മെന്റർ അധ്യാപകരെ പിരിച്ചുവിട്ട സർക്കാർ നടപടി കടുത്ത അന്യായം; ജോലിയിൽ തിരിച്ചെടുക്കണം: പ്രതിപക്ഷനേതാവ്

ഗോത്രബന്ധു അധ്യാപകരെ പിരിച്ചുവിട്ടതിൽ പ്രതിക്ഷേധിച്ച് വയനാട് കലക്‌ടറേറ്റിനു മുന്നിൽ നടത്തിയ ധർണ (ഇടത്), പിണറായി വിജയൻ (വലത്)
തിരുവനന്തപുരം: ആദിവാസി ഗോത്ര വിഭാഗത്തിൽപെട്ട മെന്റർ അധ്യാപകരെ യുഡിഎഫ് സർക്കാർ പിരിച്ചുവിട്ട നടപടി കടുത്ത അന്യായമെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. ആദിവാസി വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനും പഠന പിന്തുണ നൽകുന്നതിനുമാണ് എൽഡിഎഫ് സർക്കാർ മെന്റർ അധ്യാപകരെ നിയമിച്ചത്. വയനാട്, പാലക്കാട്, മലപ്പുറം ജില്ലകളിലായി ജോലി ചെയ്യുന്ന 308 അധ്യാപകരെയാണ് ഇപ്പോൾ യുഡിഎഫ് സർക്കാർ പിരിച്ചുവിട്ടത്. പ്രക്ഷോഭത്തിലുള്ള അധ്യാപകരുടെ ന്യായമായ ആവശ്യം അംഗീകരിച്ച് ജോലിയിൽ തിരിച്ചെടുക്കാൻ സർക്കാർ തയ്യാറാകണമെന്നും പ്രതിപക്ഷനേതാവ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
2016ലെ എൽ ഡി എഫ് സർക്കാരിന്റെ കാലത്ത് നടപ്പാക്കിയ ഏറ്റവും വിപ്ലവകരമായ നടപടിയായിരുന്നു ആദിവാസി മെന്റർ അധ്യാപക നിയമനം. രാജ്യത്ത് ആദ്യമായി കേരളത്തിലാണ് ഗോത്ര വിദ്യാർഥികൾക്കായി ഇത്തരമൊരു സംരക്ഷണ പദ്ധതി നടപ്പാക്കിയത്.
പട്ടികവർഗ വകുപ്പു വഴിയാണ് ഒന്നാം എൽഡിഎഫ് സർക്കാർ പദ്ധതി നടപ്പാക്കിയത്. ഇതുവഴി ആദിവാസി വിദ്യർഥികളുമായി അവരുടെ ഭാഷയിൽ ആശയ വിനിമയം നടത്തി പഠിപ്പിക്കാൻ ഇതുവഴി സാധിച്ചു. വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് ഗണ്യമായി കുറച്ചു. ജോലിയും ലഭിച്ചു. ഒരേ സമയം ആദിവാസി വിദ്യാർഥികളുടെ വിദ്യാഭ്യാസ മുന്നേറ്റം ഉറപ്പാക്കുക്കുകയും ജോലി നൽകി ഗോത്ര കുടുംബങ്ങളെ സാമ്പത്തികമായും സാമൂഹ്യമായും ഉയർത്തുകയും ചെയ്തു. ഏറ്റവും പിന്നാക്കമായ അടിയ, പണിയ, കാട്ടുനായ്ക്ക, ഊരാളി വിഭാഗത്തിൽപ്പെട്ടവരാണ് അധ്യാപകരിൽ ഭൂരിഭാഗവും. ഏപ്രിൽ, മെയ് മാസങ്ങളിലും ഇവർ വിദ്യാലയ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ഉന്നതികളിലെ വിദ്യാർഥികളെ സ്കൂളുകളിൽ ചേർക്കാനും മറ്റുമുള്ള പ്രവർത്തനങ്ങളിൽ കൂടി വ്യാപൃതരായിരുന്നവർക്കാണ് ജോലി നഷ്ടപ്പെട്ടത്.
ഗോത്രബന്ധു പദ്ധതി പ്രകാരം പ്രതിമാസം 21,900 രൂപ വേതനത്തിൽ ഒന്നു മുതൽ നാലുവരെ ക്ലാസുകളിൽ പഠിപ്പിച്ചിരുന്നവരാണിവർ. ടി ടിസി, ബിഎഡ് യോഗ്യതയുള ഗോത്രവിഭാഗം യുവാക്കളെയാണ് ഈ ചുമതലയിൽ നിയോഗിച്ചത്. നിലവിലുള്ള അധ്യാപകരെ ഈ അധ്യയന വർഷം ജോലിയിൽ പ്രവേശിപ്പിക്കേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനം. പട്ടികവർഗ വകുപ്പ് ഡയറക്ടറുടെ നിർദേശപ്രകാരമാണ് ഐടിഡിപി പ്രൊജക്ട് ഓഫീസർമാരുടെ ഉത്തരവ്. സ്കൂൾ തുറന്നപ്പോൾ ഇവർക്ക് ജോലിയിൽ പ്രവേശിക്കാനായില്ല.
ഒമ്പത് വർഷമായി ജോലി ചെയ്യുന്ന 241 മെന്റർ അധ്യാപകർക്ക് വയനാട്ടിലും പാലക്കാട് അമ്പത് പേർക്കും മലപ്പുറത്ത് 17 പേർക്കും ജോലി നഷ്ടമായി. ഗോത്ര വിദ്യാർഥികളുടെ പഠനം ഇതോടെ താളംതെറ്റുമെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി.










0 comments