ad
Deshabhimani

'കേരളം വിടുംവരെ കേരളമെന്താണെന്നു നമ്മളിൽ പലരും തിരിച്ചറിയുന്നില്ല'; ബിഹാറിലെ ഞെട്ടിക്കുന്ന അവസ്ഥ വിവരിച്ച് ഡോ.ഷിംന അസീസ്

Shimna Azeez FB Post

ഡോ.ഷിംന അസീസ്

വെബ് ഡെസ്ക്

Published on Mar 25, 2026, 09:41 PM | 7 min read

ബിഹാറിലെ ആരോ​ഗ്യമേഖലയുടെ ഞെട്ടിക്കുന്ന അവസ്ഥ വിവരിച്ച് ആരോ​ഗ്യപ്രവർത്തകയും എഴുത്തുകാരിയുമായ ഡോ.ഷിംന അസീസ്. ഡ്രിപ്പ് ഇട്ട് കിടക്കാൻ പോലും സൗകര്യമുള്ള സർക്കാർ ആശുപത്രികളോ യോ​ഗ്യതയുള്ള ഡോക്ടർമാരോ ഇല്ലാത്ത ബിഹാറിന്റെ ദുരവസ്ഥയാണ് ലോകാരോഗ്യ സംഘടനയുടെ ഭാ​ഗമായി പ്രവർത്തിക്കുന്ന ഷിംന സോഷ്യൽമീഡിയ കുറിപ്പിൽ പങ്കുവെക്കുന്നത്. കേരളത്തിലെ ആരോ​ഗ്യരം​ഗം ഏറ്റവും മോശമായി പ്രതിപക്ഷവും വലതുപക്ഷ മാധ്യമങ്ങളും ചിത്രീകരിക്കുമ്പോൾ, കേരളത്തിന് പുറത്ത് പല സംസ്ഥാനങ്ങളിലെയും അവസ്ഥ എത്രമാത്രം ദയനീയമാണെന്ന് ഷിംനയുടെ പോസ്റ്റിൽ പലരും പ്രതികരിക്കുന്നുണ്ട്.


ബിഹാറിൽ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിൽ ഒപി നോക്കാൻ ബഹുഭൂരിപക്ഷം ഇടങ്ങളിലും എംബിബിഎസ് ഡോക്ടർമാരില്ല. ആയുഷ് ഡോക്ടർമാരോ ശാരീരികരോഗങ്ങൾ ആഴത്തിൽ പഠിച്ചിട്ടില്ലാത്ത ഡെന്റിസ്റ്റോ ആണ് മെഡിക്കൽ ഒപി നോക്കുന്നതെന്ന് ഷിംന പറയുന്നു. ഗർഭപാത്രവും സെർവിക്‌സും ഒന്നല്ലേ എന്ന് ചോദിച്ച ബിഹാറിലെ ഒരു ഡോക്ടറെക്കുറിച്ചുള്ള അനുഭവവും ഷിംന പങ്കുവെക്കുന്നുണ്ട്. പ്രസവത്തിന്റെ പേരിൽപോലും സാധാരണക്കാരിൽ നിന്ന് വൻതുക നഴ്സും ആശാവർക്കർമാരും പിടിച്ചെടുക്കുന്നത് ബിഹാറിൽ പതിവാണ്. ആണിന്റെ ഗർഭപാത്രം 'എടുത്തു കളഞ്ഞ' ഡോക്ടർ പോലും നല്ല നിലയിൽ പ്രാക്ടീസ് ചെയ്യുന്നുണ്ട്. കണ്ണിൽ‌ചോരയില്ലാതെയാണ് ഫീസ് വാങ്ങുന്നത്. ചോദ്യം ചെയ്യാൻ പോലും ആകാത്ത സ്ഥിതി. അതിനിടെ വ്യാജ ഡോക്ടർമാരും യഥേഷ്ടം വിഹരിക്കുന്ന നാടാണ് ബിഹാർ. കേരളത്തിലെ സർക്കാർ ആശുപത്രിയെ കുറിച്ചുള്ള വാർത്തകളും വിമർശനങ്ങളും ബഹളങ്ങളുമൊക്കെ കാണുമ്പോൾ "നമുക്ക് കുറവുകൾ അല്ലേ ഉള്ളൂ, ഇല്ലായ്മകൾ ഇല്ലല്ലോ" എന്ന് താൻ ചിന്തിക്കാറുണ്ടെന്നും ഷിംന പറയുന്നു.


ഡോ.ഷിംന അസീസിന്റെ ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപം ചുവടെ



കുറച്ച് ദിവസമായി എഞ്ചിൻ ഔട്ട് കംപ്ലീറ്റ്‌ലി ആണ്. ആണ്ടിനും സംക്രാന്തിക്കുമൊക്കെയേ വല്ല രോഗവും വരാറുള്ളൂ. വന്നാൽ ന്റെ കട്ടേം പടോം മടങ്ങുകേം ചെയ്യും.

ഇക്കുറി എവിടുന്ന് കേറിക്കൂടി എന്നറിഞ്ഞൂടാത്ത ഏതോ സംസ്കാരശൂന്യനായ വൈറസ് മൂക്ക് തുടങ്ങി തൊണ്ട വഴി ശ്വാസകോശത്തിന്റെ കന്നിമൂല വരെ കൈയ്യേറി അധോഗതിയായി ഇരിക്കുമ്പോഴാണ് ഒരു കമ്പനിക്ക് 'ലവൾ' കൂടി വരുന്നത്. ഒരു തരത്തിൽ ചൂടുവെള്ളവും വിശ്രമവും നല്ല ഭക്ഷണവും ഗുളികയും മരുന്നും ഒക്കെയായി ഒരാഴ്ച പനിച്ചും ചുമച്ചും ശ്വാസംമുട്ടിയും കഴിഞ്ഞ് നിവർന്നു നിൽക്കാനുള്ള ശേഷി ഏതാണ്ട് തിരികെ കിട്ടിയിരുന്നു.


അന്നേരം 'ആ ദിവസങ്ങൾ' വന്നുകേറി. അത് പിന്നെ പണ്ടേ അങ്ങനാ- ഒഴിവാക്കാനാകാത്ത ചടങ്ങുകൾ, പരീക്ഷ, ഇന്റർവ്യൂ, യാത്ര, രോഗം തുടങ്ങി എന്തുണ്ടെങ്കിലും പിരീഡ്‌സ് വലിഞ്ഞു കേറി വന്നോളും. വയറുവേദന, ദേഹമാസകലം നീര്, രോഗം തന്ന ക്ഷീണത്തിന് മേലെ തളർച്ച ഒന്നും പറയേണ്ട, മുന്നത്തേക്കാൾ കഷ്ടപ്പാടായി. കൂടെ, ശരീരത്തിന് എന്നോട് വല്ല വൈരാഗ്യവും ഉള്ളത് പോലത്തെ രക്തസ്രാവവും. ഉള്ളത് പറഞ്ഞാൽ പലപ്പോഴും കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ പറ്റാത്ത സ്ഥിതി പോലുമായിരുന്നു. വീട്ടിൽ വിരുന്നിന് വന്ന കൂട്ടുകാരി Rose Sara Mathew എന്റെ ദുരവസ്ഥ കണ്ട് കുറച്ചു ദിവസം കൂടി നിൽക്കാൻ തീരുമാനിച്ചതിനാൽ അവളുടെ നിരീക്ഷണത്തിലായി കുറെ ദിവസത്തെ എന്റെ വീട്ടിലെയും ഓഫീസിലെയും ജോലി.


ഇത്ര ചെറിയ കാര്യങ്ങളൊക്കെ ഇങ്ങനെ പരത്തിപ്പറയാൻ മാത്രം എന്തിരിക്കുന്നു എന്ന് തോന്നാം. ഞാനുള്ളത് ഇങ്ങ് ബിഹാറിലാണ്. ചെന്ന് ചികിത്സ തേടാൻ കൊള്ളാവുന്ന വിരലിലെണ്ണാവുന്ന ഡോക്ടർമാർ ഉണ്ടെങ്കിലും മനസ്സമാധത്തോടെ ഒന്ന് ഡ്രിപ് ഇട്ട് കിടക്കാൻ പോലും നേരെ ചൊവ്വേ ഒരു ഹോസ്പിറ്റൽ ജില്ലാ ആസ്ഥാനമായ ഈ ടൗണിലില്ല. രണ്ടര വർഷമായി ഒരു വിധമൊക്കെ സെൽഫ് ട്രീറ്റ്മെന്റ് തന്നെയാണ്, ബാക്കി ചികിത്സക്ക് വിവിധ സ്പെഷ്യാലിറ്റിയിൽ ഉള്ള നാട്ടിലെ സുഹൃത്തുക്കളെ വിളിക്കും. ഞങ്ങൾ ലോകാരോഗ്യ സംഘടനക്കാർക്ക് ട്രീറ്റ്മെന്റിനായി ടാഗ് ചെയ്തു തന്നിരിക്കുന്ന കോർപറേറ്റ് ആശുപത്രി പട്നയിൽ ആണ്. എമർജൻസി ഉണ്ടായാൽ പട്നക്ക് നിലവിളി ശബ്ദമിട്ട് ഓടിയെത്തുമ്പോഴേക്ക് പടമാകാനും ചാൻസുണ്ട്. ചുറ്റുപാടും ഏറെ കരുതലും സ്നേഹവും തരുന്ന മലയാളി സുഹൃത്തുക്കളും വിളിച്ചാൽ ഓടി വരാൻ സ്റ്റാഫും കുടുംബങ്ങളും ഒന്നാം നിലയിൽ താമസിക്കുന്ന വീട്ടുടമയുടെ ഫാമിലിയും ഒക്കെയുണ്ട്. പക്ഷെ, ഇത്രേം നല്ല മനുഷ്യർ സ്റ്റാൻഡ് ബൈ ഉണ്ടായിട്ടും, സൗകര്യങ്ങളും പ്രിവിലേജുമേറെ ഉണ്ടെങ്കിലും ഏത് ആശുപത്രിയിൽ പോകും, പോയിട്ട് എന്ത് കാര്യം എന്നതാണ് ചോദ്യം.

കമന്റിൽ ചോദിക്കാറില്ലേ, ബിഹാറിലെ ഹെൽത് സിസ്റ്റത്തെ കുറിച്ച് എഴുതാത്തത് എന്താണെന്ന്? അതത്രേം നീണ്ടൊരു കദനകഥയായത് കൊണ്ട് തന്നെ.


നാട്ടിലെ സർക്കാർ ആശുപത്രിയെ കുറിച്ചുള്ള വാർത്തകളും വിമർശനങ്ങളും ബഹളങ്ങളുമൊക്കെ കാണുമ്പോൾ ഞാനിടക്ക് ചിന്തിക്കാറുണ്ട് "നമുക്ക് കുറവുകൾ അല്ലേ ഉള്ളൂ, ഇല്ലായ്മകൾ ഇല്ലല്ലോ" എന്ന്. ശാസ്ത്രീയ ചികിത്സ കിട്ടാനുള്ള സാധ്യതയെങ്കിലും ഉണ്ടല്ലോ. ബിഹാറിൽ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിൽ ഒപി നോക്കാൻ ബഹുഭൂരിപക്ഷം ഇടങ്ങളിലും എംബിബിഎസ് ഡോക്ടർമാരില്ല. ആയുഷ് ഡോക്ടർമാരോ ശാരീരികരോഗങ്ങൾ ആഴത്തിൽ പഠിച്ചിട്ടില്ലാത്ത ഡെന്റിസ്റ്റോ ആണ് മെഡിക്കൽ ഒപി നോക്കുന്നത്. എന്തറിഞ്ഞിട്ടാണെന്ന് ചോദിക്കരുത്. മെഡിക്കൽ ഡിഗ്രി ഉണ്ടെന്ന് അവകാശപ്പെടുന്ന ചില ഡോക്ടർമാർ കാണിക്കുന്ന പരാക്രമങ്ങളും പറയാതിരിക്കുകയാണ് ഭേദം.


ഗർഭാശയമുഖത്ത് എച് പി വി വൈറസ് ഉണ്ടാക്കുന്ന ക്യാൻസർ തടയാനുള്ള വാക്സിന്റെ സർക്കാർതല ലോഞ്ചിന് അത് ഗർഭപാത്രത്തിലെ ഫൈബ്രോയിഡ് തടയാനുള്ള വാക്സിൻ ആണെന്ന് ക്ലാസെടുത്തു ഒരു സീനിയർ ഡോക്ടർ. പൊതുവെ വല്യ സീനില്ലാത്ത ഗർഭപാത്രത്തിലെ മുഴ തടയാനല്ല, മരണകാരണം വരെ ആയേക്കാവുന്ന സെർവിക്സിലെ വൈറൽ അണുബാധ കൊണ്ടുള്ള കാൻസർ തടയാനാണ് ഈ വാക്സിൻ എന്ന് സ്വകാര്യമായി പറഞ്ഞപ്പോൾ, രണ്ട് രോഗവും ഒന്ന് തന്നെയല്ലേ, ഗർഭപാത്രവും സെർവിക്‌സും ഒന്നാണ് എന്ന്! ഏറ്റവും ആശങ്കയുണർത്തിയ കാര്യം, ഇദ്ദേഹം അണ്ഡവാഹിനികുഴൽ മുറിച്ച്‌ സ്ത്രീകളുടെ പ്രസവം നിർത്തുന്ന ട്യൂബക്ടമി ശസ്ത്രക്രിയ നിത്യമെന്നോണം ചെയ്യുന്ന ചികിത്സകൻ ആണെന്നതാണ്. പറഞ്ഞാൽ തീരാത്തത്ര സമാന അനുഭവങ്ങളുണ്ട്.


മിക്ക ഗ്രാമങ്ങളിലെയും ഹെൽത് സബ് സെന്ററുകളിൽ ആറു മാസത്തെ ട്രെയിനിങ് കിട്ടിയ നേഴ്‌സുമാർ ആണ് 'കമ്യൂണിറ്റി ഹെൽത് ഓഫീസർ' എന്ന പേരിൽ ഒപി നോക്കുന്നത്. അവർ പഠിച്ച നേഴ്‌സിന്റെ പണി അവർ ചെയ്യുന്നില്ല, ഡോക്ടറല്ലാത്ത അവർ ചെയ്യുന്ന ജോലി ഡോക്ടർക്ക് തുല്യമാകുന്നുമില്ല. കൃത്യമായ രോഗനിർണയം നടക്കാതെയോ വൈകിയോ അപകടങ്ങൾ വരുത്തി വെക്കുമെന്നതാണ് ഇരുട്ട് കൊണ്ട് ഓട്ടയടക്കുന്ന ഈ സെറ്റപ്പ് കൊണ്ടുള്ള ഫലം. ഇവിടത്തെ സാധു ഗ്രാമീണർക്ക് അത് തന്നെ കിട്ടുന്നുണ്ടല്ലോ, മുജ്ജന്മസുകൃതം!


ആരോഗ്യകേന്ദ്രങ്ങളിലെ ലേബർ റൂമിൽ പ്രസവമെടുക്കാൻ ഡോക്ടർമാർ പോകാറില്ല. ഡ്യൂട്ടി ടൈമിലെ പ്രൈവറ്റ് പ്രാക്റ്റീസൊക്കെ പ്രോ ലെവൽ ആയത് കൊണ്ട് പ്രസവമൊക്കെ ആരാലോ അങ്ങനെ നടന്നു പോകുന്ന ഒരു സാധാരണ പ്രക്രിയ മാത്രം. പ്രസവമെടുക്കുന്നത് ചെറിയൊരു ഡ്യൂറേഷനുള്ള ANM കോഴ്സ് പഠിച്ച നഴ്‌സുമാരാണ്. പ്രസവത്തിന് സപ്പോർട്ട് നൽകുന്നത് മുലയൂട്ടാൻ പഠിപ്പിക്കാൻ വേണ്ടി നിയോഗിച്ചിരിക്കുന്നു താത്കാലിക ജീവനക്കാർ ആയ മംമ്‌ത വർക്കേഴ്സും. പ്രസവമെടുക്കുന്ന നേഴ്‌സിനും ചുറ്റുമുള്ളവർക്കും ആശ വർക്കർക്കുമെല്ലാം സർക്കാർ ഗർഭിണിക്ക് കൊടുക്കുന്ന പ്രസവാനുകൂല്യം മൊത്തമായി വീതിച്ചെടുക്കാമെന്ന പരസ്യമായ നാട്ടുനടപ്പ് ഉള്ളതിനാൽ ലേബർ റൂമിലെ ഡ്യൂട്ടിക്ക് വൻ ഡിമാൻസ് ആണ്. ഈ പിടിച്ചുപറി ആർക്കും അറിയാത്തതല്ല, പരസ്യമായ രഹസ്യം. തന്റെ ഷിഫ്റ്റിൽ പ്രസവം നടത്തിക്കാനുള്ള ആക്രാന്തം കാരണം അമ്മയ്ക്കും കുഞ്ഞിനുമൊക്കെ ജീവാപായം ഉണ്ടായ സംഭവങ്ങൾ ഏറെയുണ്ട്. ഇവിടത്തെ മാതൃമരണനിരക്കും നവജാതശിശുമരണനിരക്കുമൊക്കെ പാതാളത്തിൽ കിടക്കുന്നതിന്റെ കാരണങ്ങളിൽ ഇങ്ങനെയും ചിലതുണ്ട്. സർക്കാർ നൽകുന്ന ഏതൊരു ആനുകൂല്യവും ഇന്നാട്ടിലെ നിരക്ഷരരായ പാവങ്ങളിൽ നിന്ന് പിടിച്ചു പറിച്ചെടുക്കുന്നത് സർവ്വസാധാരണമാണ്. മെഡിക്കൽ ഫീൽഡിൽ അത് സർവ്വസീമകൾക്കുമപ്പുറമാണ് താനും.


2012ൽ ബിഹാറിലെ മിക്ക ജില്ലകളിലും, പ്രത്യേകിച്ച് ഈ സമസ്തിപൂർ ജില്ലയിൽ നടന്ന 'ബച്ചേദാനി ഘോട്ടാല'- ആവശ്യമുള്ളവർക്കും ഇല്ലാത്തവർക്കും മൊത്തം ഗർഭപാത്രം സർജറി ചെയ്തു മാറ്റി ഇൻഷുറൻസ് തുക തട്ടിയ സംഭവം. അന്നത്തെ കളക്ടർ നടത്തിയ അന്വേഷണത്തിൽ പുരുഷന്റെ ഗർഭപാത്രം ഓപ്പറേറ്റ് ചെയ്തു മാറ്റിയെന്ന് രേഖയുണ്ടാക്കി വരെ പ്രൈവറ്റ് ആശുപത്രി പണം തട്ടിയിട്ടുണ്ട്. ആണിന്റെ ഗർഭപാത്രം 'എടുത്തു കളഞ്ഞ' ഡോക്ടർ ഇന്നുമിവിടെ നല്ല നിലയിൽ പ്രാക്ടീസ് ചെയ്യുന്നുണ്ട്. പിത്താശയം, ഗർഭപാത്രം തുടങ്ങിയവയൊക്കെ ഇന്നും, ഒന്ന് പറഞ്ഞു രണ്ടാമത്തേതിന് സർജറി ചെയ്തു മാറ്റുന്ന സ്വകാര്യ ഡോക്ടർമാർ ഉണ്ട്. സ്വകാര്യ മേഖലയിൽ പിജിയില്ലാത്ത മെഡിക്കൽ ഡോക്ടർ പോലും അഞ്ഞൂറ് രൂപയെങ്കിലും ഫീസ് വാങ്ങുന്നുണ്ട്. കണ്ണിൽ ചോരയില്ലാത്ത ഫീസ്, കാടടച്ചു വെടി വെക്കുന്നത് പോലെയുള്ള ആയിരങ്ങളുടെ ലാബ് ടെസ്റ്റുകൾ, ഒന്നര കിലോമീറ്റർ നീളമുള്ള മരുന്നിന്റെ ലിസ്റ്റ്, സ്കാൻ ചെയ്യുന്നവർ പലപ്പോഴും ഡോക്ടർമാർ പോലും അല്ലാത്തതിനാൽ പ്രസത്തിനു മുന്നേ ആണോ പെണ്ണോ എന്നറിയാവുന്ന അവസ്ഥ, അതേത്തുടർന്നുള്ള പാതകങ്ങൾ...അതിഭീകരമാണ് കാര്യങ്ങൾ. ചോദ്യം ചെയ്‌താൽ ചിലപ്പോൾ അടുത്ത സൂര്യോദയം കണ്ടോളണമെന്നുമില്ല. പലപ്പോഴും ചികിത്സ കഴിയുമ്പോഴേക്ക് ആൾ ബാക്കി കാണില്ല, വീടും പറമ്പും വട്ടിപ്പലിശക്കാരൻ കൊണ്ട് പോകുകയും ചെയ്യും. വെറും ഇരുപത്തയ്യായിരം രൂപയും അതിന്റെ പലിശയും പലിശമേൽ പലിശയും ഇതേ കാരണത്താൽ കൊടുക്കാനില്ലാതെ നമ്മുടെ നാട്ടിലേക്കും മറ്റും കുടുംബമായി വണ്ടി കേറി നാട് വിടുന്നവരൊക്കെയുണ്ട്. ഇവരെക്കുറിച്ചൊക്കെ മെയിൻസ്‌ട്രീം പത്രങ്ങൾ റിപ്പോർട്ട് ചെയ്തിട്ട് പോലും ഒരു മാറ്റവുമില്ല.


അപ്പോൾ നിർധനരായ സാധാരണക്കാർ എങ്ങനെ ചികിത്സിക്കും? ആർക്കും ഇവിടത്തെ ചികിത്സാവ്യവസ്ഥയെ വിശ്വാസമില്ല. ഡോക്ടർമാർ സർവ്വത്ര കള്ളന്മാരാണ്, കൊള്ളക്കാരാണ് എന്നതാണ് പൊതുബോധം. എല്ലാ ഗ്രാമത്തിലും രണ്ടക്ഷരം കൂട്ടി വായിക്കാൻ അറിയുന്ന, നാല് മരുന്നിന്റെ പേര് പറയാനും എഴുതാനും അറിയുന്ന നാട്ടുകാരൻ 'ചികിത്സിക്കും'. ഗ്രാമീൺ ചികിത്സക്, ഗാവ് വാലാ ഡോക്ടർ സാഹബ് എന്നൊക്കെ വിളിക്കപ്പെടുന്ന ഇവർ കർഷകനോ കോംപൗണ്ടറോ പെയിന്ററോ പ്ലമ്പറോ ആംബുലസ് ഡ്രൈവറോ അങ്ങനെ ആരുമാവാം. 'ഗ്ലൂക്കോസ് ഇടുക' എന്ന് നാട്ടിൽ പറയുന്നതിന് ഇവിടെ 'പാനി ചടാനാ' എന്ന് പറയും. അതവർക്കറിയാം. സകലതിനും നാലും മൂന്നും ഏഴ് തരം ഇഞ്ചക്ഷൻ മാറ്റി മാറ്റി കൊടുക്കാനും ഏതാണ്ട് അറിയാം. ഇടക്കൊക്കെ കാലിലെ സിയാറ്റിക് ഞരമ്പിനു മേലെ സൂചി കയറി രോഗിയുടെ കാലിന്റെ സ്വാധീനം നഷ്ടപ്പെടാറുണ്ട്. അവർ എന്നെന്നേക്കുമായി മുടന്തുന്ന അവസ്ഥയിൽ എത്തിപ്പെടും. ഇവരുടെ കൊക്കിൽ ഒതുങ്ങുന്നതും അല്ലാത്തതുമായതൊക്കെ കേറിയങ്ങ് ചികിൽസിച്ചു കളയുമെന്നതാണ് ഞെട്ടിക്കുന്ന കാര്യം.


ഒരിക്കൽ പരിചയമുള്ള ഒരാൾക്ക് വട്ടച്ചൊറിക്കുള്ള മരുന്ന് എഴുതി കൊടുത്തു. കുറച്ചു ദിവസമെടുത്തേ ശരിയാകൂ എന്ന് കൃത്യമായി പറഞ്ഞു കൊടുത്തിരുന്നു. ഞാൻ ആ സംഭവം മറന്നും പോയി. ഒരാഴ്ച കഴിഞ്ഞ് ആകെ പൊള്ളിയടർന്നു കുമിളച്ച കൈയുമായി അയാൾ എന്റെ അടുത്തേക്ക് വന്നു. അയാളുടെ കൈയിന്റെയും വയറിന്റെയും അവസ്ഥ കണ്ടു ശരിക്കും ഭയന്ന് പോയി, വട്ടച്ചൊറിയുടെ ഓയിന്മെന്റ് ഈ അവസ്ഥ ഒക്കെ ഉണ്ടാക്കുമോ! അപ്പോൾ പറയുന്നു ഗാവ് വാലാ ഡോക്ടർ ചൊറി വേഗം മാറാനായി ഒരു ഓയിന്മെന്റ് കൊടുത്തെന്ന്, മരുന്നെനിക്ക് കാണിച്ചും തന്നു. അത് സോറിയാസിസ് ഉള്ളവരുടെ കട്ടിയുള്ള തൊലിപ്പുറത്ത് വരുന്ന ചെതുമ്പൽ ഇളക്കി സ്കിൻ വൃത്തിയാകാനുള്ള ഓയിന്മെന്റ് ആയിരുന്നു. തേച്ചു കുറച്ചു നേരം കഴിഞ്ഞു കഴുകേണ്ട സാധനം. കൈ, ഷർട്ടിടാതെ കിടന്നപ്പോൾ കൈ വെച്ച വയറിന്റെ വശം, സ്വകാര്യഭാഗം എന്നിവ കൂടാതെ ഭാര്യക്ക് ചൊറി വന്നയിടങ്ങൾ കൂടി മരുന്ന് വാരിപൊത്തി വേവിച്ചെടുത്തിരുന്നു. അന്ന് വന്ന ദേഷ്യവും സങ്കടവും പറയാൻ വാക്കുകളില്ല.


ഈ ഗ്രാമീണ ചികിത്സകർ മരുന്ന് പ്രയോഗം മാത്രമല്ല ചെയ്യുന്നത്, തരം കിട്ടിയാൽ സർജറി വരെ ചെയ്യുന്നവരുണ്ട്. തൊട്ടപ്പുറത്തെ മുസ്‌രിഘരാരി ജങ്ഷനിൽ പ്രസവം നിർത്തുന്ന ഓപ്പറേഷൻ കോംപൗണ്ടർ ചെയ്ത് യുവതി മരിച്ചിരുന്നു. സാരൺ ജില്ലയിൽ മറ്റൊരു വ്യാജൻ പിത്താശയം എടുത്തു കളയുന്ന സർജറി യുട്യൂബ് നോക്കി ചെയ്തും രോഗി മരിച്ചിരുന്നു. അപൂർവ്വസംഗതികൾ ഒന്നുമല്ല. ജനങ്ങൾക്ക് ആരാണ് ഒറിജിനൽ, ആരാണ് ഡൂപ്ലിക്കേറ്റ് എന്നൊന്നും നോക്കാനറിഞ്ഞൂടാ , അന്വേഷണങ്ങൾ കാശ് കൊടുത്ത് ഒതുക്കാം. പലതും റിപ്പോർട് പോലും ചെയ്യാറുമില്ല. നിയമവും വ്യവസ്ഥയും പേപ്പറിൽ സുഖസുഷുപ്തിയിൽ ആണ്. നിയമലംഘനം നടത്തുന്നവർ ഹീറോയും.


അറിയാവുന്ന ആർക്കെങ്കിലും രോഗം വന്നാൽ? ഈ ടൗണിൽ തരക്കേടില്ലാത്ത വിവരവും മനുഷ്യത്വവുമുള്ള ചുരുക്കം ചില സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ ഉണ്ട്. വിശ്വസിക്കാവുന്ന റിസൾട് തരുന്ന വളരെ കുറച്ചു ലാബുകളും, അറിവുണ്ടെന്ന് എനിക്ക് ബോധ്യമുള്ള റേഡിയോളജിസ്റ്റുള്ള ഒന്ന് രണ്ടു സ്കാൻ സെന്ററുകളും ഉണ്ട്. ഞാനിവിടെ പ്രാക്ടീസ് ചെയ്യുന്നില്ല, സ്റ്റാഫും മറ്റു പരിചയമുള്ളവരും എന്റെയടുത്തു വരികയോ അഡ്വൈസ് ചോദിക്കുകയോ ചെയ്‌താൽ കൊക്കിൽ ഒതുങ്ങുന്ന കേസുകളാണെങ്കിൽ നോക്കും. അല്ലെങ്കിൽ സുഹൃത്തുക്കളുടെ അടുത്തേക്ക് പറഞ്ഞു വിടും, ചിലപ്പോൾ പട്നക്ക് വിടും. ചെലോൽത് ശരിയാകും, ചെലോൽ ക്ഷമയില്ലാതെ പൊള്ളിയും വെന്തുമൊക്കെ കേറി വരും. പറഞ്ഞു മനസ്സിലാക്കാമെന്ന് വെച്ചാൽ കേൾക്കില്ല. രോഗം വേഗം മാറണം, ഇഞ്ചക്ഷൻ വേണം, ഇങ്ങോട്ട് പ്രിസ്‌ക്രൈബ് ചെയ്യും, എഴുതി തരാൻ പറയും. നമ്മുടെ കൈയിൽ ഒതുങ്ങില്ല, ചിലർ അനുസരിക്കും. അവരുടെ കാര്യങ്ങളിൽ ഇടപെടും. നമ്മൾ സൂപ്പർ ഹ്യുമൻ ഒന്നുമല്ലല്ലോ.


ഇവിടത്തെ ആരോഗ്യവിശേഷങ്ങൾ ഇപ്പഴും പറഞ്ഞു തീർന്നിട്ടില്ല കേട്ടോ, ട്രെയിലറേ ആയുള്ളൂ. എന്റെ വയ്യായ്കകൾ പയ്യേ സെറ്റായി വരുന്നു. മറ്റന്നാൾ മുതൽ ലോങ്ങ് വീക്കെൻഡ് ആണ്, എന്തൊക്കെയോ അവധികൾ. ഇനി നാട്ടിലേക്ക് തിരഞ്ഞെടുപ്പിനേയുള്ളൂ. പുതിയ വള്ളിയൊന്നും പിടിച്ചില്ലെങ്കിൽ ഇനിയുള്ളൊരാഴ്ച സർവീസും മെയിന്റനൻസും ഒക്കെ നടത്തി, നല്ലോണം വിശ്രമിച്ച്‌ പൂർവ്വാരോഗ്യസ്ഥിതിയിൽ എത്തണം. ഇപ്പഴും ബാറ്ററി ഫുൾ ചാർജ് ആയിട്ടില്ല.


ഇവിടെ കിട്ടുന്ന ലിമിറ്റഡ് ഓപ്‌ഷൻസ് വെച്ചാണെങ്കിലും പുറത്തെ ഭക്ഷണം ഏതാണ്ട് മൊത്തമായി ഒഴിവാക്കി സ്വയം കുക്ക്‌ ചെയ്‌ത്‌ ഫീൽഡിൽ പോലും സാധിക്കുന്നത്ര ഹെൽത്തിയായി സമയത്തിന് കഴിക്കാൻ നോക്കുന്നത് കൊണ്ടാകാം, ഇന്നലെയും ഹീമോഗ്ലോബിൻ അളവ് പരിശോധിച്ചപ്പോൾ വളരെ നോർമൽ ആണ് വാല്യൂ. രക്തനഷ്ടം കൊണ്ട് ശരീരത്തിൽ കരുതി വെച്ചിരുന്ന അയൺ സ്റ്റോറുകൾക്ക്‌ കോട്ടം തട്ടിയിട്ടുണ്ടോ എന്നറീല്ല, കുറച്ചു ദിവസം വളരെ ശ്രദ്ധയോടെ തന്നെ ഇരുമ്പുതീനി ആകുന്നുണ്ട്. പ്രവാസത്തിൽ ഉണ്ടാകേണ്ട ആദ്യത്തെ ശ്രദ്ധ അവരവരെ തന്നെയാണ്, പ്രത്യേകിച്ച് ഇങ്ങനെയൊരു നാട്ടിൽ. അത് കൊണ്ട് തന്നെ, കരുതലോടെ ശ്രദ്ധയോടെ കഴിഞ്ഞു കൂടുന്നു.


നമ്മുടെ കേരളമല്ലല്ലോ...കേരളം വിടും വരെ കേരളമെന്താണെന്നു നമ്മളിൽ പലരും തിരിച്ചറിയുന്നുമില്ലല്ലോ....

ഡോ. ഷിംന അസീസ്






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home