വൈറൽ വീഡിയോയിലെ ആ ചേട്ടൻ ബിജുക്കുട്ടനെ കാണാനെത്തി; 'ജീവിതത്തിൽ സംഭവിച്ചത് പോലെ തന്നെ സിനിമയിൽ'

വാഴ 2ലെ രംഗം (ഇടത്), ബിജുക്കുട്ടൻ പങ്കുവെച്ച ചിത്രം (വലത്)
വിഷുദിവസം റോഡിൽ പടക്കം പൊട്ടിച്ച് ഓടിമാറുമ്പോൾ വീഴുന്ന ഒരു ചേട്ടന്റെ വീഡിയോ മലയാളികൾക്കിടയിൽ പരിചിതമാണ്. വർഷംകുറേ ആയിട്ടും അത്രയേറെ വൈറലാണ് ആ വീഡിയോ. എന്നാൽ വീഡിയോ കണ്ടുചിരിച്ചവരുടെ മാനസികാവസ്ഥ ആയിരുന്നില്ല പടക്കം പൊട്ടിച്ച ആ ചേട്ടനും കുടുംബത്തിനും ഉണ്ടായത്. മറ്റുള്ളവർ കണ്ട് പൊട്ടിച്ചിരിച്ച സംഭവത്തിന്റെ മറ്റൊരുവശം വരച്ചുകാട്ടുന്നതായിരുന്നു അടുത്തിടെ റിലീസ് ചെയ്ത 'വാഴ 2- ബയോപിക് ഓഫ് എ ബില്യൺ ബ്രോസ്' എന്ന ചിത്രത്തിലെ ഒരുരംഗം.
ബിജുകുട്ടൻ അവതരിപ്പിച്ച കഥാപാത്രം പേടിച്ചുകൊണ്ട് പടക്കത്തിന് തിരികൊടുക്കുകയും പെട്ടെന്ന് ഓടിമാറുമ്പോൾ റോഡിൽ വീഴുന്നതുമാണ് രംഗം. ആ വീഴ്ചകണ്ട് മറ്റുകുട്ടികൾ ചിരിക്കുമ്പോൾ ബിജുക്കുട്ടന്റെ മകനായ കുട്ടി കരഞ്ഞുകൊണ്ട് ഓടിവന്ന് കെട്ടിപ്പിടിക്കുന്നുണ്ട്. ഏറെ വൈകാരികമായാണ് ഈ രംഗം ചിത്രീകരിച്ചിരിക്കുന്നത്. സിനിമ വൻ ഹിറ്റായതോടെ ഈ സീനും ഏറെ ചർച്ചചെയ്യപ്പെടുന്നുണ്ട്.
ഇപ്പോഴിതാ വൈറൽ വീഡിയോയിലെ ആ ചേട്ടൻ ബിജുക്കുട്ടനെ കാണാനെത്തിയിരിക്കുകയാണ്. ബിജുക്കുട്ടൻ തന്നെയാണ് ആ അനുഭവം സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. സിനിമ കണ്ടപ്പോൾ ഒരുപാട് ആശ്വാസം തോന്നിയെന്നും, ആ വീഴ്ചയ്ക്ക് അപ്പുറത്തേക്ക് ജീവിതത്തിൽ സംഭവിച്ച കാര്യം അതേപോലെ സിനിമയിൽ ചെയ്തുവച്ചിട്ടുണ്ടെന്നും വൈറൽ വീഡിയോയിലുള്ള ചേട്ടൻ ബിജുക്കുട്ടനോട് പറഞ്ഞു. ആ സംഭവത്തിന് ശേഷം ജീവിതത്തിലുണ്ടായ പല അനുഭങ്ങളും അദ്ദേഹം പങ്കുവെച്ചു.
ബിജുക്കുട്ടന്റെ ഫേസ്ബുക്ക് കുറിപ്പ് ചൂവടെ
ലോകത്തെമ്പാടുമുള്ള എല്ലാ മലയാളികൾക്കും എന്റെയും എന്റെ കുടുംബത്തിൻ്റെയും വിഷുദിന ആശംസകൾ.
വാഴ 2 സിനിമ കണ്ടിട്ടുള്ള എല്ലാ മലയാളികളും ഒരേപോലെ ആഗ്രഹിക്കുന്ന ഒരു കാര്യമാണ് സോഷ്യൽ മീഡിയയിൽ ഒരു വിഷു ദിവസം പടക്കം പൊട്ടിച്ച് റോഡിൽ വീഴുന്ന ആ ചേട്ടൻ ആരാണ്, എവിടെയാണ്, എന്തു സംഭവിച്ചു എന്നൊക്കെ.
ഈ സിനിമയുടെ എഴുത്തുകാരൻ വിപിൻദാസിനും ഇതിന്റെ സംവിധായകൻ സവിനും സോഷ്യൽ മീഡിയയ്ക്കും നമുക്ക് ആർക്കും അദ്ദേഹത്തെ കണ്ടെത്താൻ കഴിഞ്ഞില്ല.
എന്നാൽ അദ്ദേഹവും അദ്ദേഹത്തിന്റെ ഭാര്യയും ഭാര്യയുടെ കൂട്ടുകാരിയും മകളും എന്നെ കാണാൻ വീട്ടിൽ വന്നിരുന്നു. വാഴ 2 സിനിമ കണ്ടെന്നും, കണ്ടപ്പോൾ ഒരുപാട് ആശ്വാസം തോന്നിയെന്നും പറഞ്ഞാണ് അദ്ദേഹം തുടങ്ങിയത്. ആ വീഴ്ചയ്ക്ക് അപ്പുറത്തേക്ക് അയാളുടെ ജീവിതത്തിൽ സംഭവിച്ച കാര്യം അതേപോലെ ഞങ്ങൾ സിനിമയിൽ ചെയ്തുവച്ചിട്ടുണ്ട് എന്ന് പറഞ്ഞപ്പോൾ എനിക്ക് അത്ഭുതം തോന്നി.
'എന്റെ മകൻ ആറാം ക്ലാസിൽ പഠിക്കുമ്പോൾ എന്റെ അനിയൻ തന്നെ എടുത്തു പോസ്റ്റ് ചെയ്ത വീഡിയോ ആണ് അത്. അന്ന് ഞാൻ വീഴുന്നത് കണ്ട എൻ്റെ മകൻ എനിക്കെന്തോ ആപത്ത് സംഭവിച്ചു എന്നു കരുതി പൊട്ടി കരഞ്ഞുകൊണ്ട് ഓടിവന്നു എന്നെ കെട്ടിപ്പിടിച്ചു, എന്നെ പിടിച്ച് എഴുന്നേൽപ്പിക്കാൻ നോക്കി, അത്രയും സങ്കടത്തോടെ എന്റെ മകനെ ഞാൻ അതുവരെ കണ്ടിട്ടില്ല.
പിന്നീട് ഈ വീഡിയോ വൈറലായി, ആ വീഡിയോ പോസ്റ്റ് ചെയ്തയാൾ മനസ്സിൽ പോലും വിചാരിക്കാത്ത രീതിയിൽ അത് ആളുകളിലേക്ക് എത്തി. എല്ലായിടത്തും ആ വീഡിയോ കാണുമ്പോൾ വിഷമം ആണ് തോന്നിയിരുന്നത്. ഒരു ഫങ്ക്ഷന് പോകാനും, ആളുകളെ അഭിമുഖീകരിക്കാനും ഒക്കെ മടിയായിരുന്നു. ആ വീഡിയോ കണ്ട ആളുകൾ ചേട്ടൻ മദ്യപിച്ചിട്ടുണ്ടായിരുന്നോ, പടക്കം ഇത്ര പേടിയാണോ എന്നൊക്കെ ചോദിക്കുമ്പോൾ ശരിക്കും വിഷമം തോന്നിയിരുന്നു. മരിക്കുന്നതിനെ കുറിച്ച് വരെ ചിന്തിച്ചുപോയിട്ടുണ്ട്. എല്ലാ വിഷുക്കാലം വരുമ്പോഴും ആ വീഡിയോയെ പറ്റിയുള്ള ഓർമ വല്ലാത്ത മാനസികബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ട്.
സിനിമയിലെ പാട്ട് റിലീസ് ആയപ്പോൾ, അതിലെ പടക്കം പൊട്ടിക്കുന്ന സീൻ കണ്ട് അത് ആളുകൾക്ക് ഒരു ഓർമപ്പെടുത്തൽ ആവുമെന്നും കൂടുതൽ ആളുകൾ ഇത് അറിയുമെന്നും ഞാൻ പേടിച്ചു.
പക്ഷേ സിനിമ കണ്ടിറങ്ങിയ എൻ്റെ മകൻ അവന്റെ ജോലി സ്ഥലത്തുനിന്നും എന്നെ വിളിച്ച് അച്ഛനും അമ്മയും എന്തായാലും സിനിമ പോയി കാണണം എന്ന് പറഞ്ഞു.
സിനിമ കണ്ടതിനുശേഷം വളരെ സന്തോഷത്തിലാണ്, ഇത്ര കാലം ഉണ്ടായ പേടിയും ടെൻഷനുമെല്ലാം പെട്ടെന്ന് പോയ പോലെ. ആ വിഡിയോയിലൂടെ ആളുകൾ കണ്ടതിന് അപ്പുറത്തേക്ക് അവിടെ സംഭവിച്ചത് അതേപോലെ സ്ക്രീനിൽ കണ്ടപ്പോൾ വല്ലാത്ത സന്തോഷവും ആശ്വാസവും തോന്നി.'
ഒരുപാട് സന്തോഷത്തോടെ കണ്ണ് നിറഞ്ഞാണ് അദ്ദേഹം എന്നോട് സംസാരിച്ച് തീർത്തത്.
തൻറെ ജീവിതം പകർത്തി വെച്ചതുപോലെയാണ് സിനിമ കണ്ടപ്പോൾ തോന്നിയതെന്നും അതെങ്ങനെയാണെന്നും ചേട്ടൻ എന്നോട് ചോദിച്ചു.
അത് ചേട്ടനെ പോലെ തന്നെ എനിക്കും അറിയില്ല ഞാൻ രണ്ടുമൂന്നു ഇന്റർവ്യൂവിൽ പറഞ്ഞതുപോലെ അത് വിപിൻദാസിന്റെയും സവിന്റെയും ഒരു മാജിക് തന്നെയാണ്.
ദയവ് ചെയ്ത് ഇത് വായിക്കുന്ന ആരും ഇനി ആ ചേട്ടൻ ആരാണെന്ന് അന്വേഷിച്ച് പോവുകയോ അവരുടെ വ്യക്തിജീവിതത്തിലേക്ക് കടന്നുകയറാനോ ശ്രമിക്കരുത്.
ചേട്ടൻ ഇനിയെന്നും സന്തോഷമായി ഇരിക്കട്ടെ.
ഒരിക്കൽകൂടി എല്ലാവർക്കും വിഷു ആശംസകൾ നേരുന്നു.










0 comments