സ്‌പോൺസേഡ് വിദേശയാത്ര തുടരുന്നു; ഇത്തവണ മന്ത്രിയും സ്പീക്കറും

തിരുവനന്തപുരം: യുഡിഎഫ് ഭരണത്തിൽ മന്ത്രിമാരുടെ സ്പോൺസേഡ് വിദേശയാത്ര തുടരുന്നു. ഇത്തവണ ടൂറിസം- സാംസ്കാരിക വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥും സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനുമാണ് വിദേശത്തേക്ക് പറന്നത്. യാത്രകളിലെ ദുരൂഹതയും സ്‌പോൺസർഷിപ്പും സുതാര്യക്കുറവും നാടാകെ ചർച്ചയായിട്ടും മന്ത്രിമാർ മത്സരബുദ്ധിയോടെ വീണ്ടും വിദേശയാത്ര പോവുകയാണ്.
ഷാർജ പുസ്തകോത്സവത്തിനും മറ്റ് സ്വീകരണ പരിപാടികൾക്കുമായാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ യുഎഇയിലെത്തിയത്. യുകെയിൽ എത്തിയ വിഷ്ണുനാഥ്, ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ മുഖാമുഖം പരിപാടിയിലും യുക്മ കലാസാംസ്കാരിക സംഘടനയുടെ പരിപാടിയിലുമാണ് പങ്കെടുത്തത്.
സ്പോൺസറുടെ സഹായത്തിലായാലും ഇനിയും പോകുമെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ ധിക്കാര നിലപാടിന് പിന്നാലെയാണ് മന്ത്രിമാർ കൂട്ടത്തോടെ വിദേശയത്തേക്ക് പറക്കുന്നത്. ഒ ജെ ജനീഷ് (ഒമാൻ, ഖത്തർ), മോൻസ് ജോസഫ് (യുഎസ്‌എ), ടി സീദ്ദീഖ് (സൗദി അറേബ്യ), ബിന്ദു കൃഷ്‌ണ (ബഹ്റൈൻ), രമേശ് ചെന്നിത്തല (യുഎഇ, യുഎസ്‌എ), കെ എം ഷാജി( ഓസ്‌ട്രിയ, ബൾഗേറിയ, സ്വിറ്റ്‌സർലന്റ്, യുഎഇ), പി സി വിഷ്‌ണുനാഥ് (ബഹ്‌റൈൻ, യുഎഇ), വി ഇ അബ്ദുൾ ഗഫൂർ (യുഎഇ), ഷിബു ബേബി ജോൺ (യുഎഇ), സണ്ണി ജോസഫ് (യുഎഇ), റോജി എം ജോൺ (ഇറ്റലി, സ്പെയിൻ), ചീഫ് വിപ്പ് അപു ജോസഫ് (ഇറ്റലി) തുടങ്ങിയവരാണ് ഇതുവരെ വിദേശയാത്ര നടത്തിയത്.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് ആദ്യം വിദേശത്ത് പോയത്. കൊച്ചി സ്വദേശി ഫെലിക്‌സ് സൈമണിന്റെ മകന്റെ കല്യാണത്തിൽ പങ്കെടുക്കാൻ അമേരിക്കയിലേക്കായിരുന്നു കുടുംബസമേതം യാത്ര. അൻവർസാദത്ത് എംഎൽഎയും പന്തളം സുധാകരനും ഒപ്പമുണ്ടായിരുന്നു. ഒ ജെ ജനീഷ് കുടുംബസമേതം ഒമാനിലേക്കാണ് പോയത്. വിദേശ യാത്രക്കിടെ, സർക്കാർ അനുമതിയില്ലാതെ ചെക് റിപ്പബ്ലിക് തലസ്ഥാനമായ പ്രാഗിലേക്ക് മന്ത്രി കെ എം ഷാജി രഹസ്യയാത്രയും നടത്തി. മന്ത്രിമാർ വ്യക്തികളിൽനിന്നും സംഘടനകളിൽനിന്നും ആനുകൂല്യം പറ്റുന്നത് അഴിമതിയാണെന്ന ആക്ഷേപം ഉയരുമ്പോഴാണ് പുതിയ സംഘം വിദേശയാത്ര നടത്തുന്നത്.








0 comments