ad
Deshabhimani

ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രോണിക്സ് നിർമാണ കമ്പനി കേരളത്തിലേത്; പരിചയപ്പെടുത്തി മന്ത്രി പി രാജീവ്

sfo technologies
വെബ് ഡെസ്ക്

Published on Aug 03, 2025, 08:56 PM | 1 min read

തിരുവനന്തപുരം: ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഇലക്ട്രോണിക് കയറ്റുമതി നടത്തുന്ന കേരളത്തിലെ കമ്പനിയെ പരിചയപ്പെടുത്തി മന്ത്രി പി രാജീവ്. ഏറ്റവും വലിയ ഇന്ത്യൻ ഇലക്ട്രോണിക്സ് മാനുഫാക്ച്ചറിംഗ് കമ്പനി എവിടെയാണെന്ന് നിങ്ങൾക്കറിയാമോ? എന്ന കുറിപ്പോടെയാണ് നെസ്റ്റ് ഗ്രൂപ്പിലെ കമ്പനിയായ എസ്എഫ്ഒ ടെക്നോളജീസിനെ മന്ത്രി പരിചയപ്പെടുത്തിയത്.


കമ്പനി സന്ദർശിച്ച ശേഷമാണ് മന്ത്രി കമ്പനിയുടെ പ്രവർത്തനങ്ങളെ കുറിച്ച് ഫെയ്സ്ബുക്കിൽ കുറിച്ചത്. ലോകോത്തര വിമാനങ്ങളിലും മൊബൈൽഫോണുകളിലും ഉപയോഗിക്കുന്ന പ്രധാന ഭാഗങ്ങൾ തിരുവനന്തപുരത്തും കളമശ്ശേരിയിലും കാക്കനാട്ടും പ്രവർത്തിക്കുന്ന കമ്പനിയാണ് ഉൽപ്പാദിപ്പിക്കുന്നത്. ലോകപ്രശസ്ത പ്രതിരോധ, ബഹിരാകാശ കമ്പനികൾക്കായി റഡാറുകളും കണക്ടേഴ്സും തിരുവനന്തപുരത്തെ ഫാക്ടറിയിൽ നിർമ്മിക്കുന്നു. ഒമ്പതിനായിരത്തിലധികം പേർ ജോലി ചെയ്യുന്ന കമ്പനിയിൽ 6000 ഓളം പേർ മലയാളികൾ ആണെന്നും മന്ത്രി പറഞ്ഞു.


ഫെയ്സ്ബുക്ക് കുറിപ്പ്


ഏറ്റവും വലിയ ഇന്ത്യൻ ഇലക്ട്രോണിക്സ് മാനുഫാക്ച്ചറിംഗ് കമ്പനി എവിടെയാണെന്ന് നിങ്ങൾക്കറിയാമോ? ഇന്ത്യയിൽനിന്നും ഏറ്റവും കൂടുതൽ ഇലക്ട്രോണിക് കയറ്റുമതി നടത്തുന്ന സ്ഥാപനം കൂടിയാണ് തിരുവനന്തപുരത്തും കളമശ്ശേരിയിലും കാക്കനാട്ടും പ്രവർത്തിക്കുന്ന SFO ടെക്നോളജീസ്. 3760 കോടി വിറ്റുവരവുള്ള ഒരു ഇന്ത്യൻ (കേരള) കമ്പനി. ലോകോത്തര വിമാനങ്ങളിലും മൊബൈൽഫോണുകളിലും ഉപയോഗിക്കുന്ന പ്രധാന ഭാഗങ്ങൾ കേരളത്തിൽ ഇവർ ഉൽപ്പാദിപ്പിക്കുന്നു.


ലോകോത്തര കമ്പനികളുടെ സ്കാനിംഗ് മെഷീനുകൾ കാക്കനാട്ടിലെ കമ്പനിയിൽ ഉൽപ്പാദിപ്പിച്ച് സോഫ്റ്റ്‍വെയും ലോഗോയും ഉറപ്പിക്കാൻ വിദേശത്ത് പോയി തിരിച്ചു ഇന്ത്യൻ വിപണിയിലക്ക് വരുന്നു. ലോകപ്രശസ്ത പ്രതിരോധ, ബഹിരാകാശ കമ്പനികൾക്കായി റഡാറുകളും കണക്ടേഴ്സും തിരുവനന്തപുരത്തെ ഫാക്ടറിയിൽ നിർമ്മിക്കുന്നു. ഒമ്പതിനായിരത്തിലധികം പേർ നെസ്റ്റിൽ ജോലിചെയ്യുന്നു. ഐടിഐ, ഡിപ്പമോ, എഞ്ചിനിയറിംഗ് ബിരുദധാരികളും പിഎച്ച്ഡിക്കാരുമായ 6000 ത്തിലധികം മലയാളികൾ ഇക്കൂട്ടത്തിലുണ്ട്.


നിക്ഷേപസംഗമത്തിൽ പുതിയ പദ്ധതികൾ നെസ്റ്റ് പ്രഖ്യാപിച്ചിട്ടുണ്ട്. പിസിബി നിർമ്മാണപ്ലാന്റ് ഉൾപ്പെടെയുള പദ്ധതികൾക്ക് സർക്കാർ എല്ലാ പിന്തുണയും നൽകും. 30 വർഷമായി കേരളത്തിൽ പ്രവർത്തിക്കുന്ന കമ്പനിയിൽ ഒരുദിവസംപോലും തൊഴിൽ തടസപ്പെട്ടില്ലെന്ന് ശ്രീ ജഹാംഗീർ അഭിമാനത്തോടെ പറയുന്നു. മൂന്നുവർഷംകൊണ്ട് 6000 കോടി വിറ്റുവരവുള്ള സ്ഥാപനമായി നെസ്‌റ്റ് വളരട്ടെ'



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home