ad
Deshabhimani

ക്ഷേമപെൻഷൻ അട്ടിമറിക്കാൻ ശ്രമിച്ചാൽ കേരളം പ്രക്ഷോഭമുഖരിതമാകും: കെഎസ്കെടിയു

ksktu Welfare Pension.jpg
വെബ് ഡെസ്ക്

Published on Jun 05, 2026, 03:16 PM | 2 min read

തിരുവനന്തപുരം: യുഡിഎഫ് സർക്കാർ നിയമസഭയിൽ അവതരിപ്പിച്ച ധവളപത്രം സാമൂഹ്യക്ഷേമ പെൻഷൻ അട്ടിമറിക്കാനുള്ള ലക്ഷണങ്ങളാണ് മുന്നോട്ടുവെക്കുന്നതെന്നും കർഷക തൊഴിലാളികളടക്കമുള്ള പാവപ്പെട്ട ജനവിഭാഗങ്ങളുടെ അവകാശങ്ങൾ നിഷേധിക്കാനുള്ള ഗിമ്മിക്കുകളുമായി സർക്കാർ മുന്നോട്ടുപോയാൽ കേരളം പ്രക്ഷോഭഭരിതമാവുമെന്നും കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ (കെഎസ്കെടിയു) പ്രസ്താവനയിൽ പറഞ്ഞു.


കേരളത്തിലെ പാവപ്പെട്ട ജനവിഭാഗങ്ങൾക്കും വയോധികർക്കും നൽകുന്ന ക്ഷേമ പെൻഷനുകൾ കൃത്യമായി വിതരണം ചെയ്യുന്നതിനായി എൽഡിഎഫ് സർക്കാർ രൂപീകരിച്ച കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡ് എന്ന കമ്പനിയെ ഇല്ലാതാക്കി, കേന്ദ്ര സർക്കാർ മാതൃകയിൽ ആധാർ അധിഷ്ടിത ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ സംവിധാനം ഏർപ്പെടുത്തുമെന്നാണ് ധവളപത്രം ശുപാർശ ചെയ്യുന്നത്. കെഎസ്എസ്പിഎൽ വഴി വായ്പയെടുത്താണ് കുടിശ്ശിക വരുത്താതെ സാമൂഹ്യക്ഷേമപെൻഷൻ ഗുണഭോക്താക്കൾക്ക് നൽകാൻ എൽഡിഎഫ് സർക്കാരിന് സാധിച്ചത്. ആ രീതിയിൽ നിന്നും പിൻമാറുന്നു എന്നതിനർത്ഥം കുടിശ്ശികയുടെ യുഡിഎഫ് കാലം തിരികെ വരുന്നു എന്നതാണ്.


യുഡിഎഫ് സർക്കാർ ആധാർ ഡിബിടി സംവിധാനത്തിലേക്ക് പൂർണ്ണമായി മാറണമെന്ന് വാശിപിടിക്കുന്നത് കേന്ദ്ര സർക്കാരിന്റെ കടുത്ത വരുമാന-സ്വത്ത് മാനദണ്ഡങ്ങൾ ക്ഷേമപെൻഷൻ അർഹതയ്ക്കായി സംസ്ഥാനത്ത് അടിച്ചേൽപ്പിക്കാനാണ്. അതിലൂടെ ലക്ഷക്കണക്കിന് പെൻഷൻ ഗുണഭോക്താക്കളെ ലിസ്റ്റിൽ നിന്ന് ഒഴിവാക്കാമെന്നാണ് മുഖ്യമന്ത്രി വി ഡി സതീശനും ധവളപത്ര നിർമാതാക്കളും കണക്കുകൂട്ടുന്നത്.

കേന്ദ്രസർക്കാർ, ആധാർ ഡിബിടി വഴി ചില പെൻഷനുകളും തൊഴിലുറപ്പ് കൂലിയും വിതരണം ചെയ്യുമ്പോൾ നിരന്തരം പരാതികൾ ഉയരാറുണ്ട്. ആധാർ കാർഡിലെ പേര്, ജനനത്തീയതി തുടങ്ങിയവ ബാങ്ക് അക്കൗണ്ടിലെ വിവരങ്ങളുമായി പൊരുത്തപ്പെടുന്നില്ലെങ്കിൽ പോലും പെൻഷൻ ലഭിക്കാത്ത അവസ്ഥയുണ്ടാവും. ബയോമെട്രിക് പ്രശ്നങ്ങൾ സംബന്ധിച്ച പരാതികളും വ്യാപകമായുണ്ട്. പ്രായമായവരുടെയും കഠിനാധ്വാനം ചെയ്യുന്ന തൊഴിലാളികളുടെയും വിരലടയാളങ്ങൾ മാഞ്ഞുപോകുന്നത് സാധാരണമാണ്. ആധാർ പുതുക്കാനോ വിരലടയാളം പതിപ്പിക്കാനോ കഴിയാതെ വരുമ്പോൾ ക്ഷേമപെൻഷൻ ലിസ്റ്റിൽ നിന്ന് ഇവർ പുറത്താകുമെന്നതുറപ്പാണ്.


സാമൂഹ്യക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ ഭൂരിപക്ഷവും നിരന്തരം ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിക്കുന്നവരല്ല. മിനിമം ബാലൻസ് ഇല്ലാത്തതുപോലുള്ള കാരണങ്ങളാൽ അക്കൗണ്ട് മരവിച്ചാൽ പെൻഷൻ തുക ലഭിക്കാത്ത സാഹചര്യമുണ്ടാവും. സംസ്ഥാനത്ത് പെൻഷൻ ഗുണഭോക്താക്കളിൽ ഭൂരിപക്ഷത്തിനും നേരിട്ട് വീട്ടിലെത്തി പെൻഷൻതുക കൈമാറുന്നത് പ്രാദേശിക സഹകരണ ബാങ്കുകളാണ്. അവരുടെ സേവനം ഇല്ലാതാക്കുന്നത് വഴി, കിടപ്പുരോഗികൾക്കും അവശരായ വയോജനങ്ങൾക്കും കിലോമീറ്ററുകൾ താണ്ടി പെൻഷൻ വാങ്ങാൻ പോകേണ്ടിവരുന്ന അവസ്ഥയാണ് യുഡിഎഫ് സർക്കാർ സൃഷ്ടിക്കുന്നതെന്നും ഇതൊക്കെ സാമൂഹ്യക്ഷേമ പെൻഷനെ അട്ടിമറിക്കാനുള്ള നടപടികളാണ്.

പാവങ്ങൾക്ക് കുടിവെള്ളവും വെളിച്ചവും നിഷേധിക്കാനുള്ള നിർദേശവും ധവളപത്രത്തിലുണ്ട്. വാട്ടർ അതോറിറ്റിയും കെഎസ്ഇബിയും അർഹരായ ഗുണഭോക്താക്കൾക്ക് സബ്സിഡി നിരക്കിലാണ് സേവനം നൽകുന്നത്. പൊതുഗതാഗതവും അങ്ങിനെയാണ്. അർഹരായവരുടെ സബ്സിഡി തുക സർക്കാർ ഏറ്റെടുക്കാതെ കേന്ദ്ര സർക്കാർ മാതൃകയിൽ ഗുണഭോക്താക്കളിൽ നിന്നും ഈടാക്കി, പിന്നീട് തിരികെ നൽകാനാണ് യു ഡി എഫ് സർക്കാർ ധവളപത്രത്തിന്റെ മറവിൽ ശ്രമിക്കുന്നത്. ഉൽപ്പാദനാധിഷ്ടിത സബ്സിഡികൾ ഉപഭോഗാധിഷ്ടിത സബ്സിഡിയാക്കി മാറ്റുവാനുള്ള നീക്കം പാവങ്ങളോടുള്ള ചതിയാണ്.


കേന്ദ്ര സർക്കാർ പാചകവാതകത്തിനുള്ള സബ്സിഡി തിരികെ നൽകുമെന്ന് വ്യാമോഹിപ്പിച്ചതല്ലാതെ ആർക്കും സബ്സിഡി കിട്ടിയിട്ടില്ല. കേന്ദ്രത്തെ പിന്തുടർന്ന് സംസ്ഥാന സർക്കാരും വ്യാമോഹ വിസ്മയങ്ങളാണ് കേരളത്തിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത്. നിയമങ്ങളും പ്രക്രിയകളും പുനക്രമീകരിക്കുമെന്നും ഭൂപരിഷ്കരണ നിയമങ്ങളും തൊഴിൽ നിയമങ്ങളും സ്ഥാപിത നടപടിക്രമങ്ങളും മാറ്റിമറിക്കുമെന്നും പറയുന്ന ധവളപത്രം നടപ്പിലാക്കിയാൽ കേരളം കുത്തകകളുടെ കൈയ്യിലായി തീരും എന്നത് തർക്കമില്ലാത്ത കാര്യമാണ്.


യുഡിഎഫ് സർക്കാർ മാറി, എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന ഘട്ടത്തിൽ അറുനൂറ് രൂപയുണ്ടായിരുന്ന സാമൂഹ്യക്ഷേമ പെൻഷൻ ആയിരം രൂപയാക്കി വർധിപ്പിച്ചത് ആദ്യത്തെ കാബിനറ്റ് യോഗത്തിലായിരുന്നു. തുടർന്ന് എൽഡിഎഫ് സർക്കാരുകൾ സാമൂഹ്യക്ഷേമ പെൻഷൻ രണ്ടായിരം രൂപയാക്കി വർധിപ്പിച്ച് കുടിശ്ശികയില്ലാതെ വിതരണം ചെയ്തു. തെരഞ്ഞെടുപ്പ് വേളയിൽ ഇന്ദിരാ ഗാരന്റി എന്ന പേരിൽ മൂവായിരം രൂപയാക്കി ക്ഷേമപെൻഷൻ വർധിപ്പിക്കുമെന്ന വാഗ്ദാനം നൽകി അധികാരത്തിലേറിയ യുഡിഎഫ്, ഇപ്പോൾ ആ ഗാരന്റി മറന്നുപോയെന്നാണ് തോന്നുന്നത്. വഞ്ചന മുഖമുദ്രയാക്കിയ സർക്കാരാണ് വി ഡി സതീശന്റേത്. കേരളം പോലുള്ളൊരു സംസ്ഥാനത്ത് നിരന്തരം നണകൾ മാത്രം പറഞ്ഞ് ജനങ്ങളുടെ കണ്ണിൽപ്പൊടിയിട്ട് മുഖ്യമന്ത്രിക്കും സർക്കാരിനും ഏറെനാൾ മുന്നോട്ടുപോകാനാവില്ല എന്നത് മറന്നുപോകരുതെന്ന് കെഎസ്കെടിയു സംസ്ഥാന പ്രസിഡന്റ് ആനാവൂർ നാഗപ്പനും ജനറൽ സെക്രട്ടറി എൻ ചന്ദ്രനും പ്രസ്താവനയിൽ പറഞ്ഞു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home