങി നടക്കുന്നതുമെല്ലാം വിവാദമായ സാഹചര്യത്തിലാണ് ലീഗ് നേതാവുതന്നെ വിമർശനവുമായെത്തിയത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
മന്ത്രിമാരുടെ വിദേശയാത്ര: സുതാര്യത ചോദിക്കുന്നത് ജനങ്ങളുടെ അവകാശം
ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട മന്ത്രിമാരിൽ നിന്ന് ജനങ്ങൾ പ്രതീക്ഷിക്കുന്നത് നിയമം പാലിക്കൽ മാത്രം അല്ല; ഉയർന്ന നിലവാരത്തിലുള്ള സുതാര്യതയും ഉത്തരവാദിത്തവുമാണ്.കുടുംബസമേതം വിദേശരാജ്യങ്ങൾ സന്ദർശിച്ച് ബിസിനസ് ക്ലാസിൽ യാത്ര ചെയ്യുമ്പോൾ, “കേരള സർക്കാർ ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ല” എന്ന വിശദീകരണം മാത്രം മതിയോ?
സർക്കാർ പണം ഉപയോഗിച്ചിട്ടില്ലെങ്കിൽ ആരാണ് ചെലവ് വഹിച്ചത്? സ്വന്തം പണമാണെങ്കിൽ അത് തുറന്നു പറയുന്നതിൽ എന്താണ് ബുദ്ധിമുട്ട്? മറ്റാരെങ്കിലും വഹിച്ചിട്ടുണ്ടെങ്കിൽ, ആ വ്യക്തിയോ സ്ഥാപനമോ ആരാണ്?
മന്ത്രിമാർക്ക് ലഭിക്കുന്ന വിലപിടിപ്പുള്ള സമ്മാനങ്ങൾ മാത്രമല്ല, സൗജന്യ യാത്ര, താമസം, ഉയർന്ന നിലവാരത്തിലുള്ള മറ്റ് സേവനങ്ങൾ തുടങ്ങിയ സാമ്പത്തിക ആനുകൂല്യങ്ങളും പൊതുജീവിതത്തിലെ സുതാര്യതയുടെ പരിധിയിൽ വരേണ്ടതാണ്.
Ministers’ Code of Conduct പ്രകാരം വിലപിടിപ്പുള്ള സമ്മാനങ്ങൾ സ്വീകരിക്കുന്നതിനും ഔദ്യോഗിക ഇടപാടുള്ള വ്യക്തികളിൽ നിന്ന് മന്ത്രിയോ കുടുംബാംഗങ്ങളോ സമ്മാനങ്ങൾ സ്വീകരിക്കുന്നതിനും വ്യക്തമായ നിയന്ത്രണങ്ങളുണ്ട്. കേരള സർക്കാരിനും മന്ത്രിമാരുടെ വിദേശയാത്ര സംബന്ധിച്ച് പ്രത്യേക മാർഗനിർദ്ദേശങ്ങൾ നിലവിലുണ്ട്.
ഒരു മന്ത്രിക്ക് ലഭിക്കുന്ന സൗജന്യ ആനുകൂല്യം വെറും സ്വകാര്യ സഹായമായി മാത്രം കാണാനാകുമോ? പ്രത്യേകിച്ച് വലിയ വ്യവസായികളിൽ നിന്നോ മന്ത്രിയുമായി ഔദ്യോഗിക ഇടപാടുള്ള വ്യക്തികളിൽ നിന്നോ സ്ഥാപനങ്ങളിൽ നിന്നോ ആനുകൂല്യം ലഭിക്കുന്നുവെങ്കിൽ, അതിന്റെ ഉറവിടവും സ്വഭാവവും ജനങ്ങൾ അറിയേണ്ടതല്ലേ?
ഇത് ആരെയും കുറ്റക്കാരനാക്കാനുള്ള ശ്രമമല്ല. പക്ഷേ ജനങ്ങൾക്ക് ചോദിക്കാനുള്ള അവകാശമുണ്ട്:
പണം ആരുടേത്?
ആനുകൂല്യം ആരിൽ നിന്ന്?
എന്തിനാണ് അത് സ്വീകരിച്ചത്?
അത് പ്രഖ്യാപിച്ചിട്ടുണ്ടോ?
ബന്ധപ്പെട്ട ചട്ടങ്ങൾ പാലിച്ചിട്ടുണ്ടോ?
“സർക്കാർ പണം ഉപയോഗിച്ചിട്ടില്ല” എന്ന മറുപടിക്കപ്പുറം, “ചെലവ് വഹിച്ചത് ആരാണ്?” എന്ന ചോദ്യത്തിനും വ്യക്തമായ മറുപടി ലഭിക്കുമ്പോഴാണ് യഥാർത്ഥ സുതാര്യത. ജനാധിപത്യത്തിൽ മന്ത്രിമാർ ജനങ്ങളുടെ പ്രതിനിധികളാണ്. ജനങ്ങളുടെ വിശ്വാസത്തിന് വിലയുണ്ട് — അതിന് കണക്കും വേണം.








0 comments