കുടുംബങ്ങൾക്കകത്ത് നിന്നും ഉയരുന്ന നിലവിളികൾ, കേരളം അടിയന്തിരമായി ശ്രദ്ധിക്കേണ്ട പ്രശ്നം; ആർ പാർവതിദേവി

തിരുവനന്തപുരം: കുടുംബങ്ങൾക്കകത്തു നിന്നും ഉയരുന്ന നിലവിളികൾ കേരളം അടിയന്തിരമായി ശ്രദ്ധിക്കേണ്ട പ്രശ്നമാണെന്ന് സാമൂഹിക പ്രവർത്തകയും ജേണലിസ്റ്റുമായ ആർ പാർവതിദേവി. ഷൈനിക്കും ജിസ്മോൾക്കും താരക്കും പ്രിയക്കും ഒപ്പം ഇതാ വിപഞ്ചികയും. അഞ്ച് അമ്മമാരും എട്ട് പെൺകുഞ്ഞുങ്ങളുമാണ് കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടയിൽ സ്വയം മരണം വരിച്ചത്. വീട് സാന്ത്വനമേകാത്ത പെൺജന്മങ്ങളുടെ പ്രശ്നങ്ങൾ പരിഗണിക്കേണ്ടതും പരിഹരിക്കേണ്ടതും അത്യാവശ്യമാണെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു. ഗാർഹികാതിക്രമത്തിന്റെ ഇരയായ വിപഞ്ചികക്ക് മരണശേഷമെങ്കിലും നീതി കിട്ടണമെന്നും മൃതദേഹങ്ങൾ നാട്ടിൽ എത്തിക്കണെമെന്നും ആർ പാർവതിദേവി ആവശ്യപ്പെട്ടു.
ആർ പാർവതിദേവി ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ്
അതീവവേദന അനുഭവിച്ച ഒരു ദിവസം ആയിരുന്നു ഇന്ന് .
ഷാർജയിൽ ഗാർഹികാതിക്രമം മൂലം ഒന്നര വയസ്സുള്ള കുഞ്ഞിനേയും കൊണ്ട് ആത്മഹത്യ ചെയ്ത വിപഞ്ചികയുടെ കുണ്ടറയിലെ വീട്ടിൽ ഞങ്ങൾ പോയി. ഞാനും മേഴ്‌സി അലക്സാണ്ടറും Mercy Alexander ഗീതാനസീറും Geetha Nazeer
വൈകിട്ട് ഏകദേശം അഞ്ചു മണിക്കവിടെ എത്തിയപ്പോൾ വിപഞ്ചികയുടെ പ്രിയപ്പെട്ടവർ വല്ലാത്ത ടെൻഷനിൽ ആയിരുന്നു. വിപഞ്ചികയുടെ ഭർത്താവ് നിധീഷ് ഇന്നു തന്നെ മൃതദേഹങ്ങൾ ഷാർജയിൽ അടക്കം ചെയ്യാൻ പോകുന്നു. അതിനുള്ള തയാറെടുപ്പുകൾ പൂർത്തിയായിരിക്കുന്നു.
ഇന്ത്യൻ കോൺസുലേറ്റിൽ നിന്നും ഉടൻ ഇടപെട്ടില്ലെങ്കിൽ കേരളത്തിലേക്ക് അവരുടെ ജീവൻനിലച്ച ശരീരങ്ങൾ എത്തില്ല .
ഷാർജയിലെ അഞ്ചു മണിക്കുള്ളിൽ കുഞ്ഞിന്റെ പാസ്പോർട് റദ്ദാക്കാതിരുന്നാൽ മാത്രമേ ഇന്നത്തെ ശവസംസ്‌കാരം നീട്ടിവക്കൂ. എംപിമാരെയും കോൺസുലേറ്റിലെ ഉദ്യോഗസ്ഥരെയും അവർ ബന്ധപ്പെട്ടു കൊണ്ടിരുന്നു.
മുഖ്യമന്ത്രിയുടെ ഓഫിസിലും പ്രശ്ന ത്തിന്റെ ഗൗരവം ഞങ്ങൾ അറിയിച്ചു.
ഏതായാലും താത്കാലികാശ്വാസമെന്ന തരത്തിൽ സംസ്കാരം മാറ്റിവച്ചുവെന്ന സന്ദേശം അല്പം കഴിഞ്ഞപ്പോൾ വന്നു.
അതീവക്രൂരമായ ശാരീരികമാനസികാതിക്രമങ്ങളാണ് താൻ നേരിട്ടതെന്ന് ആത്മഹത്യാക്കുറിപ്പിൽ വിപഞ്ചിക എഴുതിയിരുന്നു.
മരണത്തിനുത്തരവാദികൾക്കാണ് മൃതദേഹങ്ങൾക്ക് മേൽ അധികാരം എന്നത് വീട്ടുകാർക്ക് ഉണ്ടാക്കുന്ന പരിഭ്രമവും അമർഷവും ദുഃഖവും ഞങ്ങൾ നേരിൽ കണ്ടു. അവർക്കൊപ്പം ഞങ്ങളും ഉരുകി ...
വിപഞ്ചികയുടെ അമ്മ ഷൈലജ ഷാർജയിലേക്ക് പോയിട്ടുണ്ട്. ഏക സഹോദരനും കാനഡയിൽ നിന്നും ഇപ്പോൾ അവിടെ എത്തിയിട്ടുണ്ടാകും.
എംബിഎ നേടിയിട്ടുള്ള വിപഞ്ചിക വളരെ ബുദ്ധിപൂർവം ഒരു കാര്യം ചെയ്തു. മരണത്തിനു ശേഷം 48 മണിക്കൂർ കഴിഞ്ഞു മാത്രം കാണുന്ന തരത്തിൽ, താൻ അനുഭവിച്ച നരകയാതനയുടെ മുഴുവൻ തെളിവുകളും ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ചിത്രങ്ങളും ചാറ്റുകളും ഉൾപ്പടെ...
പെട്ടെന്ന് തന്നെ അവയെല്ലാം അപ്രത്യക്ഷമായെങ്കിലും അടുത്ത ബന്ധുക്കൾ എല്ലാം ഡൗൺലോഡ് ചെയ്തു വച്ചിട്ടുണ്ട്.
ഗാർഹികാതിക്രമത്തിന്റെ ഇരയായ വിപഞ്ചികക്ക് മരണശേഷമെങ്കിലും നീതി കിട്ടണം. മൃതദേഹങ്ങൾ നാട്ടിൽ എത്തിക്കണം.
ഗാർഹികാതിക്രമപ്രതിരോധസമിതിയുടെ പ്രതിനിധികളായാണ് ഞങ്ങൾ അവിടെ പോയത്. ഞങ്ങൾ കൂടെ ഉണ്ടെന്ന് ഉറപ്പു കൊടുത്തു. ഇനി അതല്ലേ കഴിയൂ?
ഷൈനിക്കും ജിസ്മോൾക്കും താരക്കും പ്രിയക്കും ഒപ്പം ഇതാ വിപഞ്ചികയും. അഞ്ച് അമ്മമാരും എട്ട് പെൺകുഞ്ഞുങ്ങളുമാണ് കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടയിൽ സ്വയം മരണം വരിച്ചത്.
കേരളം അടിയന്തിരമായി ശ്രദ്ധിക്കേണ്ട പ്രശ്നമാണ് കുടുംബങ്ങൾക്കകത്തു നിന്നും ഉയരുന്ന ഈ നിലവിളികൾ...
വീട് സാന്ത്വനമേകാത്ത കുറേ പെൺജന്മങ്ങൾ ...
ഗാർഹികാതിക്രമത്തേ തുടർന്ന് ഷാർജയിൽ കൈക്കുഞ്ഞുമായി ആത്മഹത്യ ചെയ്ത വിപഞ്ചികയുടെയും കുഞ്ഞിന്റെയും
മൃതദേഹങ്ങൾ നാട്ടിൽ എത്തിക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് ഗാർഹികാതിക്രമപ്രതിരോധസമിതി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഭർത്താവ് നിധീഷ് ഷാർജയിൽ തന്നെ ഇരുവരുടെയും സംസ്ക്കാരം നടത്താൻ നടത്തുന്ന ശ്രമങ്ങൾ അംഗീകരിക്കാനാവില്ല. താൻ ക്രൂരമായ അതിക്രമങ്ങൾക്ക് ഇരയായിരുന്നുവെന്ന് ആത്മഹത്യാകുറിപ്പിൽ വിപഞ്ചിക വെളിപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യയിലെ നിയമപ്രകാരം ഭർത്താവിനും കുടുംബാംഗങ്ങൾക്കുമെതിരെ കേസ് എടുത്ത് നിഷ്പക്ഷമായ അന്വേഷണം നടത്തണം. സമിതി പ്രതിനിധികളായ മേഴ്‌സി അലക്സാണ്ടർ, ഗീത നസീർ, ആർ പാർവതി ദേവി എന്നിവർ കുണ്ടറയിലെ വീട് സന്ദർശിക്കുകയും വിപഞ്ചികയുടെ
ബന്ധുക്കളുമായി സംസാരിക്കുകയും ചെയ്തു. മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിൽ എത്തിക്കണം എന്നാണ് അവർ ആവശ്യപ്പെടുന്നത്.









0 comments