അധികാരികൾക്ക് 'അജ്ഞാത സുഹൃത്തുക്കളുടെ' സൗജന്യങ്ങൾ; ചോദ്യങ്ങൾ ബാക്കിയാണ്

'സുഹൃത്തുക്കൾ തമ്മിലുള്ള വ്യക്തിപരമായ ബന്ധങ്ങൾക്കും സഹായങ്ങൾക്കും നിയമപരമായും സാമൂഹികമായും അവകാശമുണ്ട്. എന്നാൽ ഒരു മന്ത്രി പോലുള്ള ഉന്നത ഭരണഘടനാ പദവിയിലുള്ള വ്യക്തിക്ക് വിലകൂടിയ യാത്രാ സൗകര്യങ്ങളോ വാഹനങ്ങളോ മറ്റ് സാമ്പത്തിക ആനുകൂല്യങ്ങളോ സ്വകാര്യ വ്യക്തികളിൽ നിന്ന് ലഭിക്കുമ്പോൾ, അതിന്റെ ഉറവിടവും ഉദ്ദേശ്യവും പൊതുജനങ്ങൾക്ക് അറിയേണ്ടതില്ലേ?'- രജിത് രാമചന്ദ്രൻ എഴുതുന്നു
ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തുന്ന ജനപ്രതിനിധികൾക്ക് സ്വകാര്യ വ്യക്തികളിൽ നിന്നോ ബിസിനസ് താൽപര്യങ്ങളുള്ളവരിൽ നിന്നോ ലഭിക്കുന്ന സൗജന്യങ്ങളും ആനുകൂല്യങ്ങളും സംബന്ധിച്ച് വ്യക്തത വേണ്ടതല്ലേ? ജനാധിപത്യ സംവിധാനത്തിൽ അധികാരസ്ഥാനത്തിരിക്കുന്ന ഒരാൾക്ക് ലഭിക്കുന്ന ഓരോ സൗകര്യവും അഴിമതിയാണെന്ന് പറയാനാവില്ല. സുഹൃത്തുക്കൾ തമ്മിലുള്ള വ്യക്തിപരമായ ബന്ധങ്ങൾക്കും സഹായങ്ങൾക്കും നിയമപരമായും സാമൂഹികമായും അവകാശമുണ്ട്. എന്നാൽ ഒരു മന്ത്രി പോലുള്ള ഉന്നത ഭരണഘടനാ പദവിയിലുള്ള വ്യക്തിക്ക് വിലകൂടിയ യാത്രാ സൗകര്യങ്ങളോ വാഹനങ്ങളോ മറ്റ് സാമ്പത്തിക ആനുകൂല്യങ്ങളോ സ്വകാര്യ വ്യക്തികളിൽ നിന്ന് ലഭിക്കുമ്പോൾ, അതിന്റെ ഉറവിടവും ഉദ്ദേശ്യവും പൊതുജനങ്ങൾക്ക് അറിയേണ്ടതില്ലേ?
ഇവിടെയാണ് ചില സമീപകാല സംഭവങ്ങൾ ചില ഗൗരവമുള്ള ചോദ്യങ്ങൾ ഉയർത്തുന്നത്. കേരളത്തിലെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ അമേരിക്കൻ യാത്രയെക്കുറിച്ച് ഉയർന്ന ചർച്ചകൾ ഇതിൽ ഒന്നാണ്. സുഹൃത്തിന്റെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാനായിരുന്നു യാത്രയെന്നും, യാത്രയുടെ ചെലവ് സർക്കാർ വഹിച്ചിട്ടില്ലെന്നും വിശദീകരണം വന്നിട്ടുണ്ട്. എന്നാൽ സർക്കാർ ചെലവാക്കിയിട്ടില്ലെങ്കിൽ ആ യാത്രയുടെ ടിക്കറ്റ് ഉൾപ്പെടെയുള്ള ചെലവുകൾ ആരാണ് വഹിച്ചത്? ഒരു സ്വകാര്യ വ്യക്തിയോ സുഹൃത്തോ ആ ചെലവ് വഹിച്ചിട്ടുണ്ടെങ്കിൽ, ആ വ്യക്തി ആരാണ്? എന്താണ് ആ സഹായത്തിന്റെ സ്വഭാവം? എത്ര രൂപയാണ് ചെലവായത്? ഈ വിവരങ്ങൾ പൊതുജനങ്ങൾക്ക് അറിയേണ്ടതില്ലേ?
അതുപോലെ തന്നെ മന്ത്രി കെ എം ഷാജി വിലകൂടിയ റേഞ്ച് റോവർ വാഹനം ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്. സർക്കാർ വാഹനത്തിന് പകരം ഒരു സുഹൃത്തിന്റെ വാഹനം ഉപയോഗിച്ചതാണെന്നും അതിന് സർക്കാരിൽ നിന്ന് ചെലവ് ആവശ്യപ്പെട്ടിട്ടില്ലെന്നും വിശദീകരണമുണ്ടെങ്കിൽ പോലും, കോടികൾ വിലമതിക്കുന്ന ഒരു ആഡംബര വാഹനം ഒരു മന്ത്രിക്ക് സൗജന്യമായി ഉപയോഗിക്കാൻ നൽകാൻ തയ്യാറായ സുഹൃത്ത് ആരാണ്? ആ വാഹനത്തിന്റെ ഉടമ ആരാണ്? ആ വ്യക്തിക്കോ സ്ഥാപനത്തിനോ സർക്കാരുമായോ മന്ത്രിയുടെ വകുപ്പുമായോ ഏതെങ്കിലും തരത്തിലുള്ള ഔദ്യോഗിക ഇടപാടുകളുണ്ടോ? ഉണ്ടെങ്കിൽ അതെന്താണ്?
മുഖ്യമന്ത്രി വി ഡി സതീശന്റെ ചാർട്ടേഡ് വിമാന യാത്രയെക്കുറിച്ചും സമാനമായ ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്. ഒരു സ്വകാര്യ വിമാനം യാത്രയ്ക്കായി ഏർപ്പെടുത്തിയിട്ടുണ്ടെങ്കിൽ വിമാനം ഏർപ്പെടുത്തിയത് ആരാണ്? യാത്രയുടെ ചെലവ് ആരാണ് വഹിച്ചത്? ആ ചെലവ് വ്യക്തിപരമായതാണോ, മറ്റാരെങ്കിലും വഹിച്ചതാണോ? മറ്റാരെങ്കിലും വഹിച്ചിട്ടുണ്ടെങ്കിൽ എന്തിന്റെ അടിസ്ഥാനത്തിലാണ് ആ സഹായം നൽകിയത്? ഇതൊന്നും കൂടാതെ മന്ത്രിസഭയിലെ 3,4 മന്ത്രിമാർ ഇപ്പോഴും വിദേശത്ത് ആണെന്നാണ് വാർത്തകൾ. ഇതൊക്കെ ആര് സ്പോൺസർ ചെയ്യുന്നത് ആണ്? ഇവയെല്ലാം രാഷ്ട്രീയ ആരോപണങ്ങളായി മാത്രം കാണേണ്ട വിഷയങ്ങളാണോ? അല്ലെങ്കിൽ, ഭരണത്തിൽ സുതാര്യതയും താൽപര്യസംഘർഷവും സംബന്ധിച്ച അടിസ്ഥാന ചോദ്യങ്ങളായി കാണേണ്ടതുണ്ടോ? ഒരു സാധാരണ വ്യക്തിക്ക് സുഹൃത്ത് ഒരു യാത്രാ ടിക്കറ്റ് എടുത്തുകൊടുക്കുന്നതും ഒരു മന്ത്രിക്ക് സ്വകാര്യ വ്യക്തി വിലകൂടിയ യാത്രാ സൗകര്യം ഒരുക്കുന്നതും ഒരേ സാഹചര്യമായി കാണാനാകുമോ? അധികാരസ്ഥാനത്തിരിക്കുന്ന ഒരാൾക്ക് ലഭിക്കുന്ന ഇത്തരം സൗജന്യങ്ങൾ പിന്നീട് ഏതെങ്കിലും തരത്തിലുള്ള പ്രതീക്ഷകളുമായി ബന്ധപ്പെട്ടതാണോ എന്ന് പരിശോധിക്കേണ്ടതില്ലേ?
പ്രത്യേകിച്ച് ഒരു സഹായം നൽകുന്ന വ്യക്തിക്ക് സർക്കാരുമായോ സർക്കാർ സ്ഥാപനങ്ങളുമായോ ബിസിനസ് ബന്ധങ്ങളുണ്ടെങ്കിൽ ചോദ്യം കൂടുതൽ പ്രസക്തമാകില്ലേ? ആരാണ് ഈ ‘സുഹൃത്തുക്കൾ’? അവർ എന്ത് ബിസിനസാണ് ചെയ്യുന്നത്? അവർക്ക് സർക്കാരുമായോ സർക്കാർ സ്ഥാപനങ്ങളുമായോ എന്തെങ്കിലും കരാറുകളോ സാമ്പത്തിക ഇടപാടുകളോ ഉണ്ടോ? ഈ സൗജന്യങ്ങൾ എന്തിനാണ് നൽകുന്നത്? അതിന് പകരമായി എന്തെങ്കിലും പ്രതീക്ഷിക്കുന്നുണ്ടോ? ഇത്തരം ആനുകൂല്യങ്ങൾ മന്ത്രിമാർ ഔദ്യോഗികമായി പ്രഖ്യാപിക്കേണ്ടതുണ്ടോ? പ്രഖ്യാപിച്ചിട്ടുണ്ടെങ്കിൽ അതിന്റെ രേഖകൾ എവിടെയാണ്? പ്രഖ്യാപിച്ചിട്ടില്ലെങ്കിൽ അതിന് കാരണമെന്താണ്? ഇവ ചോദിക്കുന്നത് ആരെയും കുറ്റക്കാരനാക്കുന്നതിനല്ല. മറിച്ച്, ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ യഥാർത്ഥ വസ്തുതകൾ പുറത്തുകൊണ്ടുവരുന്നതിനാണ്.
ഇന്ത്യയിലെ അഴിമതി നിരോധന നിയമം പൊതുസേവകർക്ക് ലഭിക്കുന്ന അനധികൃത ആനുകൂല്യങ്ങളെയും, പൊതുസേവകന്റെ ഔദ്യോഗിക പ്രവർത്തനങ്ങളെ സ്വാധീനിക്കാനുള്ള ഉദ്ദേശത്തോടെ നൽകുന്ന ‘undue advantage’കളെയും പ്രത്യേകം പരിഗണിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഒരു സ്വകാര്യ വ്യക്തി ഒരു മന്ത്രിക്ക് നൽകുന്ന വിലകൂടിയ ആനുകൂല്യത്തിന്റെ സ്വഭാവം, ഉദ്ദേശ്യം, അതുമായി ബന്ധപ്പെട്ട ഔദ്യോഗിക ബന്ധം എന്നിവ പരിശോധിക്കുന്നത് പ്രസക്തമല്ലേ? അതേസമയം, ഒരു സുഹൃത്ത് വ്യക്തിപരമായ കാരണങ്ങളാൽ ഒരു സഹായം ചെയ്തു എന്നത് മാത്രം കൊണ്ട് അത് നിയമവിരുദ്ധമാണെന്ന് പറയാനും കഴിയില്ല. അതിനാൽ തന്നെ ആരോപണങ്ങളേക്കാൾ പ്രധാനപ്പെട്ടത് രേഖകളും വസ്തുതകളും പുറത്തുവരിക എന്നതാണ്.
യാത്രയ്ക്ക് പണം നൽകിയത് ആരാണെന്ന് വ്യക്തമാക്കാം. വാഹനം നൽകിയതാര് എന്ന് വ്യക്തമാക്കാം. ചെലവഴിച്ച തുക എത്രയെന്ന് വ്യക്തമാക്കാം. സഹായം നൽകിയ വ്യക്തിക്ക് സർക്കാരുമായുള്ള ബന്ധം എന്താണെന്ന് വ്യക്തമാക്കാം. ഇതെല്ലാം പൊതുജനങ്ങൾക്ക് മുന്നിൽ വെച്ചാൽ സംശയങ്ങൾക്ക് സ്വാഭാവികമായും മറുപടി ലഭിക്കും. എന്നാൽ ഇത്തരം വിഷയങ്ങളിൽ പലപ്പോഴും ഉയരുന്ന പ്രധാന ചോദ്യം മറ്റൊന്നാണ്: ഭരണാധികാരികൾക്ക് ലഭിക്കുന്ന ഇത്തരം സ്വകാര്യ സഹായങ്ങളെക്കുറിച്ച് നമ്മുടെ മാധ്യമങ്ങൾ മതിയായ രീതിയിൽ അന്വേഷിക്കുന്നുണ്ടോ? ഒരു മന്ത്രിയുടെ യാത്രയ്ക്കുള്ള പണം ആരാണ് നൽകിയത് എന്ന ചോദ്യം ചോദിക്കുന്നത് രാഷ്ട്രീയ വിരോധമാണോ? ഒരു മന്ത്രിക്ക് കോടികൾ വിലമതിക്കുന്ന വാഹനം സൗജന്യമായി ഉപയോഗിക്കാൻ നൽകിയത് എന്തുകൊണ്ടാണെന്ന് അന്വേഷിക്കുന്നത് അനാവശ്യമായ ഇടപെടലാണോ? ഒരു മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാനത്തിന്റെ ചെലവ് ആരാണ് വഹിച്ചതെന്ന് ചോദിക്കുന്നത് തെറ്റാണോ? ഇതൊന്നും വ്യക്തിപരമായ ജീവിതത്തിലേക്കുള്ള കടന്നുകയറ്റമല്ല. അധികാരസ്ഥാനത്തിരിക്കുന്ന വ്യക്തിക്ക് ലഭിക്കുന്ന സാമ്പത്തിക ആനുകൂല്യങ്ങളുടെ സുതാര്യതയെക്കുറിച്ചുള്ള പൊതുചോദ്യങ്ങളാണ്.
ജനാധിപത്യത്തിൽ ഭരണാധികാരികൾ ജനങ്ങളോട് കണക്കു പറയേണ്ടവരാണ്. അതുപോലെ തന്നെ മാധ്യമങ്ങൾ അധികാരത്തോട് ചോദ്യങ്ങൾ ചോദിക്കേണ്ടവരുമാണ്. അതിനാൽ ഈ വിഷയത്തിൽ അന്തിമ വിധി പറയേണ്ടത് ആരും ഇപ്പോൾ ആവശ്യമില്ല. ചോദ്യങ്ങൾക്ക് മറുപടി ലഭിച്ചാൽ മതി. ആരാണ് പണം നൽകിയത്? എന്തിനാണ് നൽകിയത്? എത്രയാണ് നൽകിയത്? എന്താണ് അതിന്റെ നിയമപരമായ സ്ഥാനം? സഹായം നൽകിയ വ്യക്തിക്ക് സർക്കാരുമായുള്ള ബന്ധമെന്താണ്? ഇത്തരം സഹായങ്ങൾ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടുണ്ടോ? ഈ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി ലഭിക്കുന്നതുവരെ, ‘അജ്ഞാത സുഹൃത്തുക്കളുടെ’ സൗജന്യങ്ങളെക്കുറിച്ചുള്ള സംശയങ്ങൾ നിലനിൽക്കുന്നത് സ്വാഭാവികമല്ലേ? അധികാരത്തിന്റെ സുതാര്യത ഉറപ്പാക്കുക എന്നത് ആരെയെങ്കിലും കുറ്റക്കാരനാക്കാനുള്ള ശ്രമമല്ല. ജനാധിപത്യത്തിൽ അധികാരത്തോട് ചോദിക്കുന്ന അടിസ്ഥാന ചോദ്യമാണത്.
രജിത് രാമചന്ദ്രൻ.









0 comments