'ബംഗളൂരുവില്‍ വരുന്നവരെല്ലാം ഐ ടിക്കാരല്ല, ലക്ഷങ്ങൾ ശമ്പളവുമില്ല' വീട്ടുവാടക വര്‍ധനയ്ക്കെതിരെ യുവതിയുടെ പ്രതികരണം വൈറല്‍

ബംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിൽ കുതിച്ചുയരുന്ന വീട്ടുവാടകയും അഡ്വാൻസ് തുകയും സാധാരണക്കാരായ ഉദ്യോഗസ്ഥരെ എങ്ങനെ ബാധിക്കുന്നുവെന്ന് തുറന്നുപറഞ്ഞ് യുവതി പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. ഇൻസ്റ്റാഗ്രാമിലെ 'Namma_rants' എന്ന പേജിലൂടെയാണ് യുവതി ബെംഗളൂരുവിലെ വാടകക്കാരോട് ജീവിതത്തിന്റെ യാഥാർത്ഥ്യം തുറന്നുകാട്ടിയത്.
ബംഗളൂരുവിലേക്ക് ജോലിക്ക് എത്തുന്നവരെല്ലാം ഐ ടി മേഖലയിലുള്ളവരാണെന്നും എല്ലാവർക്കും ലക്ഷക്കണക്കിന് രൂപ ശമ്പളമുണ്ടെന്നുമാണ് അവിടുത്തെ വീട്ടുടമസ്ഥരുടെ പൊതുവെയുള്ള ധാരണമെന്ന് യുവതി പറയുന്നു. താൻ വീട് വാടകയ്ക്ക് എടുക്കാൻ പോയപ്പോൾ വീട്ടുടമസ്ഥനിൽ നിന്നും നേരിട്ട ചോദ്യമാണ് യുവതിയെ ഈ പ്രതികരണത്തിന് പ്രേരിപ്പിച്ചത്. 'നിങ്ങളൊക്കെ ഐടി ഡിപ്പാർട്ട്മെന്റിൽ ഉള്ളവരല്ലേ, ലക്ഷങ്ങൾ ശമ്പളം വാങ്ങുന്നവരല്ലേ, പിന്നെന്തിനാണ് വാടക കുറയ്ക്കാൻ ചോദിക്കുന്നത്?' എന്നായിരുന്നു ഉടമസ്ഥന്റെ ചോദ്യം.
'ബംഗളൂരുവിൽ വീട് വാടകയ്ക്ക് കൊടുക്കുന്നവർ ഒരുകാര്യം മനസ്സിലാക്കണം; ഇവിടെ വരുന്ന എല്ലാവരും ഐ ടി ജീവനക്കാരല്ല. എല്ലാവരുടെയും ജോലിയും അവർക്ക് കിട്ടുന്ന ശമ്പളവും വ്യത്യസ്തമാണ്. വിലക്കയറ്റം എല്ലാവരെയും ബാധിക്കുന്നുണ്ട്. പക്ഷേ, ഇവിടെ വാടകയും ഡെപ്പോസിറ്റും വർദ്ധിക്കുന്ന വേഗത നോക്കിയാൽ സാധാരണക്കാർക്ക് ജീവിക്കാൻ കഴിയില്ല. പിന്നെ ഞങ്ങൾ എന്ത് സമ്പാദിക്കും, എന്ത് കഴിക്കും, എന്ത് മാറ്റിവെക്കും?' യുവതി ചോദിക്കുന്നു.
വാടക താങ്ങാൻ കഴിയുന്നില്ലെങ്കിൽ സ്വന്തം നാട്ടിലേക്ക് മടങ്ങിപ്പോകാൻ പറയുന്ന ട്രോളന്മാർക്കും യുവതി കൃത്യമായ മറുപടി നൽകി. 'എല്ലാവരും വീടുവിട്ടിറങ്ങുന്നത് നാല് പൈസ സമ്പാദിക്കാനാണ്. അല്ലാതെ ഇവിടെ വാടക കൂടുതലാണെന്ന് കരുതി ജോലി ഉപേക്ഷിച്ച് ആർക്കും നാട്ടിൽ പോയി ഇരിക്കാൻ കഴിയില്ലല്ലോ,' യുവതി കൂട്ടിച്ചേർത്തു.
സോഷ്യൽ മീഡിയയിൽ വലിയ പിന്തുണയാണ് യുവതിയുടെ വീഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. സാധാരണ ശമ്പളമുള്ളവർക്ക് ബംഗളൂരു നഗരത്തിൽ അതിജീവനം സാധിക്കാത്ത അവസ്ഥയാണെന്നും, നഗരത്തിലെ വാടക നിരക്കുകൾ നിയന്ത്രിക്കാൻ കൃത്യമായ സർക്കാർ സംവിധാനങ്ങൾ വേണമെന്നുമാണ് വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകൾ വ്യക്തമാക്കുന്നത്.










0 comments