ഈ കരാറൊക്കെ എന്തിനായിരുന്നു?...

വിഇഎച്ച് ഗ്ലോബൽ കമ്പനിയുമായി ഉണ്ടാക്കിയ കരാറിനെ മുഖ്യമന്ത്രി വി ഡി സതീശൻ പത്രസമ്മേളനത്തിൽ ന്യായീകരിക്കുന്നത് തുടരുകയാണ്. എന്നാൽ ഇതിനായി പറയുന്ന വാദങ്ങളൊക്കെയും തികച്ചും വസ്തുതാവിരുദ്ധവുമാണ്. വിഇഎച്ചിൽ നിന്ന് വൈദ്യുതി കിട്ടാഞ്ഞിട്ടും കേരളത്തിൽ ഒരു പ്രതിസന്ധിയും ഉണ്ടായില്ലെന്നത് വ്യക്തമാക്കുന്നത് ഇപ്പോൾ കരാറിന്റെ ആവശ്യമില്ലായിരുന്നു എന്നാണ്. ഇലക്ടിസിറ്റി എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ നേതാവ് എം ജി സുരേഷ് കുമാർ എഴുതുന്നു.
മുഖ്യമന്ത്രിയുടെ പത്രസമ്മേളനം ഡൽഹിയിലായതുകൊണ്ട് ഒരു വ്യത്യാസവുമുണ്ടായില്ല. പതിവു ശൈലി. തികച്ചും വസ്തുതാ വിരുദ്ധ ന്യായീകരണങ്ങൾ തന്നെ. വിഇഎച്ച് ഗ്ലോബൽ എന്ന കമ്പനിയുമായി ഉണ്ടാക്കിയ കരാറിനെ മുഖ്യമന്ത്രി ന്യായീകരിച്ചത് രണ്ടു കാര്യങ്ങൾ പറഞ്ഞാണ്. അതിൽ ഒന്നാമത്തേത് കെഎസ്ഇബി വിളിച്ച ടെണ്ടറുകളിൽ ആരും ക്വാട്ട് ചെയ്തില്ല എന്നാണ്. രണ്ടാമത്തേത് പീക്ക് സമയത്ത് വിഇഎച്ചിൽ നിന്ന് കിട്ടിയ പതിനൊന്നു രൂപയിൽ കുറഞ്ഞ ഓഫറൊന്നും ഉണ്ടായിരുന്നില്ല എന്നും. ഈ രണ്ടു വാദങ്ങളും വസ്തുതാ വിരുദ്ധമാണ്.
KSEB സെപ്‌തംബറിൽ ആകെ രണ്ട് ടെണ്ടറാണ് വിളിച്ചത്. അതിൽ 10-09-2026 ൽ തുറന്ന ടെണ്ടറിൽ ഒക്ടോബറിലെ പീക്ക് സമയത്തേക്ക് ടെണ്ടർ ക്ഷണിച്ചിരുന്നില്ല. അടുത്ത ടെണ്ടർ തുറന്നത് സെപ്‌തംബർ 25 ന് മാത്രം. അതിന് മുൻപ് തന്നെ വിഇഎച്ച് കരാർ വച്ചു കഴിഞ്ഞിരുന്നു. അതായത് പീക്ക് സമയത്തേക്ക് വിളിച്ച ടെണ്ടറിൽ ആരും ക്വാട്ട് ചെയ്യാത്തതിനാലാണ് വിഇഎച്ചുമായി ടെണ്ടർ വെച്ചത് എന്ന വാദം നില നിൽക്കുന്നില്ല.
ഒക്ടോബറിലെ പീക്ക് സമയത്തേക്ക് വൈദ്യുതി ഇല്ലാത്തതിനാലാണോ വിഇഎച്ചുമായി കരാർ വെച്ചത് എന്നതാണല്ലോ അടുത്ത പ്രശ്നം. നേരത്തെ പറഞ്ഞ സെപ്തംബർ 10 ൻ്റെ ടെണ്ടറിന് മുമ്പു തന്നെ ഒക്ടോബർ മാസത്തെ പീക്ക് സമയത്തേക്ക് 788 MW വൈദ്യുതിക്കുള്ള കരാർ കെഎസ്ഇബി വെച്ചു കഴിഞ്ഞിരുന്നു. ടെണ്ടർ മുഖാന്തിരം തന്നെയാണ് ഈ കരാറുകൾ വെച്ചത്. 8.89 മുതൽ 9.99 രൂപ വരെ വിലക്കാണ് ഈ കരാറുകൾ വെച്ചത്. അതൊന്നും ആരും ചോദ്യം ചെയ്തിട്ടുമില്ല. ഇതു മാത്രമല്ല. സ്വാപ്പ് അടിസ്‌ഥാനത്തിൽ വെച്ച കരാർ പ്രകാരം ജൂൺ മുതൽ മടക്കി നൽകിക്കൊണ്ടിരുന്ന 300 മെഗാവാട്ട് വൈദ്യുതി സെപ്‌തംബറിൽ കാലാവധി കഴിയുന്നുണ്ടായിരുന്നു. ഈ 300 മെഗാവാട്ട് വൈദ്യുതി ഒക്ടോബർ മുതൽ കേരളത്തിൽ തന്നെ ഉപയോഗിക്കാൻ കിട്ടുകയും ചെയ്തു. അതിനാൽ ഒക്ടോബറിൽ പീക്ക് സമയത്ത് ഒരു വൈദ്യുതി ക്ഷാമവും ഉണ്ടായിരുന്നില്ല. അതായത് വിഇഎച്ചിൽ നിന്നോ ഹിമാചലിൽ നിന്നോ വലിയ വിലക്ക് കരാർ വെക്കേണ്ട യാതൊരു ആവശ്യവും ആ സമയത്ത് കേരളത്തിനുണ്ടായിരുന്നില്ല.
വി.ഇ.എച്ചിൽ നിന്നും ഒരു മാസം 200 MW പ്രതീക്ഷിച്ച വൈദ്യുതി ആകെ 17 ദിവസം മാത്രമാണ് കിട്ടിയത്. അതും പലപ്പോഴും 30 MW മാത്രം. ഇക്കാര്യം മുഖ്യമന്ത്രി തന്നെ സ്ഥിരീകരിക്കുന്നു. ആകെ 5 കോടിയിൽ താഴെ മാത്രം തുകയല്ലേ കൊടുത്തുള്ളൂ എന്നും അതിൽ നിന്നും എങ്ങിനെ 252 കോടി അഴിമതി എന്നുമാണ് മുഖ്യമന്ത്രി ചോദിച്ചത് ?
ആകെ 396 കോടിയുടെ കച്ചവടം നടക്കുമെന്നും 4 രൂപയുടെ വൈദ്യുതിക്ക് 11 രൂപ വെച്ച് അടിച്ചു മാറ്റുമ്പോൾ 252 കോടി തടയുമെന്നും പ്രതീക്ഷിച്ചിടത്ത് 5 കോടിയിൽ താഴെ രൂപയുടെ കച്ചവടമേ നടന്നുള്ളൂ എന്ന സങ്കടം ആ മുഖത്ത് വ്യക്തമായിരുന്നു. പ്രതീക്ഷിച്ച വെട്ടിപ്പ് നടന്നില്ല എന്നതുകൊണ്ട് അഴിമതിയുടെ വ്യാപ്‌തിയോ ഗൗരവമോ കുറയുന്നില്ലെന്ന് വക്കീലു കൂടിയായ മുഖ്യമന്ത്രിക്ക് അറിയാത്തതാകുമോ? പക്ഷേ ഇതോടൊപ്പം ഒരു കാര്യം കൂടി കാണണം. വിഇഎച്ചിൽ നിന്ന് വൈദ്യുതി കിട്ടാഞ്ഞിട്ടും കേരളത്തിൽ ഒരു പ്രതിസന്ധിയും ഉണ്ടായില്ല. എന്താണ് ഇതിനർത്ഥം, ആ കരാർ ആവശ്യമില്ലായിരുന്നു എന്നു തന്നെ. അതാകട്ടെ അഴിമതിക്ക് മറ്റൊരു തെളിവുമാകുന്നു. അപ്പോൾ ഒരു ചോദ്യം ബാക്കിയാകുന്നു. ആരെ കെട്ടിക്കാനായിരുന്നു...









0 comments