നെന്മാറ ഇരട്ടക്കൊലപാതകം: പ്രതി ചെന്താമരയ്ക്ക് വധശിക്ഷ

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമരയ്ക്ക് വധശിക്ഷ. പോത്തുണ്ടി ബോയൻ ഉന്നതിയിൽ തിരുത്തമ്പാടം സുധാകരൻ (55), അമ്മ ലക്ഷ്‌മി (75) എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് പാലക്കാട് നാലാം അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി കെന്നത്ത് ജോർജ് ശിക്ഷ വിധിച്ചത്. വധശിക്ഷയ്ക്ക് പുറമെ 20 ലക്ഷം രൂപ പിഴയൊടുക്കണം. ഇത് ചെന്താമരയ്ക്ക് നൽകാൻ കഴിയുന്നില്ലെങ്കിൽ സംസ്ഥാന സർക്കാർ വഹിക്കണം. ഈ പണം സുധാകരന്റെ മക്കൾക്ക് ഉടൻ നൽകണമെന്നും കോടതി നിരീക്ഷിച്ചു.
കേസിൽ ചെന്താമര കുറ്റക്കാരനാണെന്ന് 13ന് കോടതി കണ്ടെത്തിയിരുന്നു. ഇരട്ടക്കൊലയ്‌ക്ക് ബിഎൻഎസ് 103–1, സുധാകരനെ തടഞ്ഞുവച്ചതിന് ബിഎൻഎസ് 126–2 വകുപ്പുകൾ പ്രകാരമാണ് കേസ്. കേസ് അപൂർവങ്ങളിൽ അപൂർവമെന്ന് കോടതി പറഞ്ഞു. സുധാകരന്റെയും സജിതയുടോയും മക്കൾ അഖിലയും അതുല്യയും ശിക്ഷാ വിധി കേൾക്കാൻ കോടതിയിൽ എത്തി.
2025 ജനുവരി 27നാണ് കേസിന് ആസ്പദമായ സംഭവം. സുധാകരന്റെ ഭാര്യ സജിത(35)യെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ചെന്താമര ജാമ്യത്തിലിറങ്ങിയപ്പോഴാണ് ഇരട്ടക്കൊലപാതകം നടത്തിയത്. ഭാര്യയും മകളും പിണങ്ങിപ്പോകാന്‍ കാരണം അയല്‍വാസിയായ സജിതയും കുടുംബവുമാണെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു മിറ്റിഗോഷൻ ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ടിൻമേലുള്ള വാദപ്രതിവാദങ്ങളെല്ലാം പൂർത്തിയായത്. വധശിക്ഷ തന്നെ ചെന്താമരക്ക് നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ശക്തമായി ആവശ്യപ്പെട്ടിരുന്നു. സമൂഹത്തിന് ഭീഷണിയായ പ്രതിയെ ഒരു തരത്തിലും പുറത്തുവിടരുതെന്നും മാനസാന്തരപ്പെടാൻ ഒരുതരത്തിലും സാധ്യതയില്ലാത്ത പ്രതിയാണ് ചെന്താമരയെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു.
2019 ആഗസ്ത് 31നാണ് സജിതയെ വീട്ടില്‍ക്കയറി വെട്ടിക്കൊന്നത്. ആദ്യകൊലപാതകത്തിൽ 2025 ഒക്‌ടോബർ 15ന് ഇരട്ട ജീവപര്യന്തവും മൂന്നേകാൽ ലക്ഷം രൂപ പിഴയും ശിക്ഷവിധിച്ചിരുന്നു. ചെന്താമര പ്രതിയായ ആദ്യ കേസിൽ വിധിപറഞ്ഞ ജഡ്‌ജിതന്നെയാണ് രണ്ടാമത്തെ കേസിലും വിധിപറയുന്നത്. എം ജെ വിജയകുമാറാണ് രണ്ട് കേസുകളിലും പബ്ലിക് പ്രോസിക്യൂട്ടർ. ചുരുങ്ങിയ കാലയളവിൽ 132 സാക്ഷികളിൽനിന്ന് പ്രോസിക്യൂഷൻ തെളിവിലേയ്ക്കാവശ്യമായ 81 സാക്ഷികളെയും 91 രേഖകളും 28 തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കി. ആലത്തൂർ ഡിവൈഎസ്‌പി മുരളീധരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിച്ചത്.










0 comments