Deshabhimani

2026ലെ ബുക്കർ പ്രൈസ് ബ്രീട്ടീഷ് എഴുത്തുകാൻ ജോൺ ഹാരിസണ്; പുരസ്കാരം ലഭിക്കുന്ന പ്രായം കൂടിയ വ്യക്തി

booker prize
വെബ് ഡെസ്ക്

Published on Nov 10, 2026, 11:16 AM | 1 min read

ലണ്ടൻ : 2026ലെ ബുക്കർ പുരസ്കാരം ബ്രീട്ടീഷ് എഴുത്തുകാൻ എം ജോൺ ഹാരിസണ്. ഹാരിസന്റെ 'ദ എൻഡ് ഓഫ് എവരിതിങ്' (The End of Everything) എന്ന നോവലിനാണ് പുരസ്കാരം. ബുക്കർ പ്രൈസ് നേടുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് 81കാരനായ ഹാരിസൺ.


തിങ്കളാഴ്ച ലണ്ടനിലെ ഓൾഡ് ബില്ലിങ്സ്ഗേറ്റിൽ നടന്ന ചടങ്ങിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്. 50,000 പൗണ്ടും (ഏകദേശം 62 ലക്ഷം രൂപ) ട്രോഫിയുമാണ് പുരസ്കാരം.ആറ് പതിറ്റാണ്ടായി സാഹിത്യരംഗത്ത് സജീവമായ ഹാരിസന്റെ പതിമൂന്നാമത്തെ നോവലാണ് ദി എൻഡ് ഓഫ് എവരിതിങ്. ശാസ്ത്രം, ഫാന്റസി, ഹൊറർ തുടങ്ങിയ സാഹിത്യശാഖകളിലാണ് ശ്രദ്ധേയം. 1971ൽ പ്രസിദ്ധീകരിച്ച ദി കമ്മിറ്റഡ് മെൻ ആണ് ആദ്യ നോവൽ.


പ്രമുഖ ചരിത്രകാരി മേരി ബിയേർഡ് അധ്യക്ഷയായ അഞ്ചംഗ വിധിനിർണയ സമിതിയാണ് 163 കൃതികളിൽനിന്ന് എൻഡ് ഓഫ് എവരിതിങ് തെരഞ്ഞെടുത്തത്. അജ്ഞാതമായ ദുരന്തത്തിനുശേഷമുള്ള ഭാവിയിലെ ബ്രിട്ടനെ ചിത്രീകരിക്കുന്നതാണ് നോവൽ. 198 പേജുകളുള്ള കൃതി അവസാന പട്ടികയിലെ ഏറ്റവും ചെറിയ പുസ്തകമായിരുന്നു.


2019ൽ 79-ാം വയസ്സിൽ ബുക്കർ പുരസ്കാരം പങ്കിട്ട കനേഡിയൻ എഴുത്തുകാരി മാർഗരറ്റ് അറ്റ്‌വുഡിന്റെ റെക്കോർഡാണ് ഹാരിസൺ മറികടന്നത്. ബുക്കർ പുരസ്കാരം നേടുന്ന ആദ്യ ശാസ്ത്ര സാഹിത്യ എഴുത്തുകാരനെന്ന പ്രത്യേകതയും ഹാരിസൺ സ്വന്തമാക്കി. സ്വതന്ത്ര പ്രസാധകരായ സെർപന്റ്സ് ടെയിലിനും ഇതാദ്യമായാണ് ബുക്കർ പുരസ്കാരം ലഭിക്കുന്നത്.


2007ൽ ഹാരിസന്റെ നോവ സ്വിങ് (Nova Swing) എന്ന നോവലിന് ആർതർ സി ക്ലാർക്ക് പുരസ്കാരവും 2020ൽ ദി സങ്കൺ ലാൻഡ് ബിഗിൻസ് ടു റൈസ് എഗെയ്ൻ എന്ന കൃതിക്ക് ഗോൾഡ്സ്മിത്ത്സ് പുരസ്കാരവും ലഭിച്ചിരുന്നു. 2022ലെ ബുക്കർ പുരസ്കാര വിധിനിർണയ സമിതിയിലും അംഗമായിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home