കൂട്ടപിരിച്ചുവിടലിൽ അമേരിക്കയിലെ ജോലി പോയി; ജർമനിയിൽ സ്വപ്നജോലി സ്വന്തമാക്കി ഇന്ത്യൻ യുവതി

ബെർലിൻ: ഐടി മേഖലയിലെ കൂട്ടപിരിച്ചുവിടലിൽ ജോലി നഷ്ടപ്പെട്ട് പ്രതിസന്ധിയിലായവർക്ക് ആത്മവിശ്വാസം പകർന്ന് ഒരു ഇന്ത്യൻ യുവതിയുടെ വിജയഗാഥ. യുഎസിൽ ജോലി നഷ്ടപ്പെട്ടതിനെത്തുടർന്ന് രാജ്യം വിടേണ്ടി വന്നിട്ടും തളരാതെ പോരാടി ജർമ്മനിയിൽ മികച്ച ജോലി സ്വന്തമാക്കിയ ശ്വേത എന്ന യുവതിയുടെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.
അമേരിക്കയിലെ പ്രമുഖ കമ്പനിയിൽ ജോലി ചെയ്യവെയാണ് അപ്രതീക്ഷിതമായി ശ്വേതയ്ക്ക് ജോലി നഷ്ടപ്പെട്ടത്. എച്ച്-1ബി വിസ നിയമങ്ങൾ അനുസരിച്ച് നിശ്ചിത ദിവസത്തിനുള്ളിൽ പുതിയ ജോലി കണ്ടെത്താനായില്ലെങ്കിൽ രാജ്യം വിടേണ്ട സാഹചര്യം അവർക്കുണ്ടായി.
കരിയറിലെ ഏറ്റവും മോശം ഘട്ടത്തിലൂടെയാണ് അന്ന് കടന്നുപോയതെന്ന് ശ്വേത ലിങ്ക്ഡ്ഇന്നിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. എന്നാൽ തോറ്റുകൊടുക്കാൻ തയ്യാറാകാതിരുന്ന ശ്വേത യൂറോപ്യൻ രാജ്യങ്ങളിലെ തൊഴിലവസരങ്ങൾ തേടാൻ തീരുമാനിച്ചു.
മാസങ്ങൾ നീണ്ട പരിശ്രമങ്ങൾക്കും നിരവധി അഭിമുഖങ്ങൾക്കും ഒടുവിൽ ജർമ്മനിയിലെ ബെർലിനിൽ അവർക്ക് പുതിയ ജോലി ലഭിച്ചു. വിസ നടപടികളും താമസസൗകര്യവും ഉൾപ്പെടെയുള്ള വെല്ലുവിളികൾ അതിജീവിച്ചാണ് അവർ ഈ നേട്ടം കൈവരിച്ചത്. ജോലി നഷ്ടപ്പെടുന്നത് ലോകാവസാനമല്ലെന്നും പുതിയ വാതിലുകൾ തുറക്കാനുള്ള അവസരമാണെന്നും ശ്വേത തന്റെ കുറിപ്പിലൂടെ ഓർമ്മിപ്പിക്കുന്നു.











0 comments