Deshabhimani

നെൽകർഷകരോട് ക്രൂരത: താങ്ങുവില വാഗ്ദാനം 5 രൂപ, കൂട്ടിയത് 28 പൈസ

nellu karshakar
വെബ് ഡെസ്ക്

Published on Nov 10, 2026, 12:04 PM | 1 min read

കുമരകം: പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ ഓരോന്നായി കാറ്റിൽപ്പറത്തുന്ന യുഡിഎഫ് സർക്കാർ നെൽകർഷകരെയും വഞ്ചിച്ചു. നെല്ലിന്റെ താങ്ങുവില കിലോഗ്രാമിന് അഞ്ചു രൂപ കൂട്ടി 35 രൂപയാക്കുമെന്ന വാഗ്ദാനം വിഴുങ്ങിയ സർക്കാർ, കേവലം 28 പൈസ മാത്രമാണ്‌ വർധിപ്പിച്ചത്‌.


നിലവിൽ കേന്ദ്രവിഹിതമായ 24.10 രൂപയും സംസ്ഥാന പ്രോത്സാഹന ബോണസായ 6.31 രൂപയും ഉൾപ്പെടെ 30.72 രൂപയാണ് കർഷകന് ലഭിച്ചുകൊണ്ടിരുന്നത്. ഇതിനൊപ്പമാണ് മുഖ്യമന്ത്രി വി ഡി സതീശൻ വെറും 28 പൈസ കൂട്ടി താങ്ങുവില 31 രൂപയാക്കി കർഷകരെ പരിഹസിച്ചത്. ഒരു ചാക്കിന് 1100 രൂപയിൽ താഴെയുണ്ടായിരുന്ന ഫാക്ടംഫോസിന് 1200 രൂപ വർധിച്ചു. കളനാശിനികൾക്ക് 400 രൂപയും മറ്റിനം വളങ്ങൾക്ക് 300 മുതൽ 400 രൂപ വരെയും അധികം നൽകേണ്ടി വരുന്നു. സബ്സിഡി വിത്തിന് കിലോയ്ക്ക് 22 മുതൽ 25 രൂപ വരെയാണ് വില.


ഏക്കറിന് നൽകിയിരുന്ന 400 രൂപ ബോണസും വളം സബ്സിഡിയും സർക്കാർ പൂർണമായും നിർത്തിവെച്ചു. കൊയ്തെടുത്ത നെല്ല് കയറ്റിവിടാനുള്ള ഹാൻഡ്‌ലിങ് ചാർജ് 21 വർഷം മുൻപ് നിശ്ചയിച്ച ക്വിന്റലിന് 12 രൂപ മാത്രമായി തുടരുകയാണ്. കർഷകർക്ക് ഒരു ക്വിന്റലിന് 175 മുതൽ 300 രൂപ വരെ ലോഡിങ് ഇനത്തിൽ കൈയിൽ നിന്ന് കൊടുക്കേണ്ടി വരുന്നു.


കുട്ടനാടൻ പാടങ്ങളിലെ കളകളായ കോര, കവട, വരി, മൈസൂർ കവട, പീലിക്കവട തുടങ്ങിയവ നശിപ്പിക്കാനുള്ള കളനാശിനികൾക്കാണെങ്കിൽ സാധാരണ കർഷകർക്ക്‌ താങ്ങാനാവാത്ത വിലയാണ്‌. ഇത്‌ കൂടാതെ, കൂലിച്ചെലവിനൊപ്പം ട്രാക്‌ടർ, ടില്ലർ, കൊയ്‌ത്ത്‌–മെതി യന്ത്രങ്ങൾ എന്നിവയുടെ വാടകയിലും നല്ല വർധനയുണ്ടായി. നെല്ല്‌ സംഭരണത്തിന്റെ കൈകാര്യച്ചെലവും വർധിപ്പിച്ചിട്ടില്ല. ഇത്‌ കർഷകരുടെ സാമ്പത്തികബാധ്യത കൂട്ടുകയാണ്‌. ​


വളത്തിന്റെയും കളനാശിനിയുടെയും വിലക്കയറ്റം മൂലം കൃഷി മുന്നോട്ടു കൊണ്ടുപോകാനാവാത്ത സ്ഥിതിയിലാണ് കർഷകർ. ഉൽപ്പാദനച്ചെലവ് കുതിച്ചുയരുന്നതിനിടെ കർഷകരുടെ കണ്ണിൽ പൊടിയിടാനുള്ള ഈ നീക്കത്തിനെതിരെ കർഷകർക്കിടയിൽ ശക്തമായ രോഷം ഇരമ്പുകയാണ്.

പുറംബണ്ടുകൾ തകർന്നും മടവീഴ്ച മൂലവും കൃഷി നശിക്കുകയും, അതിനാവശ്യമായ സഹായങ്ങൾ ലഭിക്കാതെ കർഷകർ കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയിലെത്തിയിട്ടും കർഷകക്ഷേമത്തെക്കുറിച്ച് വാചാലരാകുന്ന സർക്കാർ പൂർണ മൗനത്തിലാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home