'50 ശതമാനം ഓഹരി നൽകൂ, എങ്കിൽ കമ്പനിയെ സ്വന്തം കുഞ്ഞായി നോക്കാം'; സ്റ്റാർട്ടപ്പ് സ്ഥാപകന് ജെൻ സീ ജീവനക്കാരന്റെ മറുപടി

ഗുരുഗ്രാം: ജോലിസമയം കഴിഞ്ഞ് രാത്രി 7 മണിക്ക് ലോഗ് ഓഫ് ചെയ്തതിന് ശാസിച്ച സ്റ്റാർട്ടപ്പ് സ്ഥാപകന് മറുപടിയുമായി ജെൻ സീ യുവ ജീവനക്കാരൻ. കമ്പനിയെ സ്വന്തം കുഞ്ഞായി കണ്ട് അധികസമയം ജോലി ചെയ്യണമെന്ന സ്ഥാപകന്റെ ഉപദേശത്തിന്, എങ്കിൽ കമ്പനിയുടെ 50 ശതമാനം ഓഹരി നൽകൂ എന്നായിരുന്നു യുവാവ് ആവശ്യപ്പെട്ടത്. ഗുരുഗ്രാമിലെ ഒരു സ്റ്റാർട്ടപ്പിൽ നടന്ന സംഭവം നിഷാന്ത് ജോഷി എന്നയാളാണ് ലിങ്ക്ഡ്ഇന്നിലൂടെ പങ്കുവെച്ചത്.
സ്ഥാപനത്തിന് വേണ്ടി കൂടുതൽ അർപ്പണബോധത്തോടെയും ഉടമസ്ഥാവകാശ ബോധത്തോടെയും ജോലി ചെയ്യണമെന്ന് സ്ഥാപകൻ ജീവനക്കാരനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായാണ് താൻ നിലവിൽ വെറുമൊരു 'ബേബി സിറ്റർ' മാത്രമാണെന്നും, 50 ശതമാനം ഓഹരി ലഭിച്ചാൽ മാത്രമേ കമ്പനിയെ സ്വന്തമായി കാണാൻ കഴിയൂ എന്നും യുവാവ് മറുപടി നൽകിയത്. താൻ ഒരു ഇൻ്റേണിന്റെ ശമ്പളത്തിനാണ് ജോലി ചെയ്യുന്നതെന്നും, ഒരു സിഇഒയുടെ ഉത്തരവാദിത്തവും ഉറക്കമില്ലാത്ത രാത്രികളും തന്നിൽ നിന്ന് പ്രതീക്ഷിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
35,000 രൂപ ശമ്പളം വാങ്ങുന്ന ജീവനക്കാരോട് സ്ഥാപകർ കാണിക്കുന്ന അമിതമായ ജോലി സമ്മർദ്ദത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ വലിയ സംവാദമാണ് ഇതോടെ ഉയർന്നിരിക്കുന്നത്. "ഒരു ഇൻ്റേണിന്റെ ബജറ്റിൽ നിങ്ങൾക്ക് ഒരു കോ-ഫൗണ്ടറുടെ അർപ്പണബോധം വാങ്ങാൻ കഴിയില്ല" എന്നാണ് ലിങ്ക്ഡ്ഇന്നിൽ പലരും പ്രതികരിച്ചത്. കരാർ പ്രകാരമുള്ള ജോലിസമയം കഴിഞ്ഞാൽ ലോഗ് ഓഫ് ചെയ്യാനുള്ള അവകാശം ജീവനക്കാർക്കുണ്ടെന്നും, ഉടമസ്ഥാവകാശത്തിന് തുല്യമായ സാമ്പത്തിക വിഹിതം നൽകാതെ അമിത ജോലി ചെയ്യിപ്പിക്കുന്നത് ശരിയല്ലെന്നും ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു.










0 comments