ad
Deshabhimani

'ഇരിക്കുന്ന കൊമ്പ് മുറിക്കുന്നവരോട് സഹതാപം മാത്രം; കാലം കണക്ക് ചോദിക്കും'

v k sanoj xylam.jpg
വെബ് ഡെസ്ക്

Published on May 08, 2026, 09:29 AM | 2 min read

തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമീഷനെതിരെ (പിഎസ്‍സി) സൈലം കോച്ചിംഗ് സെൻ്റര്‍ നടത്തിയ ആരോപണത്തിന് മറുപടിയുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. രാഷ്ട്രീയ നിലപാടുകൾക്ക് വേണ്ടി ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന നിങ്ങളോട് സഹതാപം മാത്രമേ ഞങ്ങൾക്കുള്ളൂ എന്നും കേരളത്തിലെ യുവാക്കളോട് നിങ്ങൾ നടത്തിയ വഞ്ചനകൾക്ക് കാലം കണക്ക് ചോദിക്കുക തന്നെ ചെയ്യുമെന്നും സനോജ് ഫെയ്സ്ബുക്കിൽ കുറിച്ചു.


'പിഎസ്‌സി വഴി പിൻവാതിൽ നിയമനമാണ് എന്ന പച്ചക്കള്ളം നാട്ടിലാകെ ബോർഡുകളിൽ എഴുതിവെച്ച യുഡിഎഫിന് വേണ്ടി പണിയെടുത്ത ചില കോച്ചിംഗ് മേലാളന്മാരുണ്ട്. അതിലൊരു കോച്ചിംഗ് സെൻ്റർ ഇലക്ഷൻ ഫലത്തിലെ ആവേശം കൊണ്ട് പോസ്റ്റർ വരെ ഇറക്കിക്കളഞ്ഞു. ഇവരൊക്കെ ആർക്ക് വേണ്ടിയാണ് കേരളത്തിലെ യുവാക്കളെ കബളിപ്പിച്ചിരുന്നത് എന്ന് മനസിലാക്കാൻ വേറെ തെളിവ് വേണ്ട. കോച്ചിംഗ് വ്യവസായവും ഓൺലൈൻ കോച്ചിംഗും യൂട്യൂബ് വരുമാനവുമൊക്കെ തഴച്ചുവളർന്നത് ഇവിടെ കൃത്യമായി പരീക്ഷകളും നിയമനങ്ങളും നടന്നത് കൊണ്ടാണ്'- സനോജ് കുറിപ്പിൽ പറഞ്ഞു.


ഫെയ്സ്ബുക്ക് കുറിപ്പ്


കഴിഞ്ഞ പത്ത് വർഷം കേരള പിഎസ്സിക്കും കേരള സർക്കാരിനുമെതിരെ ചില കോച്ചിംഗ് സെൻ്ററുകൾ നടത്തിയ പ്രചാരണങ്ങൾ പല ഘട്ടത്തിലും കേരളസമൂഹം കണ്ടതാണ്. മൂന്ന് ലക്ഷത്തിലേറെ നിയമനശുപാർശകളാണ് കഴിഞ്ഞ പത്ത് വർഷങ്ങൾക്കിടെ കേരള പിഎസ്സി നൽകിയത്. രാജ്യത്ത് സർക്കാർ സർവീസുകളിലേക്കുള്ള നിയമനങ്ങൾ ഇല്ലാതായ ഒരു കാലത്തായിരുന്നു യുവജനങ്ങൾക്ക് ആശ്വാസം പകരുന്ന ഒരു ബദൽ കേരളം ഭരിച്ച പിണറായി സർക്കാർ നടപ്പാക്കിയത്. രാജ്യത്തെ എല്ലാ പിഎസ്സികളും കൂടി നടത്തിയതിൻ്റെ 60 ശതമാനം നിയമനങ്ങളും കേരള പിഎസ്‌സിയാണ് നടത്തിയത് എന്ന വസ്തുത കൂടി കണക്കിലെടുക്കുമ്പോഴാണ് ഈ ബദലിന്റെ വലിപ്പം നാം തിരിച്ചറിയുക.


കോവിഡും പ്രളയവും കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധവുമൊക്കെ കേരളത്തിന് ഏൽപിച്ച ക്ഷതങ്ങൾ ചെറുതല്ല. എന്നാൽ, മഹാപ്രളയം തീർത്ത വൻ പ്രതിസന്ധികാലത്ത് കേരള പിഎസ്‌സി 2018ലും 2019ലുമായി അര ലക്ഷത്തിലേറെ യുവാക്കൾക്കാണ് സർക്കാർ സർവീസിൽ ജോലി നൽകിയത്. ലോകത്താകെ തൊഴിൽനഷ്ടങ്ങളാണ് കോവിഡ് കാലത്ത് സംഭവിച്ചത്. എന്നാൽ, 2020,2021,2022 വർഷങ്ങളിൽ കേരളത്തിൽ നിയമനശുപാർശകൾ ലഭിച്ച ഉദ്യോഗാർത്ഥികളുടെ എണ്ണം യഥാക്രമം 25,914, 26,724, 22,393 എന്നിങ്ങനെയാണ്. കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തിലും2023ന് ശേഷം പ്രതിവർഷം ശരാശരി മുപ്പതിനായിരത്തിലേറെ നിയമനങ്ങൾ കേരള പിഎസ്സി നടത്തി. ഈ കാലയളവിലൊക്കെ സാമ്പത്തിക പ്രതിസന്ധി പറഞ്ഞ് നിയമനങ്ങൾ നിർത്തി വെക്കാമായിരുന്നു സർക്കാരിന്. പക്ഷെ, പിണറായി സർക്കാർ സ്വീകരിച്ച യുവജനപക്ഷനിലപാടിന്റെ തെളിവാണ് മുകളിൽ പറഞ്ഞ കണക്കുകൾ.


പിഎസ്‌സി ഒരു നോക്കുകുത്തി എന്ന് മനോരമയുടെ തൊഴിൽ പ്രസിദ്ധീകരണം കവർ സ്റ്റോറി ചെയ്തത് 2016 ഫെബ്രുവരിയിലാണ്. ആ ഇരുണ്ട കാലത്തിൽ നിന്നാണ് ഇന്ന് കാണുന്ന രീതിയിൽ നിയമന പ്രക്രിയയുടെ ഓരോ ഘട്ടങ്ങളും ഓൺലൈനിലാക്കി പിണറായി വിജയൻ്റെ സർക്കാർ മൂന്ന് ലക്ഷത്തിലധികം നിയമനങ്ങൾ നടത്തിയത്. ഈ കാലയളവിൽ മുപ്പതിനായിരത്തിലേറെ തസ്തികകളാണ് കേരളത്തിൽ പുതിയതായി സൃഷ്ടിച്ചത്. സർക്കാർ സർവീസിലെ അധികം തസ്തികകൾ കണ്ടെത്താൻ കമ്മിറ്റിയെ വെച്ച ഉമ്മൻ ചാണ്ടിയുടെ കാലത്ത് നിന്നാണ് ഈ മാറ്റം വന്നത്. പുതിയതായി സർവീസിൽ വന്ന ചെറുപ്പക്കാർക്ക് പെൻഷൻ സുരക്ഷ നിഷേധിച്ചതും ഉമ്മൻ ചാണ്ടി തന്നെ.


റാങ്ക് ലിസ്റ്റിലെ നിയമനങ്ങൾ ഉറപ്പാക്കാൻ പല ഘട്ടങ്ങളിലും റാങ്ക് ഹോൾഡർമാരുടെ സംഘടനകൾ നടത്തിയ പ്രവർത്തനങ്ങളെ പിന്തുണച്ചവരാണ് ഡിവൈഎഫ്ഐ. മാധ്യമങ്ങളുടെ സഹായത്തോടെ ചില കൂട്ടർ നടത്തിയ പച്ചയായ രാഷ്ട്രീയതാൽപര്യങ്ങളുള്ള ചില സമരങ്ങളോട് വിയോജിച്ചിട്ടുമുണ്ട്. പിഎസ്‌സി വഴി പിൻവാതിൽ നിയമനമാണ് എന്ന പച്ചക്കള്ളം നാട്ടിലാകെ ബോർഡുകളിൽ എഴുതിവെച്ച യുഡിഎഫിന് വേണ്ടി പണിയെടുത്ത ചില കോച്ചിംഗ് മേലാളന്മാരുണ്ട്. അതിലൊരു കോച്ചിംഗ് സെൻ്റർ ഇലക്ഷൻ ഫലത്തിലെ ആവേശം കൊണ്ട് പോസ്റ്റർ വരെ ഇറക്കിക്കളഞ്ഞു. ഇവരൊക്കെ ആർക്ക് വേണ്ടിയാണ് കേരളത്തിലെ യുവാക്കളെ കബളിപ്പിച്ചിരുന്നത് എന്ന് മനസിലാക്കാൻ വേറെ തെളിവ് വേണ്ട.

ഏതായാലും, ഇവരോഠൊക്കെ ഒന്നേ പറയാനുള്ളൂ. കോച്ചിംഗ് വ്യവസായവും ഓൺലൈൻ കോച്ചിംഗും യൂട്യൂബ് വരുമാനവുമൊക്കെ തഴച്ചുവളർന്നത് ഇവിടെ കൃത്യമായി പരീക്ഷകളും നിയമനങ്ങളും നടന്നത് കൊണ്ടാണ്. രാഷ്ട്രീയ നിലപാടുകൾക്ക് വേണ്ടി ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന നിങ്ങളോട് സഹതാപം മാത്രമേ ഞങ്ങൾക്കുള്ളൂ. കേരളത്തിലെ യുവാക്കളോട് നിങ്ങൾ നടത്തിയ വഞ്ചനകൾക്ക് കാലം കണക്ക് ചോദിക്കുക തന്നെ ചെയ്യും.






deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home