എൽപിഎസ്ടി സമരം 128ാം ദിവസത്തിലേക്ക്; അവസാനിപ്പിക്കില്ലെന്ന് ഉദ്യോഗാർഥികൾ

തിരുവനന്തപുരം : വിവിധ ആവശ്യങ്ങളുന്നയിച്ച് സെക്രട്ടറിയറ്റിനു മുന്നിൽ എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് നടത്തുന്ന സമരം 128ാം ദിവസത്തിലേക്ക് കടന്നു. സമര സമിതി കൺവീനർ വളർമതിയുടെ നിരാഹാര സമരം 16 ദിവസം പിന്നിട്ടു. ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്ന് ഉദ്യോഗാർഥികൾ വ്യക്തമാക്കി. ചികിത്സ നിഷേധിക്കാൻ തീരുമാനിച്ചതായി വളർമതി വ്യക്തമാക്കിയിരുന്നു. ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിച്ചാൽ ചെറുക്കുമെന്നും വളർമതി പറഞ്ഞു.
എന്നാൽ ഉദ്യോഗാർഥികളോടുള്ള സർക്കാരിന്റെ പ്രതികാര നടപടി തുടരുകയാണ്. സമരപ്പന്തൽ പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് കന്റോൺമെന്റ് പൊലീസ് കഴിഞ്ഞ ദിവസവും ഉദ്യോഗാർഥികൾക്ക് നോട്ടീസ് നൽകിയിരുന്നു. സത്യഗ്രഹത്തിന്റെ ഭാഗമായി സെക്രട്ടറിയറ്റിനുമുന്നിൽ സ്ഥാപിച്ച ഫ്ലക്‌സ് ബോർഡും സമരപ്പന്തലും മൈക്ക് സെറ്റും നീക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. സമരസമിതി സെക്രട്ടറി പാലക്കാട് എലപ്പുള്ളി വാണിയന്തറ സ്വദേശിനി എസ് വളർമതി, മറ്റ് സമരക്കാരായ ഉദ്യോഗാർഥികൾ എന്നിവർക്കെതിരെ നടപടിയെടുക്കുമെന്നാണ് പൊലീസിന്റെ ഭീഷണി. പന്തൽ പൊളിച്ചാലും സമരം തുടരുമെന്ന് ഉദ്യോഗാർഥികൾ വ്യക്തമാക്കി.
1:25 എന്ന അനുപാതം നടപ്പിലാക്കണമെന്നാണ് ഉദ്യോഗാർഥികളുടെ പ്രധാന ആവശ്യം. എന്നാൽ ഈ ആവശ്യം അംഗീകരിക്കില്ലെന്ന നിലപാടിലാണ് സർക്കാർ. ഉദ്യോഗാർഥികൾ സമരം ആരംഭിച്ചതിനുപിന്നാലെ വിഷയം പഠിക്കാനെന്നുപറഞ്ഞ് സർക്കാർ 45 ദിവസം ആവശ്യപ്പെട്ടിരുന്നു. എന്നാൽ യാതൊരു നടപടിയും ഉണ്ടാകാഞ്ഞ സാഹചര്യത്തിലാണ് ഉദ്യോഗാർഥികൾ വീണ്ടും സമരം ആരംഭിച്ചത്. സമരം കടുപ്പിക്കുന്നതിന്റെ ഭാഗമായി വളർമതി തല മുണ്ഡനം ചെയ്ത് നിരാഹാരം ആരംഭിച്ചിരുന്നു. മൂന്നുതവണ എൽപിഎസ്ടി പരീക്ഷ എഴുതി റാങ്ക് പട്ടികയിൽ ഇടംനേടിയതാണ് വളർമതി. അവസാന അവസരമായി ഒടുവിലെഴുതിയ പരീക്ഷയിൽ പാലക്കാട് ജില്ലയിൽ 168–ാം റാങ്ക്. 2025 മെയ് 31ന് പ്രസിദ്ധീകരിച്ച പട്ടികയിലെ ഒന്നാം റാങ്കുകാരനുപോലും ജോലി ലഭിച്ചില്ല. സംസ്ഥാനത്താകെ നിയമനം ലഭിച്ചത് 239 പേർക്കുമാത്രം. സംസ്ഥാനത്ത് 11,000 പേരാണ് എൽപിഎസ്‌ടി റാങ്ക് പട്ടികയിലുള്ളത്.








0 comments