Deshabhimani

അക്വാൻ ചുഴലിക്കാറ്റ്: ഒഡീഷയിലെ ആറ് ജില്ലകളിൽ 21 വരെ സ്കൂളുകൾക്ക് അവധി

Cyclone threat returns to Odisha
വെബ് ഡെസ്ക്

Published on Nov 18, 2026, 07:26 PM | 1 min read

ഭുവനേശ്വർ: അതിതീവ്ര ചുഴലിക്കാറ്റായ 'അക്വാൻ' തീരത്തേക്ക് അടുക്കുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടിയായി ഒഡീഷയിലെ ആറ് ജില്ലകളിലെ സ്കൂളുകൾക്കും അങ്കണവാടികൾക്കും മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചു. നവംബർ 19 മുതൽ 21 വരെയാണ് അവധി. വിദ്യാർഥികളുടെയും കുട്ടികളുടെയും സുരക്ഷ മുൻനിർത്തി സ്പെഷ്യൽ റിലീഫ് കമ്മീഷണറുടെ ഓഫീസാണ് ബുധനാഴ്ച ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.


ഗഞ്ചം, ഗജപതി, പുരി, ജഗത്സിംഗ്പൂർ, കേന്ദ്രപാറ, കന്ധമാൽ എന്നീ ആറ് ജില്ലകളിലെ എല്ലാ സർക്കാർ, എയ്ഡഡ്, സ്വകാര്യ സ്കൂളുകളും അങ്കണവാടി കേന്ദ്രങ്ങൾക്കും അവധി ബാധതകമാണ്. പ്രാദേശിക സാഹചര്യങ്ങൾ വിലയിരുത്തി നവംബർ 21ന് ശേഷവും അവധി നീട്ടുന്നതിന് അതത് ജില്ലാ കളക്ടർമാർക്ക് അധികാരം നൽകിയിട്ടുണ്ട്.


ഖോർധ, മൽക്കാൻഗിരി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നവംബർ 19, 20 തീയതികളിൽ പ്രാദേശിക ഭരണകൂടം അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

മറ്റു ജില്ലകളിലെ കളക്ടർമാർ സാഹചര്യം നിരീക്ഷിച്ച് സ്കൂളുകൾ അടയ്ക്കുന്ന കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കണമെന്നും നിർദ്ദേശമുണ്ട്. നവംബർ 19ന് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ആറ് ജില്ലകളിൽ 'റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നവംബർ 22 വരെ സംസ്ഥാനത്തെ എല്ലാ സർക്കാർ ജീവനക്കാരുടെയും അവധികൾ റദ്ദാക്കി.


പൊലീസും ഫയർഫോഴ്സും ദുരന്തനിവാരണ സേനയും സംയുക്തമായാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഷെൽട്ടറുകളിലേക്ക് മാറ്റിത്തുടങ്ങി. വയോജനങ്ങൾ, കുട്ടികൾ, ഗർഭിണികൾ, ഭിന്നശേഷിക്കാർ, രോഗികൾ എന്നിവർക്കാണ് മുൻഗണന നൽകുന്നത്.


തീരദേശ ജില്ലകളായ പുരി, ജഗത്സിംഗ്പൂർ, കേന്ദ്രപാറ എന്നിവ റെഡ് സോണിൽ ഉൾപ്പെടുത്തി കർശന നിരീക്ഷണത്തിലാണ്. ഏഴ് ജില്ലകളിലായി ഒഡീഷ ഡിസാസ്റ്റർ റാപ്പിഡ് ആക്ഷൻ ഫോഴ്സിന്റെ 18 സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. ബീച്ചുകളിലേക്കുള്ള പൊതുജനങ്ങളുടെ പ്രവേശനം നിയന്ത്രിച്ചിട്ടുണ്ട്. പുരിയിലെത്തുന്ന തീർത്ഥാടകർക്കും വിനോദസഞ്ചാരികൾക്കുമായി പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.








deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home