ad
Deshabhimani

ഗെഗൻപ്രസിങ്: കൂട്ടത്തോടെയുള്ള വേട്ടയാടൽ; ലോകകപ്പിലെ കറുത്ത കുതിരകളാവാൻ ഓസ്ട്രിയ

Austria football team.jpg

Das Nationalteam/ facebook.com/photo

avatar
ജ്യോതിസ് [email protected]

Published on Jun 05, 2026, 04:16 PM | 3 min read

കാൽപ്പന്തു കളിയിൽ പന്ത് നഷ്ടപ്പെട്ടാൽ ഉടൻ പ്രതിരോധത്തിലേക്ക് പിൻവാങ്ങുന്ന കാലമൊക്കെ എന്നേ കഴിഞ്ഞു. അപ്പോൾത്തന്നെ പുതിയൊരു ആക്രമണത്തിന് തുടക്കമിടുകയാണിപ്പോൾ. ഇരയെ കൂട്ടത്തോടെ വളഞ്ഞിട്ട് ആക്രമിക്കുന്ന ഹെയ്നകളെ (Hyenas) പോലെ എതിരാളികൾക്ക് മേൽ അതിവേഗം ചാടിവീഴുന്ന ആധുനിക ഫുട്ബോളിലെ വിനാശകാരിയായ തന്ത്രമാണ് ഗെഗൻപ്രസിങ് (Gegenpressing). എതിരാളിക്ക് ചിന്തിക്കാൻ പോലും സമയം നൽകാതെയാണ് ഈ വേട്ടയാടൽ.


റാങ്നിക്കിന്റെ എട്ട്, ക്ലോപ്പിന്റെ അഞ്ച്


ജർമൻ ഭാഷയിൽ നിന്നാണ് ഈ വാക്കിന്റെ ജനനം. ഗെഗൻ (Gegen) എന്നാൽ എതിരായ (Counter) എന്നും പ്രസിങ് എന്നാൽ സമ്മർദ്ദം ചെലുത്തുക എന്നുമാണ് അർത്ഥം. ആധുനിക ഫുട്ബോളിൽ ഈ തന്ത്രത്തിന്റെ അടിസ്ഥാന രൂപരേഖ അവതരിപ്പിച്ചത് ജർമൻ കാരനായ പരിശീലകൻ റാൽഫ് റാങ്നിക്കാണ് (Ralf Rangnick). അതുകൊണ്ടുതന്നെ ഫുട്ബോൾ ലോകം അദ്ദേഹത്തെ ഗെഗൻപ്രസിങിന്റെ ഗോഡ്ഫാദർ എന്ന് വിളിക്കുന്നു. എന്നാൽ ഇതിനെ ലോകമെമ്പാടുമുള്ള ആരാധകരിലേക്ക് എത്തിച്ച് വലിയ കിരീട വിജയങ്ങളിലേക്ക് പരിവർത്തനം ചെയ്തത് ജർമൻ കാരൻ തന്നെയായ യുർഗൻ ക്ലോപ്പാണ് (Jürgen Klopp).


ball control.jpeg


പന്ത് നഷ്ടപ്പെട്ട ഉടൻ തന്നെ അത് തിരിച്ചുപിടിക്കുക എന്ന ആശയമാണ് ഇരുവരുടെയും ശൈലിയുടെ കേന്ദ്രബിന്ദുവെങ്കിലും ഇവ തമ്മിൽ ഘടനാപരമായ ചില വ്യത്യാസങ്ങളുണ്ട്. റാങ്നിക് പന്ത് നഷ്ടപ്പെട്ട ശേഷം ആദ്യ എട്ട് സെക്കൻഡുകളെ നിർണായകമായി കണ്ടു. എതിരാളിയുടെ കൗണ്ടർ അറ്റാക്ക് തടയുകയും ടീമിന്റെ പ്രതിരോധ ഘടന നിലനിർത്തുകയും ചെയ്യുക എന്നതായിരുന്നു അതിന്റെ പ്രധാന ലക്ഷ്യം. ക്ലോപ്പാകട്ടെ ആദ്യ അഞ്ച് സെക്കൻഡുകളിലെ തീവ്ര പ്രസിങിനാണ് കൂടുതൽ പ്രാധാന്യം നൽകിയത്. പന്ത് തിരിച്ചുപിടിച്ചയുടൻ അതിവേഗ ആക്രമണങ്ങളിലൂടെ ഗോൾ അവസരങ്ങൾ സൃഷ്ടിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ സമീപനം. അതുകൊണ്ടുതന്നെ ഈ കേളി ശൈലിയുടെ പേര് കേൾക്കുമ്പോൾ ആരാധകരുടെ മനസ്സിൽ ആദ്യം ഓടിയെത്തുന്നത് ക്ലോപ്പിനെയും അദ്ദേഹം നേടിയെടുത്ത യുവേഫ ചാമ്പ്യൻസ് ലീഗ്, പ്രീമിയർ ലീഗ് കിരീടങ്ങളെയുമാണ്.


ball control 1.jpg


റോബർട്ട് ലെവൻഡോവ്സ്കി (Robert Lewandowski), എർലിങ് ഹാലണ്ട് (Erling Haaland), സാദിയോ മാനെ (Sadio Mané), മുഹമ്മദ് സലാ (Mohamed Salah) എന്നിവരെപ്പോലുള്ള ലോക ഫുട്ബോളിനെ വിസ്മയിപ്പിച്ച സൂപ്പർതാരങ്ങളുടെ കരിയർ തന്നെ രൂപപ്പെടുത്തിയത് ഇത്തരം അതിവേഗ ആക്രമണ കളികളായിരുന്നു.


മരണ ഗ്രൂപ്പിൽ ഒന്നാമതെത്തി ഓസ്ട്രിയ


യുവതാരങ്ങളെ വളർത്തുന്നതിനപ്പുറം റാങ്നികിന്റെ ഈ ഹൈപ്രസിങ് തന്ത്രം എത്രത്തോളം അപകടകാരിയാണെന്ന് ലോകം കണ്ടത് ജർമനിയിൽ നടന്ന 2024 യൂറോ കപ്പിലാണ്. ഫ്രാൻസും നെതർലാൻഡ്സും ഉൾപ്പെട്ട മരണ ഗ്രൂപ്പിൽ നിന്നാണ് ഓസ്ട്രിയ ഗ്രൂപ്പ് ചാമ്പ്യന്മാരായത്.


austria.jpg

വീരാളി- പോരാളിക്കൂട്ടം


ഓസ്ട്രിയൻ ടീമിൽ ഈ തന്ത്രത്തിന്റെ ഹൃദയം മധ്യനിരയിലാണ്. ബയേൺ മ്യൂണിക്കിന്റെ കളിക്കാരനായ കോൺറാഡ് ലൈമർ (പ്രസിങ് മെഷീൻ എന്നാണ് വിളിപ്പേര്) പ്രസിങിന്റെ കേന്ദ്ര ബിന്ദു വാണെങ്കിൽ പന്ത് തിരിച്ചുപിടിച്ചുടൻ അതിവേഗ ആക്രമണം കെട്ടിപ്പടുക്കാൻ മാർസൽ സാബിറ്റ്സർ ഒപ്പമുണ്ടാകും. നിക്കോളാസ് സീവാൾഡ് എതിരാളികളുടെ പാസിംഗ് വഴികൾ അടച്ചുപൂട്ടുമ്പോൾ, ക്രിസ്റ്റോഫ് ബൗംഗാർട്ട്നർ മുന്നേറ്റത്തിന് അതിരുകളില്ലാത്ത സർഗ്ഗാത്മകത നൽകുന്നു. ഈ താരങ്ങൾ തമ്മിലുള്ള കൃത്യമായ ഒത്തിണക്കമാണ് ഓസ്ട്രിയൻ മധ്യനിരയെ ഇപ്പോൾ യൂറോപ്പിലെ തന്നെ മികച്ച ഒന്നാക്കി മാറ്റിയത്.


പ്രതിരോധക്കോട്ടയും സ്വീപ്പർ കീപ്പറും


ഈ തന്ത്രം വിജയിക്കണമെങ്കിൽ പ്രതിരോധനിരയും കാര്യമായി ഇടപെടണം. ക്യാപ്റ്റൻ ഡേവിഡ് അലാബ, കെവിൻ ഡാൻസോ തുടങ്ങിയ പരിചയസമ്പന്നരായ സെന്റർ ബാക്കുകൾ ഈ പ്രതിരോധത്തിന് കരുത്തേകുന്നു. അലക്സാണ്ടർ ഷ്ലാഗറെയോ പാട്രിക് പെന്റ്സിനെയോ പോലുള്ള ഗോൾകീപ്പർമാർ വെറുമൊരു കാവൽക്കാരായല്ല, മറിച്ച് സ്വീപ്പർ കീപ്പർ റോളിലാണ് ഇവിടെ പ്രവർത്തിക്കുന്നത്.


austria 1.jpg


പന്ത് റാഞ്ചിപ്പക്ഷികൾ


ഓസ്ട്രിയയുടെ മുന്നേറ്റ താരങ്ങൾ വെറും ഗോളടിക്കാർ മാത്രമല്ല, അവർ ഈ ശൈലിയുടെ ആദ്യ പ്രതിരോധരേഖ കൂടിയാണ്. മാർക്കോ അർണൗട്ടോവിച്ച്, മൈക്കൽ ഗ്രിഗോറിറ്റ്ഷ്, സാസ കാലജ്ഡിച്ച് തുടങ്ങിയ ഫോർവേഡുകൾ എതിരാളികളുടെ പാസിംഗ് ഓപ്ഷനുകൾ ബുദ്ധിപരമായി അടച്ചുപൂട്ടുന്നു. അവിടെ കാത്തുനിൽക്കുന്ന ഓസ്ട്രിയൻ സഹതാരങ്ങൾ എതിർ ടീമിനെ കൂട്ടത്തോടെ ശ്വാസംമുട്ടിച്ച് പന്ത് തിരിച്ചുപിടിക്കുന്ന കാഴ്ച്ച കാണേണ്ടത് തന്നാണ്.


അതിരുകൾ ഭേദിക്കുന്ന കുതിപ്പ്


എതിരാളികളെ എട്ട് പാസുകൾ തികയ്ക്കാൻ പോലും അനുവദിക്കാത്ത ഈ ശൈലിക്ക് അപാരമായ ശാരീരികക്ഷമത നിർബന്ധമാണ്. മിക്ക കളിക്കാരും 10-12 കിലോമീറ്ററോളം ഓടുന്നതിനൊപ്പം, സെക്കൻഡുകളുടെ ഇടവേളകളിൽ നിരവധി അതിവേഗ സ്പ്രിന്റുകളാണ് നടത്തുന്നത്. ഊർജ്ജം ചോരുന്ന ഈ ശൈലിയിൽ 60-ാം മിനിറ്റോട് കൂടി തന്നെ മാറ്റങ്ങൾ വരുത്തിക്കൊണ്ട് അവസാന വിസിൽ വരെ പ്രസിങ് വേഗത ചോരാതെ നിലനിർത്താൻ കോച്ച് പ്രത്യേകം ശ്രദ്ധിക്കുന്നു.


group j.webp

ലോകകപ്പ് സാധ്യത


2026 ലോകകപ്പിൽ ലയണൽ മെസി നയിക്കുന്ന അർജന്റീന, ആഫ്രിക്കൻ കരുത്തരായ അൾജീരിയ, കന്നി ലോകകപ്പിനെത്തുന്ന ജോർദാൻ എന്നിവർക്കൊപ്പമാണ് ഓസ്ട്രിയ ഗ്രൂപ്പ് ജെ യിൽ ഇടം നേടിയിരിക്കുന്നത്. ലോകകപ്പിന് മുന്നോടിയായി അവർ അവസാന പത്ത് മത്സരങ്ങളിൽ 7 ജയവും രണ്ട് സമനിലയും ഒരു തോൽവിയും വഴങ്ങി. സാൻ മാറിനോയെ പത്ത് ഗോളുകൾക്ക് (10-0) മുക്കിക്കളഞ്ഞപ്പോൾ റൊമാനിയയോട് ഒരു ഗോളിന്റെ (1-0) തോൽവി വഴങ്ങി.


അമേരിക്കൻ മണ്ണിലിറങ്ങുന്ന ഓസ്ട്രിയൻ സംഘത്തെ ലോകകപ്പിൽ ആരും നിസ്സാരമായി കാണില്ല. വമ്പന്മാരെ വീഴ്ത്താൻ പോകുന്ന കറുത്ത കുതിരകളിൽ ഒന്നാകും ഈ വേട്ടക്കാർ. കൊളംബിയ, മോറോക്കോ, നോർവേ, ഇക്വഡോർ, ജപ്പാൻ, യുഎസ്എ, വമ്പൻമാരായ ഫ്രാൻസിനെ ഇന്ന് ഫ്രഞ്ച് കോട്ടയിൽ വച്ച് സൗഹൃദമത്സരത്തിൽ അട്ടിമറിച്ച ഐവറി കോസ്റ്റ് തുടങ്ങിയ ടീമുകളും നമ്മെ ഞെട്ടിച്ചേക്കാം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home