ad
Deshabhimani

സ്വകാര്യവൽക്കരണം സുഗമമാക്കാൻ ഐഎസ്‌ആർഒയുടെ കരുത്ത്‌ ക്ഷയിപ്പിക്കുന്നു

ISRO.jpg
വെബ് ഡെസ്ക്

Published on Aug 31, 2026, 07:11 PM | 3 min read

ന്യൂഡൽഹി: ലോകത്തെ മുൻനിര ബഹിരാകാശ ​ഗവേഷണ സ്ഥാപനമായ ഐഎസ്‌ആർഒയുടെ കരുത്ത്‌ ക്ഷയിപ്പിച്ച്‌ സ്വകാര്യവൽക്കരണ നടപടികൾ സുഗമമാക്കാൻ ഗൂഢനീക്കം. ഐഎസ്‌ആർഒയുടെ വിക്ഷേപണ പ്രവർത്തനങ്ങൾ മന്ദീഭവിപ്പിക്കുകയും മിടുക്കരായ ശാസ്‌ത്രജ്ഞരെയും ഉദ്യോഗസ്ഥരെയും സ്ഥാപനത്തിൽ നിന്ന്‌ അകറ്റുകയുമാണ്‌ അതിനായി സ്വീകരിച്ചിരിക്കുന്ന കുതന്ത്രങ്ങൾ.


കഴിഞ്ഞ കുറേക്കാലമായി ഐഎസ്‌ആർഒയുടെ വിക്ഷേപണങ്ങൾ കുത്തനെ കുറച്ചു. എട്ടു മാസത്തിനു ശേഷമാണ്‌ ഐഎസ്‌ആർഒ ഇപ്പോൾ ഒരു വിക്ഷേപണം നിശ്‌ചയിച്ചിരിക്കുന്നത്‌. വിക്ഷേപണങ്ങളുടെ വിജയശതമാനവും സംശയകരമായ നിലയിൽ താഴോട്ടുപോയി. ഏറെ തന്ത്രപ്രധാനമായ ഉപഗ്രഹ വിക്ഷേപണത്തിൽ ലോകത്തെ വൻകിടക്കാർക്കൊപ്പമായിരുന്ന രാജ്യത്തിനാണ്‌ ഇ‍ൗ ദുർഗതി.


പരാതികളില്ലാതെ പ്രവർത്തിച്ച രാജ്യത്തിന്റെ അഭിമാന സ്ഥാപനമായിരുന്നു ഐഎസ്ആർഒ. കഴിഞ്ഞകാലങ്ങളിൽ വിക്ഷേപണങ്ങളുടെ വിജയശതമാനവും കൂടുതലായിരുന്നു. ചാന്ദ്രയാൻ ഉൾപ്പെടെ വിജയകരമായ നിരവധി ദൗത്യങ്ങളാണ് ഐഎസ്ആർഒ നടത്തിയിട്ടുള്ളത്. അമേരിക്കയുടെ ഉൾപ്പെടെ 100ലേറെ വിദേശരാജ്യങ്ങളുടെ ചെറുതും വലുതുമായ ഉപ​ഗ്രഹങ്ങൾ വിക്ഷേപിച്ചിട്ടുണ്ട്‌. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ വിക്ഷേപണ ചെലവ് കുറവാണെന്നത്‌ അനുകൂല സാഹചര്യമായിരുന്നു. ആ സൽപ്പേരിനും പെരുമയ്‌ക്കുമാണ്‌ കോട്ടം സംഭവിച്ചിരിക്കുന്നത്‌.


ഐഎസ്ആർഒ നടത്തുന്ന പരീക്ഷണങ്ങളെ തകർക്കാനും ശ്രമം നടക്കുന്നതായി സൂചനയുണ്ട്‌. ഐഎസ്ആർഒയുടെ പടക്കുതിര എന്നറിയപ്പെടുന്ന പിഎസ്എൽവി ഇതുവരെ പരാജയപ്പെട്ടിരുന്നില്ല. എന്നാൽ, അവസാന രണ്ട് വിക്ഷേപണങ്ങളും പരാജയമായിരുന്നു. 1984 ലാണ് വിക്ഷേപണ വാഹനം നിർമിക്കുന്നത്. അന്ന് മുതൽ ഒരു ദൗത്യത്തിൽ പോലും വിക്ഷേപണ വാഹനത്തിലെ തകർച്ചകൊണ്ട് ദൗത്യം പരാജയപ്പെട്ടിരുന്നില്ല. അതേസമയം, പിഎസ്എൽവി - സി61, സി62 പരീക്ഷണങ്ങൾ അടുത്തടുത്തായി പരാജയപ്പെട്ടു.


അടുത്ത കാലത്ത്‌ സ്ഥാപനത്തിൽ നിന്ന് നിരവധി ശാസ്ത്രജ്ഞരും ഉദ്യോ​ഗസ്ഥരുമാണ് വിട്ടുപോകുന്നത്. നേരത്തേ ബിഎസ്‌എൻഎല്ലിലും സമാന സാഹചര്യമുണ്ടായിരുന്നു. കേന്ദ്ര സർക്കാരിന്റെ അമിത ഇടപെടലുകളും സ്വകാര്യവൽക്കരണ നയങ്ങളുമാണ്‌ ശാസ്‌ത്രജ്ഞരെയും ഉദ്യോഗസ്ഥരെയും പ്രതിസന്ധിയിലാക്കുന്നത്‌. പ്രധാന ദൗത്യങ്ങളിൽ പങ്കാളികളായ 100ലധികം ശാസ്ത്രജ്ഞർ കഴിഞ്ഞ ജൂണിൽ കൂട്ടരാജിവെച്ചിരുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 650ലധികം പേർ ഐഎസ്ആർഒ വിട്ടുവെന്നാണ്‌ കണക്ക്‌. എൽവിഎം3 പ്രോജക്ട് ഡയറക്ടർ വിക്ടർ ജോസഫ്, ചന്ദ്രയാൻ-3 സിമുലേഷൻ ടീം ലീഡർ ആദിത്യ റല്ലപ്പള്ളി തുടങ്ങിയ പ്രമുഖർ ഇതിൽ ഉൾപ്പെടും.


ഐഎസ്ആർഒ ഉ​ദ്യോ​ഗസ്ഥരുടെ രാജി സാധാരണമാണെന്നും അത് വിവാദമാക്കേണ്ടതില്ല എന്നുമായിരുന്നു കേന്ദ്ര സർക്കാരിന്റെയും ഐഎസ്ആർഒ മേധാവിയുടേയും പ്രതികരണം. എന്നാൽ, തൊഴിലാളി വിരുദ്ധ നയങ്ങളും സ്വകാര്യവൽക്കരണ ഭീതിയും കാരണം നിരവധി ഉദ്യോഗസ്ഥരാണ് ഐഎസ്ആർഒ വിടാൻ നിർബന്ധിതരായിരിക്കുന്നത്. ചിലർ സ്വയം വിരമിക്കാൻ തയ്യാറെടുക്കുകയുമാണ്‌.


ഐഎസ്‌ആർഒയുടെ വിക്ഷേപണ വാഹനങ്ങളുടെ നിർമാണവും വിക്ഷേപണ കേന്ദ്രങ്ങളുടെ നടത്തിപ്പുമടക്കം സ്വകാര്യ മേഖലയ്‌ക്ക്‌ കൈമാറാനാണ് നീക്കം ശക്തമായിരിക്കുന്നത്‌. അടുത്തിടെ കുലശേഖരപട്ടണം വിക്ഷേപണ സമുച്ചയത്തിന്റെ പ്രവർത്തനവും നടത്തിപ്പും സ്വകാര്യ സ്ഥാപനങ്ങൾക്ക് വിടാൻ ടെൻഡർ ക്ഷണിച്ചിരുന്നു. 986 കോടി രൂപ ചെലവിൽ നിർമിച്ച ചെറിയ ഉപഗ്രഹ വിക്ഷേപണ കേന്ദ്രം വൻകിട കമ്പനികളെ മാത്രം ലക്ഷ്യമിട്ടാണ് സ്വകാര്യവൽക്കരിക്കുന്നത്. ഒരു വർഷം മുതൽ മൂന്ന് വർഷം വരെ മാത്രമായിരിക്കും ഐഎസ്ആർഒ സ്വകാര്യ കമ്പനികൾക്ക് സാങ്കേതിക മാർഗ്ഗനിർദ്ദേശങ്ങൾ നൽകുക. പിന്നീട് പൂർണമായും സ്വകാര്യ കുത്തകകളുടെ അധീനതയിലായിരിക്കും കേന്ദ്രത്തിന്റെ പ്രവർത്തനം.


ഭൂമിശാസ്ത്രപരമായി വളരെ പ്രത്യേകതകളുള്ള സ്ഥലമാണ് കുലശേഖരപട്ടണം. ഇവിടെനിന്നു ഭൂമിയുടെ ദക്ഷിണ ധ്രുവത്തിലേക്ക് നേരിട്ട് റോക്കറ്റുകൾ അയയ്‌ക്കാനാകും. നിലവിൽ ശ്രീഹരിക്കോട്ടയിൽ നിന്നുള്ള വിക്ഷേപണങ്ങൾ ശ്രീലങ്കൻ വ്യോമപാത ഒഴിവാക്കിയാണ് വിക്ഷേപിക്കുന്നത്. ഇതിന്‌ അധിക ഇന്ധനവും സമയവും ആവശ്യമാണ്‌. കുലശേഖരപട്ടണത്തെ കേന്ദ്രം ഇ‍ൗ അധികചെലവ്‌ ഒഴിവാക്കാൻ ഉപകരിക്കും. വർഷത്തിൽ 20 മുതൽ 25 വരെ വിക്ഷേപണം ഇവിടെ നടത്താനാണ് ലക്ഷ്യമിടുന്നത്.


ഇന്ത്യയുടെ തദ്ദേശീയ ഉപഗ്രഹ സമൂഹമായ നാവിക് പ്രവർത്തനക്ഷമമല്ല എന്നാണ് വിലയിരുത്തൽ. അടിസ്ഥാന സ്ഥാനനിർണയ സേവനം നൽകാൻ കുറഞ്ഞത് 4 ഉപഗ്രഹങ്ങൾ വേണമെന്നിരിക്കെ, നിലവിൽ IRNSS-1B, IRNSS-1I, NVS-01 എന്നീ 3 ഉപഗ്രഹങ്ങൾ മാത്രമാണ് നാവിക് കോൺസ്റ്റലേഷനിൽ പ്രവർത്തനക്ഷമമായിട്ടുള്ളത്. ചെറിയ കാലയളവിൽ മാത്രമായിരിക്കും നാവിക് ഉപ​ഗ്രഹങ്ങൾ പ്രവർത്തനക്ഷമമായിരിക്കുക. അതിനാൽ ഇത്തരം ​ഗവേഷണങ്ങൾക്കും നിരീക്ഷണങ്ങൾക്കും തുടർച്ചയായ വിക്ഷേപണങ്ങൾ ആവശ്യമാണ്. NVS-02 ദൗത്യം പരാജയപ്പെട്ടതിന് പിന്നാലെ മറ്റ് ഉപ​ഗ്രഹങ്ങളൊന്നും തന്നെ വിക്ഷേപിച്ചിരുന്നില്ല.


ഇത്തരത്തിൽ ദീർഘനാൾ ദൗത്യങ്ങൾ നടക്കാതായാൽ നാവിഗേഷൻ സേവനങ്ങൾക്കായി മറ്റ് രാജ്യങ്ങളുടെ ഉപ​ഗ്രഹങ്ങളെ ആശ്രയിക്കേണ്ടിവരും. അത്തരം സാഹചര്യങ്ങൾ മുതലെടുത്ത് ഐഎസ്ആർഒയെ വിറ്റഴിക്കാനുള്ള ശ്രമങ്ങളും സജീവമാകും. പൊതുമേഖലാ സ്ഥാപനമായ ഐഎസ്ഐർഒയെ പ്രവർത്തനക്ഷമമല്ലാതാക്കി സ്വകാര്യ കമ്പനിക്ക് ലാഭമുണ്ടാക്കി നൽകാനാണ് കേന്ദ്ര സർക്കാരും വഴിയൊരുക്കുന്നത്. ഏറ്റവും നല്ല നിലയിൽ പ്രവർത്തിക്കുന്ന തന്ത്രപ്രധാന മേഖല സ്വകാര്യവൽക്കരിച്ചാൽ രാജ്യത്തിന്‌ പലതരത്തിലും വെല്ലുവിളി ഉയരും. എന്നാൽ, സ്വന്തം താൽപ്പര്യവും താൽക്കാലിക ലാഭവും നോക്കുന്നവർക്ക്‌ അതൊന്നും പ്രശ്‌നമല്ല.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home