സാമ്പത്തിക പ്രതിസന്ധിക്കിടെ ജനപ്രതിനിധികൾക്ക് അധിക സ്റ്റാഫ്; ആനുകൂല്യങ്ങളും വർധിപ്പിക്കുന്നു

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്തെ എംഎൽഎമാർക്കും എംപിമാർക്കും ഒരു സ്റ്റാഫ് അംഗത്തെക്കൂടി അനുവദിക്കാൻ സർക്കാർ തീരുമാനം. ഓരോ ജനപ്രതിനിധിക്കും ഒരു പേഴ്‌സണൽ അസിസ്റ്റന്റിനെക്കൂടി നിയമിക്കാനാണ് തത്വത്തിൽ തീരുമാനമായത്. ഇതോടൊപ്പം മന്ത്രിമാരുടെ ഓഫീസുകളിൽ എഐ, ഐടി കൺസൽട്ടന്റുമാരെയും നിയമിക്കും. സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയും കടമെടുപ്പും തുടരുന്ന ഘട്ടത്തിലാണ് സർക്കാർ ഈ വർധന നടപ്പാക്കുന്നത്
ഇതുസംബന്ധിച്ച ശുപാർശ 15 ദിവസത്തിനകം സമർപ്പിക്കാൻ ടൂറിസം, പൊതുഭരണം, പാർലമെന്ററികാര്യ വകുപ്പുകൾക്ക് സർക്കാർ നിർദേശം നൽകി. മന്ത്രിമാരുടെ ഓഫീസുകളിലെ ഡ്രൈവർമാരുടെ മൈലേജ് അലവൻസും വർധിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. നിലവിൽ പ്രതിമാസം 2,500 രൂപ ലഭിക്കുന്ന അലവൻസ് 5,000 രൂപയായാണ് ഉയർത്തുന്നത്. എംഎൽഎമാരുടെ സ്റ്റാഫ് അംഗങ്ങളുടെ എണ്ണം രണ്ടിൽനിന്ന് മൂന്നായി ഉയർത്തണമെന്ന് ചില കോൺഗ്രസ് എംഎൽഎമാരും സ്പീക്കറും ആവശ്യപ്പെട്ടിരുന്നു.
അതേസമയം, എംഎൽഎമാരുടെയും മന്ത്രിമാരുടെയും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വർധിപ്പിച്ചിരുന്നു. നിലവിൽ എംഎൽഎമാർക്ക് പ്രതിമാസം അടിസ്ഥാന ആനുകൂല്യമായി ലഭിച്ചിരുന്നത് 70,000 രൂപയായിരുന്നു. അലവൻസുകൾ വർധിപ്പിച്ചതോടെ ഇത് 98000 രൂപയായി ഉയർന്നിരുന്നു.
ക്ഷാമബത്ത ഉൾപ്പെടെ നിലവിൽ ഒരു ലക്ഷത്തിലധികം രൂപ പ്രതിമാസം ലഭിക്കുന്ന മന്ത്രിമാരുടെ ആനുകൂല്യങ്ങളും പുതിയ പരിഷ്കാരത്തോടെ വർധിച്ചു. നിർദിഷ്ട ബിൽ പാസ്സായതോടെ മന്ത്രിമാരുടെ പ്രതിമാസ വരുമാനം 1.22 ലക്ഷം രൂപയായി ഉയർത്തിയിരുന്നു .








0 comments