അതിരുകടന്ന് ആഘോഷം: കല്യാണവീട്ടിൽ പടക്കം പൊട്ടിച്ചു,വരന്റേയും വധുവിന്റേയും വീട്ടുകാർ തമ്മിൽ കൂട്ടയടി

വടകര: ആഘോഷം അതിരുകടന്നതോടെ കല്യാണവീട്ടിൽ വരന്റേയും വധുവിന്റേയും വീട്ടുകാർ തമ്മിൽ കൂട്ടത്തല്ല്. കോഴിക്കോട് വടകരയിലാണ് സംഭവം. കല്യാണച്ചടങ്ങിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് ഒടുവിൽ കയ്യാങ്കളിയിലും അക്രമത്തിലും കലാശിച്ചത്.
വരന്റെ ഭാഗത്തുനിന്നുള്ളവർ പടക്കം പൊട്ടിച്ചതാണ് തർക്കത്തിന് തുടക്കമിട്ടത്. ഇത് അതിരുകടന്ന ആഘോഷമായി മാറിയതോടെ വിവാഹച്ചടങ്ങ് അലങ്കോലപ്പെടുകയായിരുന്നു. തുടർന്നുണ്ടായ സംഘർഷത്തിൽ വധുവിന്റെ പിതാവിന് പരിക്കേറ്റു. അടിയും ബഹളവും കണ്ട് പരിഭ്രാന്തയായ വധുവിന്റെ മാതാവ് ബോധരഹിതയായി വീണു.
തുടർന്ന് വിഷയം പൊലീസിന്റെ മുന്നിലെത്തി. പൊലീസ് ഇടപെട്ട് നടത്തിയ ചർച്ചകൾക്കും ഒത്തുതീർപ്പിനുമൊടുവിൽ പ്രശന പരിഹാരമാവുകയും വിവാഹം നടത്താൻ ഇരുവീട്ടുകാരും തീരുമാനിക്കുകയുമായിരുന്നു.








0 comments