ജി എസ് ടി 'ഉദാരതകളിലെ' സത്യവും മിഥ്യയും, വാർത്തകളിൽ പറയാത്ത കണക്കുകളുമായി ഡോ. തോമസ് ഐസക്

ജിഎസ്ടി സ്ലാബ് പരിഷ്കരണം പ്രഖ്യാപിച്ചതോടെ ചപ്പാത്തിയും പൊറോട്ടയും മുതൽ വിലക്കുറവ് വിളംബരം ചെയ്ത് മത്സരിക്കയാണ് മാധ്യമങ്ങൾ. സത്യത്തെക്കാൾ അധികം മിഥ്യകൾ വിറ്റഴിച്ച് വായനക്കാരുടെ കയ്യടി നേടുന്നു. എട്ടു വർഷം പൂട്ടിക്കെട്ടി വെച്ച് പെട്ടെന്ന് പ്രഖ്യാപിച്ച പരിഷ്കരണത്തിൽ സംസ്ഥാനങ്ങളുടെ നടു ഒടിക്കുന്ന ഹമ്പുകൾ മനപൂർവ്വം മായ്ക്കുകയോ അവഗണിക്കയോ ചെയ്യുന്നു.
രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തിന് തന്നെയും വിരുദ്ധമായി സംസ്ഥാനങ്ങളുടെ അവകാശം പരിമിതപ്പെടുത്തിയാണ് ജിഎസ്ടി കൌൺസിലിൽ സംവിധാനത്തിന് തന്നെ തുടക്കം കുറിച്ചത്. കൗണ്‍സിലിൽ ഏതെങ്കിലുമൊരു പദ്ധതിനിർദേശം പാസാകണമെങ്കിൽ യോഗത്തിലുള്ളവരുടെ നാലിൽ മൂന്ന് (75%) വോട്ട് വെയ്റ്റേജ് വേണം. കേന്ദ്രസർക്കാരിന്റെ വോട്ടിന് മൂന്നിലൊന്ന് (33.33%) വെയ്റ്റേജ് ലഭിക്കും. എല്ലാ സംസ്ഥാനങ്ങളുടെയും വോട്ട് ചേർത്താലും മൂന്നിൽ രണ്ട് (66.67%) വെയ്റ്റേജ് മാത്രമേയുള്ളൂ. ഫലത്തിൽ 75% വേണ്ടതിനാൽ എല്ലാ സംസ്ഥാനങ്ങളും കൂട്ടായി കേന്ദ്രനിർദേശത്തെ എതിർത്തു വോട്ട് ചെയ്താലും കാര്യമുണ്ടാവില്ല.
ഇപ്പോഴും സംസ്ഥാനങ്ങളുടെ നഷ്ടം സംബന്ധിച്ച് മിണ്ടാട്ടമില്ല. വിലക്കുറവ് എന്നത് ഫലത്തിൽ സാധരണക്കാരന്റെ കീശയിൽ കയ്യിട്ട് കോർപ്പറേറ്റുകൾക്ക് ലാഭം കൊയ്യാനുള്ള അവസരമാവും. സംസ്ഥാന വരുമാനത്തിൽ കേന്ദ്രം കയ്യിട്ട് വാരും. തങ്ങൾക്ക് താത്പര്യമുള്ള സംസ്ഥാനങ്ങൾക്ക് ഉദാരത എന്നാവും.
മുൻ ധനകാര്യ മന്ത്രിയും സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവുമായ ഡോ തോമസ് ഐസക് മാധ്യമങ്ങൾ പുകഴ്ത്തുന്ന “ജിഎസ്ടി ഉദാരതകളെ” ഓരോന്നായി എടുത്ത് പരിശോധിക്കയാണ്. സത്യവും മിഥ്യയും എന്തെന്ന് ഓരോന്നിനും നമ്പറിട്ടാണ് തന്റെ ഫെയ്സ് ബുക്ക് പോസ്റ്റിൽ കൃത്യമായ വിവരണം.

ഡോ തോമസ് ഐസക് എഫ് ബി -
ജി എസ് ടി പരിഷ്കാരം സംസ്ഥാന ധനകാര്യത്തിന്റെ നടുവൊടിക്കും. സംസ്ഥാനങ്ങളുടെ ചെലവിൽ ബീഹാർ തെരഞ്ഞെടുപ്പിന് കൈയടി നേടാനാണ് മോദിയുടെ ശ്രമം. അല്ലെങ്കിൽ ജി.എസ്.ടി കൗൺസിൽ എടുക്കേണ്ട ഒരു തീരുമാനം സ്വാതന്ത്ര്യദിനാഘോഷ പ്രസംഗത്തിൽ എന്തിനു പ്രധാനമന്ത്രി പ്രഖ്യാപിച്ചു?
ബീഹാറിൽ ബിജെപിയുടെ കാര്യം അത്ര പന്തിയല്ലായെന്നു മോദിക്കു തോന്നിയിട്ടുണ്ടാകണം. 2019-ലെ തെരഞ്ഞെടുപ്പിനു മുന്നോടിയായിട്ടാണ് ആദ്യവട്ടം നിരക്കുകൾ കുറച്ചത്. എങ്കിൽ ഇപ്പോൾ മോദിയുടെ വോട്ട് കളവ് സ്റ്റാന്റിൽ പിടിച്ചതിനുശേഷം നടക്കുന്ന ബീഹാർ തെരഞ്ഞെടുപ്പിനു മുന്നോടിയായി രണ്ടാംവട്ടം നിരക്കുകൾ കുറച്ചിരിക്കുകയാണ്.
ജി.എസ്.ടി സംബന്ധിച്ച് മിഥ്യകൾ പ്രചരിപ്പിക്കുന്നതിന് കോർപ്പറേറ്റ് മാധ്യമങ്ങളും മോദി സർക്കാരും മത്സരിച്ചുകൊണ്ടിരിക്കുകയാണ്.
മിഥ്യ 1: ഇന്ത്യയിലെ ജി.എസ്.ടി നിരക്കുകൾ വളരെ ഉയർന്നതാണ്. ഇത് സാമ്പത്തിക വളർച്ചയ്ക്കു തടസ്സമാണ്.
✔️യാഥാർത്ഥ്യം: 27 യൂറോപ്യൻ രാജ്യങ്ങളിൽ ശരാശരി ജി.എസ്.ടി / വാറ്റ് നിരക്ക് 21 ശതമാനമാണ്. ബ്രിക്സ് രാജ്യങ്ങളെടുത്താൽ ശരാശരി 14.1 ശതമാനമാണ്. ഇന്ത്യയിൽ 11.3 ശതമാനമാണ്. അതാണ് ഇപ്പോൾ 9.8 ശതമാനമായി വീണ്ടും കുറയ്ക്കുന്നത്. ജി.എസ്.ടിക്കു മുമ്പ് ചരക്കിനുമേൽ ശരാശരി കേന്ദ്ര-സംസ്ഥാന നികുതികളെടുത്താൽ 20 ശതമാനത്തിനു മുകളിൽ വരുമായിരുന്നു.
മിഥ്യ 2: ഇന്ത്യയിൽ ജി.എസ്.ടി നിരക്കുകളുടെ എണ്ണം കൂടുതലാണ്. ഇത് നികുതി വ്യവസ്ഥയെ സങ്കീർണ്ണമാക്കും. ഇത് അടിയന്തരമായി ലളിതവൽക്കരിച്ചേ തീരൂ.
✔️യാഥാർത്ഥ്യം: യൂറോപ്പിൽ മിനിമം 15 ശതമാനമാണ് സ്റ്റാന്റേർഡ് റേറ്റ്. ഓരോ രാജ്യത്തിനും അതിനേക്കാൾ കൂടുതലുമാകാം. അതുപോലെ എല്ലാ രാജ്യങ്ങൾക്കും അവശ്യവസ്തുക്കളുടെമേൽ താഴ്ന്ന 1-3 നിരക്കുകൾ വീതമുണ്ട്. ബ്രിക്സ് രാജ്യങ്ങളിലും ഇങ്ങനെ തന്നെയാണ്. ബ്രസീലിൽ ഇപ്പോൾ 6 നിരക്കുകളാണ്. റഷ്യയിൽ 20 ശതമാനവും പിന്നെ 2 തരം താഴ്ന്ന നിരക്കുകളുമാണ്. ചൈനയിൽ 13 ശതമാനം സ്റ്റാന്റേർഡ് നിരക്കും പിന്നെ താഴ്ന്ന നിരക്കുകളുമാണ്. കാനഡയിൽ 5 ശതമാനം ഫെഡറൽ ജിഎസ്ടിയും പിന്നെ ഓരോ പ്രവിശ്യയിലും വ്യത്യസ്ത നിരക്കുകളുമാണ്.
ജി.എസ്.ടിക്കു മുമ്പ് ഇന്ത്യയിൽ നിലവിലുണ്ടായിരുന്ന നൂറുകണക്കിന് വ്യത്യസ്ത പരോക്ഷ നികുതി വ്യവസ്ഥകളോട് ഇന്നത്തെ സ്ഥിതി വിലയിരുത്തിയാൽ ജി.എസ്.ടി എത്രയോ ലളിതമാണ്. അടിക്കടിയുണ്ടാകുന്ന മാറ്റങ്ങളാണ് ജിഎസ്ടിയെ സങ്കീർണ്ണമാക്കുന്നത്.
മിഥ്യ 3: നികുതി കുറയ്ക്കുന്നത് ചരക്കുകളുടെ വില കുറയ്ക്കും.
✔️യാഥാർത്ഥ്യം: 2018-ൽ ഇത് നടന്നില്ല. കേരളത്തിലെ നികുതി വകുപ്പ് 25 കമ്പനികളുടെ ചരക്കുകൾ എടുത്തു പഠിച്ചു. വളരെ ദുർലഭം ചരക്കുകളുടെ വിലകൾ കുറയ്ക്കാൻ മാത്രമേ കമ്പനികൾ തയ്യാറായുള്ളൂ. കോഴിയുടെ വില കുറയ്ക്കാൻ ഞാൻ ശ്രമിച്ചു പരാജയപ്പെട്ടതിന്റെ കഥ ഇപ്പോഴും എന്നെ കളിയാക്കാൻ സംഘികൾ ഉപയോഗിക്കുന്ന കാര്യമാണ്. ഇന്ത്യൻ കമ്പോളം കുത്തകകളുടെ നിയന്ത്രണത്തിലാണ്. ഈ പശ്ചാത്തലത്തിലാണ് ആന്റി പ്രോഫിറ്റിയറിംഗ് കമ്മീഷൻ ഉണ്ടാക്കിയത്. ഇപ്പോൾ ഇത്തരം കമ്മീഷൻ പോലും നിലവിലില്ല. ഉപഭോക്താവിന് എന്ത് ഇളവ് നൽകണമെന്ന് കുത്തകകൾക്ക് തന്നിഷ്ടപ്രകാരം തീരുമാനിക്കാൻ കഴിയും. ഇപ്പോഴത്തെ നികുതി ഇളവും കോർപ്പറേറ്റുകളുടെ ലാഭമായി മാറാനാണ് സാധ്യത.
മിഥ്യ 4: വില കുറയുമ്പോൾ ഉപഭോഗം കൂടും. അതിന്റെ ഫലമായി സംസ്ഥാനങ്ങളുടെ നികുതി വരുമാനം ഉയരും.
✔️യാഥാർത്ഥ്യം: 2018-ൽ ഇത് സംഭവിച്ചില്ല. 14 ശതമാനംവച്ച് ജിഎസ്ടി നികുതി വർദ്ധിക്കും എന്നായിരുന്നു തുടക്കത്തിൽ നൽകിയ ഉറപ്പ്. എന്നാൽ ഇതുവരെ ശരാശരി 11.08 ശതമാനം വീതമാണ് നികുതി വർദ്ധിച്ചിട്ടുള്ളത്. ഇതിനു പ്രധാനപ്പെട്ട കാരണം നികുതി നിരക്കുകളിൽ ഉണ്ടായിട്ടുള്ള ഇടിവാണ്.
കോവിഡുകാലത്ത് അന്തർദേശീയമായി എല്ലാ രാജ്യങ്ങളിലും കോവിഡിനും കോവിഡിനുശേഷവും നികുതി നിരക്കുകൾ കുറയ്ക്കുകയുണ്ടായി. അവിടുത്തെ അനുഭവങ്ങൾ നികുതി നിരക്ക് കുറച്ചത് വരുമാനത്തെ പ്രതികൂലമായി ബാധിച്ചൂവെന്നതാണ്. ഓരോ രാജ്യത്തിന്റെയും അനുഭവങ്ങളെക്കുറിച്ചുള്ള പഠനങ്ങൾ ലഭ്യമാണ്.
നികുതിയിലുണ്ടാകുന്ന കുറവ് ആനുപാതികമായി വിലയിൽ പ്രതിഫലിക്കില്ലായെന്നു പറഞ്ഞു കഴിഞ്ഞു. മാത്രമല്ല, നികുതിയിലെ കുറവ് മാത്രമല്ല വിലയെ സ്വാധീനിക്കുന്ന ഘടകങ്ങൾ. ഇന്നത്തെ ഏറ്റവും വലിയ പ്രശ്നം ട്രംപ് തീരുവയുടെ ഫലമായി ഇറക്കുമതിയുടെ വില ഉയരുന്നതിനും രൂപയുടെ മൂല്യം ഇടിയുന്നതിനുമുള്ള പ്രവണതയാണ്. ഇതുമൂലം വില ഉയരാനാണ് സാധ്യത. ഉപഭോഗ ഡിമാന്റിന്റെ വില ഇലാസ്തികത സംബന്ധിച്ച കണക്കുകൂട്ടലുകളെല്ലാം ഇതോടെ പൊളിയും.
മറ്റൊരു കാര്യം, കയറ്റുമതിയിൽ ഉണ്ടാകുന്ന ഇടിവ് ഇന്ത്യയിലെ ദേശീയ വരുമാന വളർച്ചയെ പ്രതികൂലമായി ബാധിക്കുമെന്നുള്ളതാണ്. ഇതുമൂലം ഉപഭോഗം ഉയരാനല്ല താഴാനാണ് സാധ്യത. ഇത്തരം കാര്യങ്ങളൊക്കെ മാറ്റിവച്ച് ഏകപക്ഷീയമായ അനുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് ജി.എസ്.ടി കുറച്ചാൽ ഉപഭോഗം കൂടുമെന്നും വരുമാനം വർദ്ധിക്കുമെന്നുമെല്ലാം വാദിക്കുന്നത്.
മിഥ്യ 5: നികുതി കുറയുന്നത് സാധാരണക്കാരനാണ് ഗുണം.
✔️യാഥാർത്ഥ്യം: നികുതി നിരക്കിലുണ്ടാകുന്ന കുറവിൽ ചെറിയൊരു ഭാഗം മാത്രമേ സാധാരണക്കാരനു ലഭിക്കൂ. മാത്രമല്ല, സാധാരണക്കാരൻ ഉപയോഗിക്കുന്ന ചരക്കുകളുടെ നികുതി നിരക്കുകളല്ല ഗണ്യമായി കുറഞ്ഞിട്ടുള്ളത്. 28 ശതമാനം ബ്രാക്കറ്റിൽ വരുന്ന ആഡംബര വസ്തുക്കൾക്കാണ്. ജി.എസ്.ടി നികുതി ഘടനയിലുണ്ടായിരുന്ന സാമ്പത്തികനീതിയുടെ (equity) ചെറിയ സ്വാധീനംപോലും ദുർബലപ്പെടുത്തിയിരിക്കുകയാണ്.
പണക്കാർക്കാണ് കൂടുതൽ ഇളവുകൾ ലഭിക്കുക. അതേസമയം, സംസ്ഥാന സർക്കാരിന്റെ വരുമാനം കുറയും. ഇത് ക്ഷേമ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കും. വലിയതോതിൽ ക്ഷേമപ്രവർത്തനങ്ങളോ വിദ്യാഭ്യാസ, ആരോഗ്യ ചെലവുകളോ ഇല്ലാത്ത ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് ഇതു പ്രശ്നമല്ല. പക്ഷേ, കേരളം പോലുള്ള സംസ്ഥാനങ്ങളെ ഈ ജി.എസ്.ടി പരിഷ്കാരം വളരെ പ്രതികൂലമായി ബാധിക്കാൻ പോവുകയാണ്.
August 22 ലെ പോസ്റ്റ്
August 17 ലെ പോസ്റ്റ്










0 comments