Deshabhimani

‘ഷാഹുൽ ഹമീദ് എന്ന പേരിന് പകരം മീഡിയ വൺ ശശിധരൻ പിള്ള എന്ന പേര്‌ വച്ചു’: ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റ്‌

media one.png
വെബ് ഡെസ്ക്

Published on Jul 05, 2025, 01:54 PM | 3 min read

മീഡിയ വണ്ണിന്റെ ചാവേറുകൾ ആയിട്ടുള്ള പ്രമോദ് രാമൻ അടക്കമുള്ള ആളുകളുടെയും മറ്റ് നിഷ്പക്ഷ നിഷ്കളങ്കരുടെയും ഒരു വെളുപ്പിക്കൽ ശ്രമവും എന്റെ മനസ്സിൽ ഏൽക്കുകയും ഇല്ല. കാരണം, ഞാൻ ഇവരുടെ ഒരു ഇരയാണ്.- സി ടി സകറിയ എഴുതുന്നു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം


നമുക്ക് തോന്നുന്ന സംശയത്തിന്റെ പേരിൽ അതല്ലെങ്കിൽ ഏതെങ്കിലും സമയത്ത് ഒരാൾ എടുക്കുന്ന ഒറ്റപ്പെട്ട ചില തീരുമാനത്തിന്റെ പേരിലൊന്നും

ഒരാളെ വർഗീയവാദി എന്ന് വിളിക്കരുത് എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. കാരണം ഒരാൾ വർഗീയവാദി ആവുന്നത് പോലെ തന്നെയാണ് വർഗീയമായി ചിന്തിക്കാത്ത ഒരാളെ വർഗീയവാദിയായി ചിത്രീകരിക്കുന്നതും. രണ്ടും മ്ലേച്ഛമാണ്.


എന്നാൽ എനിക്ക് ഒരു മനസ്സാക്ഷി കുത്തുമില്ലാതെ ഒരു പുനർചിന്തനത്തിന്റെയും ആവശ്യമില്ലാതെ കാണുമ്പോൾ തന്നെ അറപ്പും വെറുപ്പും തോന്നുന്ന ഒരു വർഗീയവാദി ഉണ്ടെങ്കിൽ അത് മീഡിയ വണ്ണിലെ സി ദാവൂദാണ്. ദാവൂദിനെ കുറിച്ച് ഇങ്ങനെ പറയാൻ എനിക്ക് യാതൊരു മടിയുമിലാത്തെതിൻ്റെ കാരണം അയാളുടെ രാഷ്ട്രീയമോ അയാളുടെ രാഷ്ട്രീയ നിലപാടോ ഒന്നുമല്ല. അയാളുടെ മനസ്സിന്റെ ഉള്ളിലെ മത വർഗീയതയും അതിന്റെ ഒപ്പം അയാൾ സമൂഹത്തിൽ മറ്റാളുകൾക്കിടയിൽ ഉണ്ടാക്കുന്ന മതസ്പർദ്ധയുമാണ്.


മീഡിയ വണ്ണിൻ്റെയും അതിന് നേതൃത്വം നൽകുന്ന മൗദൂദികളുടേയും രാഷ്ട്രീയ നിലപാട് ഏതെങ്കിലും കാലത്ത് ഇനി ഇടതുപക്ഷത്തിന് അനുകൂലമായാൽ പോലും അവരോടുള്ള എന്റെ നിലപാടിൽ യാതൊരു മാറ്റവും വരാൻ പോകുന്നില്ല. അവരുടെ ചാവേറുകൾ ആയിട്ടുള്ള പ്രമോദ് രാമൻ അടക്കമുള്ള ആളുകളുടെയും മറ്റ് നിഷ്പക്ഷ നിഷ്കളങ്കരുടെയും ഒരു വെളുപ്പിക്കൽ ശ്രമവും എന്റെ മനസ്സിൽ ഏൽക്കുകയും ഇല്ല. കാരണം, ഞാൻ ഇവരുടെ ഒരു ഇരയാണ്.


അർദ്ധ സത്യങ്ങളെ വളച്ചൊടിച്ച് അത് എങ്ങനെയാണ് ഇവർ ഇവിടുത്തെ സിസ്റ്റത്തിനെതിരെ മതപരമായി ഉപയോഗിക്കുന്നത് എന്ന് പറയാം.

കുറച്ചുകാലം മുന്നേ വിവാദമായ ഒരു സംഭവമായിരുന്നു എന്റെ ടിപ്പർ വാഹനം പോലീസ് പിടിച്ച കാര്യം. വാഹനം പിടിച്ചതുമായി ബന്ധപ്പെട്ട് ഞാൻ എഫ് ബി യിൽ ഒരു പോസ്റ്റ് ഇടുകയും അന്നത്തെ സാഹചര്യത്തിന്റെ പ്രത്യേകത കൊണ്ട് അത് മുൻ എംഎൽഎ ആയിരുന്ന പിവി അൻവർ അടക്കം പൊതുമധ്യത്തിൽ ഉയർത്തിക്കൊണ്ടു വരികയും ചെയ്തു.


ഞാനും അതിനെക്കുറിച്ച് പല ആവർത്തി പ്രതികരിച്ചിട്ടുണ്ട് ഹൈക്കോടതിയിൽ വരെ കേസും നടത്തിയിട്ടുണ്ട്. എന്നാൽ ആ സംഭവത്തെക്കുറിച്ച് എന്താണ് സംഭവിച്ചതെന്ന് ഞാൻ വ്യക്തമായി ആളുകളെ ബോധ്യപ്പെടുത്തിയതാണ്. അത് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഒരു ഈഗോയുടെയും ധാർഷ്ട്യത്തിന്റെയും ഫലമായിരുന്നു.


ഒന്നും മറച്ചു വെക്കാതെ അന്ന് അതിൽ ഉൾപ്പെട്ട പോലീസുകാരുടെ പേരു വിവരങ്ങൾ അടക്കം ഞാൻ പരസ്യപ്പെടുത്തിയതാണ്. എന്നാൽ അന്ന് ദാവൂദിന്റെ നേതൃത്വത്തിൽ മീഡിയവൺ ചെയ്തത് ഔട്ട് ഓഫ് ഫോക്കസ് എന്ന പരിപാടിയിൽ വളരെ ആസൂത്രിതമായി ഈ വിഷയം ചർച്ചയ്ക്ക് കൊണ്ടുവരാനാണ്. ഒരു മാധ്യമം എന്ന നിലക്ക് അതിൽ വലിയ തെറ്റൊന്നുമില്ല. പക്ഷേ അവർ ചെയ്തത് എൻറെ വാഹനം പിടിച്ചത് ഷാഹുൽ ഹമീദ് എന്ന എസ്ഐ ആണെന്ന് ഞാൻ വ്യക്തമായി പറഞ്ഞിട്ടും അവർ ഷാഹുൽ ഹമീദ് എന്ന പേരിന് പകരം വളരെ ആസൂത്രിതമായി അവിടെ ശശിധരൻ പിള്ള എന്ന പേരും എസ്ഐ എന്ന റാങ്കിനു പകരം എസ് എച്ച് ഒ എന്ന പേരും അവർ തിരുകി കയറ്റി. ഇതിനവർ 10 കിലോമീറ്റർ വിത്യാസത്തിൽ സ്ഥിതിചെയ്യുന്ന വാഹനം പിടിച്ച വണ്ടൂർ പോലീസ് സ്റ്റേഷനെ മാറ്റി അത് കാളികാവ് പോലീസ് സ്റ്റേഷനാക്കി. അത് നിഷ്കളങ്കമായിരുന്നില്ല പിഴുവുമായിരുന്നില്ല.


അവർക്ക് വേണ്ടത് സക്കറിയ എന്ന എന്റെ വാഹനം പിടിച്ചത് ശശിധരൻപിള്ള എന്ന മറ്റു മതത്തിൽ പെട്ട ഒരാളാണെന്ന് വരുത്തി തീർക്കുകയായിരുന്നു. അതിനവർ സംഭവം നടന്ന പോലീസ് സ്റ്റേഷനെ തന്നെ മാറ്റി. അതിന്റെ കൂടെ നേരിട്ട് അയാളുടെ മതവും എന്റെ മതവും ചേർത്ത് പൊടിപ്പും തേങ്ങലും വെച്ച് അവർ അരമണിക്കൂർ ചർച്ച ചെയ്തു.


ഈ വാർത്ത പ്രചരിപ്പിച്ചതിനു ശേഷം എന്നോട് സംസാരിച്ച പല ആളുകളും ചോദിച്ചത് നിന്റെ വാഹനം പിടിച്ചാ എസ് എച്ച് ഓ ഒരു സംഘിയാണ് അല്ലേ എന്നാണ്‌ ഈ പ്രതികരണം പല ആളുകളിൽ നിന്നും വന്നപ്പോൾ ഒരിക്കലും എൻറെ വാഹനം പിടിച്ച കാര്യവുമായി ഒരു ബന്ധവുമില്ലാത്ത ഒരാളെ കുറിച്ച് ഇങ്ങനെ പറയുന്നത് കേൾക്കുകയും ചെയ്തപ്പോൾ എനിക്ക് മാനസികമായി നല്ല വിഷമം ഉണ്ടായി.


എന്നാലും ഇത് അവർക്ക് പറ്റിയ ഒരു പിഴവാണെന്ന് ആദ്യഘട്ടത്തിൽ തോന്നിയ ഞാൻ ഇതിൻറെ മാനേജ്മെന്റുമായി ബന്ധപ്പെട്ട് ഈ വാർത്ത സത്യമല്ല എന്റെ വാഹനം പിടിച്ചത് അങ്ങനെ ഒരു സ്റ്റേഷനിലോ അങ്ങനെ ഒരു എസ്എച്ച്ഒ അല്ലെന്നും ഇത് തെറ്റാണെന്നും ഇത് തിരുത്തണമെന്നും ഞാൻ അവരോട് ആവശ്യപ്പെട്ടു. പക്ഷേ അവർ ഒരിക്കലും അതിനു കൂട്ടാക്കിയില്ല എന്നുമാത്രമല്ല ഈ സംഭവം വിശദീകരിച്ച് ഞാൻ അവരുടെ പരിപാടിയുടെ വീഡിയോയും എൻറെ വിശദീകരണവും ചേർത്ത് ഒരു വീഡിയോ തയ്യാറാക്കി പലയാവർത്തി എഫ്ബിയിൽ പോസ്റ്റ് ചെയ്തു. എന്നാൽ മിനിറ്റുകൾക്കുള്ളിൽ അത് ഇടപെട്ട് ഡിലീറ്റ് ചെയ്യിക്കുന്ന സമീപനമാണ് വാതോരാതെ ജനാധിപത്യത്തെ കുറിച്ച് സംസാരിക്കുന്ന ഇവർ സ്വീകരിച്ചത്.


ഇതെനിക്ക് ഒരു കാര്യം വ്യക്തമാക്കി തന്നു. എന്നോട് ഇത്തരത്തിൽ ചോദിക്കുന്ന ആളുകളെ തെറ്റിദ്ധരിപ്പിക്കുക തന്നെയായിരുന്നു ഇവരുടെ ഉദ്ദേശം. അതിലവർ ആനന്ദിക്കുന്നുമുണ്ടെന്ന്. ഇതാണ് ഇവരുടെ ഓരോ വാർത്തയുടെയും ഉള്ളടക്കം. ചില സത്യങ്ങൾ ഉണ്ടാവും ആ സത്യങ്ങൾക്ക് മേൽ അതിന്റെ എത്രയോ ഇരട്ടി കളവുകൾ പുരട്ടുക, എന്നിട്ട് അത് എങ്ങിനെയെങ്കിലും മതവുമായി ബന്ധപ്പെടുത്തുക, ഇത്തരം നിരന്തരമായ കാര്യങ്ങൾ ചെയ്യുക. പത്തിൽ ഒരു പ്രാവശ്യം എങ്കിലും ഇത് കാണുന്നവർ സത്യമാണെന്ന് വിശ്വസിച്ചോളുമെന്നാണ് ഇവരുടെ ഐഡിയോളജി.


കൃത്യമായി പറഞ്ഞാൽ മതത്തിൻറെ വിഷം പുരട്ടി ആദ്യം മുസ്ലിം സമൂഹത്തിനു തിന്നാൻ നൽകുക. മെല്ലെ മെല്ലെ അവരെ വർഗീയമായി ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുക. മറ്റൊരു മതത്തിൽ പെട്ട ഒരാളെ കാണുമ്പോൾ തിരിഞ്ഞു നടക്കാനും അവരെ അവിശ്വസിക്കാനും അവൻ തന്റെ ശത്രുവാണെന്ന് നിരന്തരം മുസ്ലിങ്ങളെ ഓർമ്മപ്പെടുത്തി കൊണ്ടേയിരിക്കുക.


ഇതെൻറെ ജീവിതത്തിലെ നേരിട്ടുള്ള അനുഭവമാണ്. അതുകൊണ്ടുതന്നെ ദാവൂദും അയാൾ വിശ്വസിക്കുന്ന പ്രത്യാശാസ്ത്രവും നല്ലതാണെന്ന് പടച്ചതമ്പുരാൻ തന്നെ നേരിട്ട് ഇറങ്ങിവന്ന് എന്നോട് പറഞ്ഞാലും ഞാൻ ഉറക്കെ വിളിച്ചു പറയും അയാളും അയാളുടെ കൂട്ടരും മറ്റാരെക്കാളും അപകടകാരികളായ വൃത്തികെട്ട മത തീവ്രവാദികൾ തന്നെയാണെന്ന്.


സി ടി സകറിയ




deshabhimani section

Related News

View More
0 comments
Sort by

Home