Deshabhimani

കേന്ദ്ര കായിക ലീഗ്‌ വികസന സമിതിയിൽ കോർപറേറ്റ്‌ പ്രതിനിധികൾ മാത്രം; വിൽക്കാൻ കഴിയുന്ന കളികൾക്ക്‌ മാത്രം പരിഗണന

corporate sports league

എഐ പ്രതീകാത്മകചിത്രം

avatar
ഇ സുദേഷ്

Published on Nov 18, 2026, 07:47 PM | 2 min read

ഡൽഹി: ഇന്ത്യൻ കായിക ലീഗുകളിലേക്ക് സ്വകാര്യ നിക്ഷേപം ആകർഷിക്കാനും കായികവികസനത്തിനും മാർഗങ്ങൾ നിർദ്ദേശിക്കാൻ കായികമന്ത്രാലയം രൂപീകരിച്ച പ്രത്യേക സമിതിയിൽ അംബാനി, അദാനി, ജെഎസ്‌ഡബ്ല്യു, സോണി നെറ്റ്‌വർക്ക്, സി എന്റർടെയ്‌ൻമെന്റ്‌ തുടങ്ങിയ കോർപറേറ്റ്‌ പ്രതിനിധികൾ മാത്രം. കായികതാരങ്ങളെയും കായികവിദഗ്‌ധരെയും പൂർണമായും തഴഞ്ഞ സമിതിയിൽ കായികമന്ത്രാലയത്തിലെ രണ്ട്‌ ഉന്നത ഉദ്യോഗസ്ഥർ ഒഴിച്ചാൽ മുഴുവൻ പേരും സ്വകാര്യകുത്തക കമ്പനികളിൽ നിന്നാണ്‌. ദേശീയ കായികരംഗത്തെ പൂർണമായും കുത്തകകൾക്ക്‌ അടിയറവെക്കുന്നതിന്‌ തെളിവാണ്‌ 14 അംഗ സമിതി.


കേന്ദ്ര കായികമന്ത്രി മൻസുഖ്‌ മാണ്ഡവ്യയുടെ പ്രത്യേക താൽപ്പര്യപ്രകാരമാണ്‌ സമിതി രൂപീകരിച്ചത്‌. കായിക മന്ത്രാലയം ജോയിന്റ്‌ സെക്രട്ടറി കുനാൽ - ആണ്‌ കൺവീനർ. വിനീൽ കൃഷ്ണ (ജോയിന്റ് സെക്രട്ടറി, - ഖേലോ ഇന്ത്യ), ബി. ശ്രീനിവാസൻ (റിലയൻസ്‌ഇന്ത്യ), സഞ്ജയ് അഡേസര (അദാനി സ്പോർട്സ്‌ലൈൻ), ദിവ്യാൻഷു സിംഗ് (ജെഎസ്ഡബ്ല്യു സ്പോർട്സ്), ഇഷാൻ ചാറ്റർജി (ജിയോ ഹോട്ട്സ്റ്റാർ), രാജേഷ് കൗൾ (സോണി പിക്ചേഴ്സ്), പരാഗ് ദരാഡെ (സീ എന്റർടൈൻമെന്റ്), രഘുറാം അയ്യർ (സിഇഒ, ഐഒഎ), ഹേമാങ് അമിൻ (ഐപിഎൽ സിഒഒ), പി.കെ.എസ്.വി. സാഗർ (ജിഎംആർ സ്പോർട്സ്), അഭിജിത്ത് ഭട്ടാചാര്യ (ബിവിഎൽ), അനുപം സ്വരൂപ് (ഡിഡി സ്പോർട്സ്), അഡ്വ. നന്ദൻ കാമത്ത് എന്നിവരാണ്‌ അംഗങ്ങൾ. രണ്ടു മാസത്തിനാം സമിതി ശുപാർശകൾ സമർപ്പിക്കും.


കോർപറേറ്റ്‌ നിക്ഷേപം, ഫ്രാഞ്ചൈസി ഉടമസ്ഥാവകാശം, സ്പോൺസർഷിപ്പ്‌, സംപ്രേഷണം, ഡിജിറ്റൽ അവകാശങ്ങൾ, സിഎസ്‌ആർ ഫണ്ടിംഗ് എന്നിവ ആകർഷിക്കുന്നതിനുള്ള മാർഗങ്ങൾ നിർദേശിക്കുകയാണ്‌ സമിതിയുടെ പ്രധാന ദ‍ൗത്യമെന്നാണ്‌ കായിക മന്ത്രാലയം അവകാശപ്പെടുന്നത്‌. കായികമേഖലയിലെ പോരായ്‌മകൾ വിലയിരുത്താനും മുൻഗണന നൽകേണ്ട കായിക ഇനങ്ങൾ കണ്ടെത്താനും ആവശ്യപ്പെട്ടിട്ടുണ്ട്‌. ഇത്തരത്തിൽ കായികമേഖലയിലെ നിർണായക കാര്യങ്ങളിൽ ഇടപെടാനും കായികഭാവി നിശ്‌ചയിക്കാനും അധികാരമുള്ള സമിതിയിലാണ്‌ കായികമേഖലയിൽ നിന്നുള്ളവരെ ഒഴിവാക്കിയത്‌. പൂർണമായും സാന്പത്തിതാൽപ്പര്യങ്ങളും ലാഭവും മാത്രം ലക്ഷ്യമിട്ട്‌ പ്രവർത്തിക്കുന്നവരെ മാത്രമാണ്‌ ഇത്തരത്തിലുള്ള സുപ്രധാന സമിതിയിൽ അംഗമാക്കിയത്‌.


നിലവിലുള്ള സ്പോർട്സ് ലീഗ് ആവാസവ്യവസ്ഥ സമിതി വിലയിരുത്തുമെന്നും അതിന്റെ പുരോഗതിക്കായി മാർഗങ്ങൾ നിർദേശിക്കുമെന്നും കായികമന്ത്രാലയം പറയുന്നു. ഇന്ത്യയിൽ നടക്കുന്ന കായിക ലീഗുകൾ കൂടുതൽ ലാഭകരമാക്കുന്നതിനുള്ള മാർഗങ്ങളാകും സമിതി നിർദേശിക്കുക. അതിനായി സർക്കാർ സ്വീകരിക്കേണ്ട നടപടികളും ആനുകൂല്യങ്ങളും ഇളവുകളുമാകും ശുപാർശയിൽ ഉൾപ്പെടുക. ഇതു മുന്നിൽക്കണ്ടു തന്നെയാണ്‌ ലീഗുകൾ വിജയിപ്പിക്കുന്നതിനായി അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക്‌ സർക്കാർ നൽകുന്ന ഒറ്റത്തവണ ഗ്രാന്റായ വയബിലിറ്റി ഗ്യാപ് ഫണ്ടിംഗ്, നേരിട്ടും അല്ലാതെയുമുള്ള സാമ്പത്തിക സഹായങ്ങൾ, സർക്കാർ കായിക അടിസ്ഥാന സൗകര്യങ്ങൾ ഇളവുകളോടെ ലഭ്യമാക്കൽ തുടങ്ങിയ ഇടപെടലുകൾ വേണ്ടി വരുമെന്ന്‌ സമിതി രൂപീകരണവുമായി ബന്ധപ്പെട്ട്‌ മന്ത്രാലയം പറയുന്നത്.


അതിനൊപ്പമാണ്‌ മുൻഗണന നൽകേണ്ട കായിക ഇനങ്ങളും വിഭാഗങ്ങളും സമിതി കണ്ടെത്തുമെന്നും അവയുടെ കായികവും വാണിജ്യപരവുമായ സാധ്യതകൾ പ്രയോജനപ്പെടുത്താനുള്ള വഴികൾ സമിതി ശുപാർശ ചെയ്യുമെന്നും പറയുന്നത്‌. അതുതന്നെയാണ്‌ ഇതിലെ കെണി. സാന്പത്തികതാൽപ്പര്യം മാത്രം മുൻനിർത്തിയായിരിക്കും സമിതി കായികഇനങ്ങളെ വിലയിരുത്തുകയും തെരഞ്ഞെടുക്കുകയും ചെയ്യുക. അതോടെ പല കായികഇനങ്ങളും അവഗണിക്കപ്പെടും. രാജ്യത്തെ കായികസംസ്‌കാരവും നമ്മുടെ കായികതാരങ്ങളുടെ സാധ്യതകളും പൂർണമായി അവഗണിക്കപ്പെടും.


രാജ്യത്ത്‌ വൻകിട കുത്തകകൾക്ക്‌ കീഴിൽ ആരംഭിച്ച പല ലീഗുകളും വാണിജ്യപരമായി വെല്ലുവിളികൾ നേരിടുന്ന സാഹചര്യമുണ്ട്‌. ക്രിക്കറ്റ്‌ ലീഗായ ഐപിഎൽ മാത്രമാണ്‌ വൻ ലാഭം കൊയ്യുന്നത്‌. ബാഡ്മിന്റൺ, കബഡി, ഹോക്കി, ഗുസ്തി തുടങ്ങിയ ഇനങ്ങളിലും പ്രധാന ലീഗുകളുണ്ട്‌. ഭൂരിപക്ഷവും കടക്കെണിയിലാണ്‌. പുനരുജ്ജീവിപ്പിച്ച് രണ്ട് വർഷത്തിനകം ഹോക്കി ലീഗ് വീണ്ടും പ്രതിസന്ധിയിലാണ്‌. ആ ലീഗുകളെ കൈപിടിച്ചുയർത്താൻ വേണ്ട പിന്തുണകളും സമിതി നിർദേശിക്കും. രാജ്യത്തിന്റെ കായികവികസനത്തിനുള്ള നിർദേശങ്ങളും വേണമെന്ന്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌ സമിതിയുടെ ദുർലാക്ക്‌ മറച്ചുവെക്കാൻ മാത്രമാണ്‌. ഇത്തരത്തിൽ കായികവികസനത്തിന്‌ ശുപാർശ നൽകാൻ കഴിയുന്നവരൊന്നും അംഗങ്ങളായി ഇല്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home