ടിവിഎസ് കുടുംബത്തിൽ സ്വത്തുതർക്കം രൂക്ഷം; തുല്യവിഹിതം ആവശ്യപ്പെട്ട് പിതാവിനെതിരെ നോട്ടീസയച്ച് മകൾ

ചെന്നൈ: പ്രമുഖ വ്യവസായ ഗ്രൂപ്പായ ടിവിഎസിന്റെ കുടുംബസ്വത്ത് വിഭജനത്തെച്ചൊല്ലിയുള്ള തർക്കം നിയമനടപടികളിലേക്ക്. ഗ്രൂപ്പിന്റെ കുടുംബസ്വത്തുക്കൾ ഔദ്യോഗികമായി വിഭജിക്കണമെന്ന് ആവശ്യപ്പെട്ട് ടിവിഎസ് ഹോൾഡിങ്സ് ചെയർമാൻ വേണു ശ്രീനിവാസന്റെ മകൾ ലക്ഷ്മി വേണു രംഗത്തെത്തി. കുടുംബസ്വത്തിൽ തനിക്ക് നിയമപരമായി അർഹമായ വിഹിതം നൽകണമെന്ന് ആവശ്യപ്പെട്ടാണ് പിതാവിന് നോട്ടീസ് അയച്ചത്. സഹോദരനും ടിവിഎസ് മോട്ടോർ കമ്പനി ചെയർമാനുമായ സുദർശൻ വേണുവിന് സ്വത്തുക്കളിൽ കൂടുതൽ പ്രാധാന്യം നൽകുന്നതായും തന്റെ അവകാശങ്ങൾ അവഗണിക്കുന്നതായുമാണ് ലക്ഷ്മിയുടെ ആരോപണം.
ടിവിഎസ് മോട്ടോർ, ടിവിഎസ് ഹോൾഡിങ്സ്, ടിവിഎസ് ക്രെഡിറ്റ് സർവീസസ്, സുന്ദരം ക്ലേട്ടൺ തുടങ്ങിയ സ്ഥാപനങ്ങളിലെ കുടുംബ ഓഹരികളും ആസ്തികളും കൃത്യമായി വിഭജിക്കണമെന്നാണ് ആവശ്യം. വി എസ് ട്രസ്റ്റ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ വഴി കൈവശം വച്ചിരിക്കുന്ന ആസ്തികളും ഇതിൽ ഉൾപ്പെടുന്നു. 2025 ഏപ്രിലിൽ സുദർശൻ വേണുവിനെ ടിവിഎസ് ഹോൾഡിങ്സിന്റെ പ്രധാന ഉടമയായി പ്രഖ്യാപിച്ചതാണ് തർക്കത്തിലെ പ്രധാന വിഷയങ്ങളിലൊന്ന്. കുടുംബത്തിനുള്ളിൽ ഔദ്യോഗിക സ്വത്തുവിഭജനം നടന്നിട്ടില്ലെന്നും ലക്ഷ്മി പറയുന്നു.
1956ലെ ഹിന്ദു പിന്തുടർച്ചാവകാശ നിയമത്തിലെ 2005ലെ ഭേദഗതിപ്രകാരം പെൺമക്കൾക്കും കുടുംബസ്വത്തിൽ തുല്യാവകാശമുണ്ടെന്ന് ലക്ഷ്മി ചൂണ്ടിക്കാട്ടി. വിവാഹിതരായെന്ന കാരണത്താൽ പെൺമക്കൾക്ക് ഈ അവകാശം നഷ്ടമാകില്ല. കുടുംബസ്വത്ത് വിഭജിക്കണമെന്ന് ആവശ്യപ്പെടാനും കോടതിയെ സമീപിക്കാനും പെൺമക്കൾക്ക് നിയമപരമായി അവകാശമുണ്ടെന്ന് ലക്ഷ്മി പറയുന്നു. 2020ൽ ടിവിഎസ് കുടുംബത്തിലെ വിവിധ ശാഖകൾ തമ്മിൽ സ്വത്തുക്കൾ വിഭജിച്ചെങ്കിലും വേണു ശ്രീനിവാസന്റെ സ്വന്തം കുടുംബത്തിനുള്ളിൽ ഔദ്യോഗിക സ്വത്തുവിഭജനം നടന്നിട്ടില്ലെന്നാണ് ലക്ഷ്മിയുടെ വാദം.
ലക്ഷ്മിയുടെ ആവശ്യത്തെ പിന്തുണച്ച് മാതാവും ട്രാക്ടേഴ്സ് ആൻഡ് ഫാം എക്യുപ്‌മെന്റ് ലിമിറ്റഡ് (ടാഫെ) മാനേജിങ് ഡയറക്ടറുമായ മല്ലിക ശ്രീനിവാസനും രംഗത്തെത്തി. മകനും മകൾക്കും കുടുംബസ്വത്തിൽ തുല്യാവകാശമുണ്ടെന്നും പ്രശ്നം സുതാര്യമായ ചർച്ചകളിലൂടെ സൗഹാർദപരമായി പരിഹരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. കുടുംബാംഗങ്ങൾക്കിടയിൽ ധാരണയിലെത്താനായില്ലെങ്കിൽ സിവിൽ കോടതിക്ക് നിയമപരമായ അവകാശങ്ങൾ നിർണയിച്ച് സ്വത്തുവിഭജനത്തിന് ഉത്തരവിടാം.








0 comments