ഉടമകളെ തേടി സഞ്ചരിച്ചത് കിലോമീറ്ററുകൾ; വഴികാട്ടിയത് ഒരു നായ: സോഷ്യൽ മീഡിയയിൽ വൈറലായി അതിജീവന കഥ

മനുഷ്യരുടെ പല തരത്തിലുള്ള അതിജീവന കഥകൾ നാം കേട്ടിട്ടുണ്ട്. എന്നാൽ മോഷ്ടിക്കപ്പെട്ട ഇടത്തുനിന്ന് രക്ഷപെട്ട് ഉടമകളെ തേടി കിലോമീറ്ററുകളോളം സഞ്ചരിച്ച ഒരു കൂട്ടം നായ്ക്കളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. വടക്കുകിഴക്കൻ ചൈനയിലാണ് വ്യത്യസ്ത അതീജിവനം. വടക്കുകിഴക്കൻ ചൈനയിലെ ജിലിൻ പ്രവിഷ്യയുടെ തലസ്ഥാനമായ ചാങ്ചനിൽ നിന്നാണ് നായകൾ മോഷ്ടിക്കപ്പെട്ടത്. വടക്കൻ ചൈനയിലെ പല ഭാഗങ്ങളിലും നായയുടെ മാംസം വിൽക്കുന്ന റസ്റ്റോറന്റുകളുണ്ട്. ഇവിടങ്ങളിലേക്കായാണ് നായകളെ പിടികൂടിയതെന്നാണ് കരുതുന്നത്. മൂന്ന് വീടുകളിൽ നിന്നായി ഏഴ് നായകളെയാണ് സംഘം പിടികൂടി കടത്താൻ ശ്രമിച്ചത്. എന്നാൽ കൂട്ടിൽ നിന്ന് രക്ഷപെട്ട നായകൾ കടത്തിക്കൊണ്ടുപോകാൻ ഉപയോഗിച്ച ട്രക്കിൽ നിന്ന് ചാടി രക്ഷപെട്ടു.
ജർമൻ ഷെപ്പേർഡും ഗോൾഡൻ റിട്രീവറുമടക്കമുള്ള നായകളാണ് സാഹസികമായി രക്ഷപെട്ടത്. കൂട്ടത്തിലുണ്ടായിരുന്ന കോർഗി എന്ന ചെറിയ ഇനം നായ സംഘത്തെ നയിക്കാനെത്തി. എല്ലാ നായകളെ ഒരുമിച്ചു കൂട്ടി, അപകടങ്ങൾ ഒഴിവാക്കി, സുരക്ഷിതമായ വഴികൾ കണ്ടെത്തി കോർഗി കൂട്ടത്തെ മുന്നോട്ട് നയിച്ചു. ഏകദേശം 17 കിലോമീറ്ററാണ് നായകൾ ഇത്തരത്തിൽ സഞ്ചരിച്ചത്. ദീർഘമായ ഈ യാത്രയിൽ ഭക്ഷണവും വെള്ളവും കണ്ടെത്താൻ സഹായിക്കുകയും സംഘം ചിതറാതെ സൂക്ഷിക്കുകയും ചെയ്തത് കോർഗി നായയാണ്. ഏകദേശം രണ്ട് ദിവസത്തോളം ഇവ ഹൈവേയിലും പരിസരപ്രദേശങ്ങളിലുമായി സഞ്ചരിച്ചു.
അസാധാരണമായ രീതിയിൽ നായകൾ സഞ്ചരിക്കുന്നതുകണ്ട വഴിയാത്രക്കാരൻ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറംലോകമറിയുന്നത്. ഉടൻ തന്നെ അധികൃതർ ഇടപെട്ട് നായകളെ കണ്ടെത്താൻ ശ്രമം ആരംഭിച്ചു. ഡ്രോണുകൾ അടക്കമുള്ളവ ഉപയോഗിച്ചാണ് നായകളെ കണ്ടെത്തിയത്. എല്ലാ നായകളും സുരക്ഷിതരായി ഉടമകളുടെ അടുക്കൽ തിരിച്ചെത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.
സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോയിൽ കോർഗി നായ മുന്നിൽ നിന്ന് ഗ്രൂപ്പിനെ നയിക്കുന്നതായാണ് കാണുന്നത്. മറ്റുള്ളവരെ പരിശോധിക്കാൻ എന്നപോലെ ഇടയിക്കിടെ കോർഗി പിന്നിലേക്ക് തിരിഞ്ഞു നോക്കുന്നത് കാണാം. ഒരു ഗോൾഡൻ റിട്രീവർ നായ ഏറ്റവും പിന്നാൽ ഇവർക്ക് കാവൽ നിൽക്കുന്നതുപോലെ നടക്കുന്നുണ്ടായിരുന്നു. പരിക്കേറ്റ ഒരു ജർമ്മൻ ഷെപ്പേർഡ് മുടന്തി നടക്കുന്നതായും അതിനെ വലഞ്ഞുകൊണ്ട് വേഗത കുറച്ച് മറ്റ് നായകൾ സഞ്ചരിക്കുന്നതായുമാണ് വീഡിയോയിൽ കാണുന്നത്.
വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ നായ്ക്കലുടെ ബുദ്ധിയെപ്പറ്റിയും സ്നേഹത്തെപ്പറ്റിയും വ്യാപകമായ ചർച്ചകളാണ് ഉയരുന്നത്.









0 comments