Deshabhimani

കാലടിയിലെ വിദ്യാർഥികളുടെ പരീക്ഷാ അനുമതി: ഹർജി പരിഗണിക്കുന്ന തീയതി ഹൈക്കോടതി നാളെ തീരുമാനിക്കും

Kalady University Protest.jpg
വെബ് ഡെസ്ക്

Published on Nov 10, 2026, 11:35 AM | 1 min read

കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ സസ്പെൻഡ് ചെയ്യപ്പെട്ട 16 വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ വാദം കേൾക്കുന്ന തീയതി ഹൈക്കോടതി സിംഗിൾ ബെഞ്ച് നാളെ തീരുമാനിക്കും. ഈ ആഴ്ച തന്നെ ഹർജിയിൽ വാദം കേൾക്കാമെന്നും കോടതി വ്യക്തമാക്കി.


വൈസ് ചാൻസലർ സിസാ തോമസിന്റെ നടപടിയെ തുടർന്നാണ് 16 വിദ്യാർഥികളെ സസ്പെൻഡ് ചെയ്തത്. സസ്പെൻഷനു പിന്നാലെ മതിയായ ഹാജരില്ലെന്ന് ചൂണ്ടിക്കാട്ടി പരീക്ഷ എഴുതാനുള്ള അനുമതി നിഷേധിക്കുകയും ചെയ്തു.


നേരത്തെ വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ അനുമതി നൽകിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ വൈസ് ചാൻസലർ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചിരുന്നു. ഇതോടെ വിദ്യാർഥികൾ വീണ്ടും നിയമപോരാട്ടം തുടരുകയായിരുന്നു. പരീക്ഷ എഴുതാനുള്ള അവകാശം ആവശ്യപ്പെട്ട് വിദ്യാർഥികൾ സർവകലാശാലയ്ക്ക് മുന്നിൽ നിരാഹാര സമരം തുടരുകയാണ്. സമരത്തിന് വിവിധ മേഖലകളിൽനിന്ന് പിന്തുണ ലഭിക്കുന്നുണ്ട്.


സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉൾപ്പെടെയുള്ള നേതാക്കൾ സമരപ്പന്തൽ സന്ദർശിച്ച് ഐക്യദാർഢ്യം അറിയിച്ചിരുന്നു. നടനും സാമൂഹിക പ്രവർത്തകനുമായ പ്രകാശ് രാജും വിദ്യാർഥികൾക്ക് പിന്തുണയുമായി സമരപ്പന്തലിലെത്തിയിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home