കിക്കോഫിന് ദിവസങ്ങൾ മാത്രം; ഫിഫ ടിക്കറ്റ് വെബ്‌സൈറ്റിൽ വൻ തകരാർ, സൗജന്യമായി കിട്ടിയ ടിക്കറ്റുകൾ റദ്ദാക്കി

ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന 16 നഗരങ്ങളിൽ ഒന്നാണ് ടൊറന്റോ|Photo Credit: Getty Images
ടൊറന്റോ: ഔദ്യോഗിക വെബ്‌സൈറ്റിലുണ്ടായ സാങ്കേതിക തകരാർ മൂലം 60 ആരാധകർക്ക് ലോകകപ്പ് ടിക്കറ്റുകൾ തികച്ചും സൗജന്യമായി ലഭിച്ചതായി ഫിഫ സമ്മതിച്ചു. സിസ്റ്റത്തിലെ പിഴവ് കാരണം പൂജ്യം വില രേഖപ്പെടുത്തി കൈമാറിയ ഈ ടിക്കറ്റുകൾ അന്താരാഷ്ട്ര ഫുട്ബോൾ ഭരണകൂടമായ ഫിഫ അടിയന്തരമായി റദ്ദാക്കിയിട്ടുണ്ട്. എന്നാൽ, ടിക്കറ്റ് നഷ്ടമായ ആരാധകർക്ക് നിശ്ചിത തുക പൂർണ്ണമായി നൽകി ഇവ വീണ്ടും സ്വന്തമാക്കാനുള്ള അവസരം അധികൃതർ ഒരുക്കിയിട്ടുണ്ട്.
ടിക്കറ്റ് വിതരണത്തിലെ പിഴവുകൾ ചൂണ്ടിക്കാണിക്കുന്ന സോഷ്യൽ മീഡിയ അക്കൗണ്ടായ 'ടിക്കറ്റ് ടോക്ക് നെറ്റ്‌വർക്ക്' പുറത്തുവിട്ട കത്തിലാണ് ഫിഫയുടെ ഈ നടപടി വ്യക്തമാക്കുന്നത്. ടിക്കറ്റ് വാങ്ങുന്ന ഘട്ടത്തിൽ പേയ്‌മെന്റ് പ്രോസസ്സിൽ ഉണ്ടായ സാങ്കേതിക തകരാറാണ് ഇതിന് കാരണമെന്ന് ഫിഫ സ്ഥിരീകരിച്ചു.
ജൂൺ 3 ബുധനാഴ്ച സൗജന്യ ടിക്കറ്റ് കിട്ടിയ ആരാധകർക്ക് ഇതുസംബന്ധിച്ച ഔദ്യോഗിക സന്ദേശം അയച്ചിട്ടുണ്ടെന്നും, അസൗകര്യത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായും ഫിഫ അറിയിച്ചു. കാനഡയിലെ ടൊറന്റോയിൽ നടക്കുന്ന ഗ്രൂപ്പ് ഘട്ട മത്സരങ്ങളുടെ ടിക്കറ്റുകളാണ് ഇത്തരത്തിൽ തകരാറിലായതെന്നാണ് ലഭിക്കുന്ന വിവരം.
അക്കൗണ്ടുകളിൽ നിന്ന് ടിക്കറ്റുകൾ പൂർണ്ണമായി നീക്കം ചെയ്യുന്നതിന് മുൻപ് അവയ്ക്ക് കൃത്യമായ പണം അടയ്ക്കാൻ ആരാധകർക്ക് ഏഴ് ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. കാനഡ, അമേരിക്ക, മെക്സിക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഫിഫ ലോകകപ്പ് ജൂൺ 11 വ്യാഴാഴ്ചയാണ് ആരംഭിക്കുന്നത്.
ടൂർണമെന്റ് തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് ഈ പുതിയ പ്രതിസന്ധി. എല്ലാ മത്സരങ്ങളും വിറ്റുതീരുമെന്ന് ഫിഫ ഉറപ്പുനൽകിയിരുന്നെങ്കിലും ഇപ്പോഴും നിരവധി സീറ്റുകൾ ലഭ്യമാണ് എന്നതും പുതിയ വിവാദങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.
ടിക്കറ്റ് വിതരണവുമായി ബന്ധപ്പെട്ട് ഫിഫ ഇതിനകം തന്നെ മറ്റ് ചില നിയമനടപടികളും നേരിടുന്നുണ്ട്. കൃത്രിമമായി ടിക്കറ്റ് നിരക്കുകൾ വർദ്ധിപ്പിക്കുന്നുവെന്നും ആരാധകരെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നുമുള്ള ഗുരുതരമായ ആരോപണങ്ങളെത്തുടർന്ന്, ന്യൂയോർക്കിലെയും ന്യൂജേഴ്‌സിയിലെയും അറ്റോർണി ജനറൽമാർ കഴിഞ്ഞ ആഴ്ച ഫിഫയുടെ ടിക്കറ്റ് വിതരണ രീതികളെക്കുറിച്ച് അന്വേഷണം ആരംഭിച്ചിരുന്നു.
ആവശ്യക്കാരും ടിക്കറ്റുകളുടെ ലഭ്യതയും അനുസരിച്ച് നിരക്കുകളിൽ വ്യത്യാസം വരുത്തുന്ന 'വേരിയബിൾ പ്രൈസിങ്' രീതിയാണ് ഫിഫ ടിക്കറ്റ് വിൽപ്പനയ്ക്കായി ഉപയോഗിക്കുന്നത്. കഴിഞ്ഞ ഏപ്രിലിലാണ് ഇതിന്റെ അവസാന ഘട്ട ഓപ്പൺ സെയിൽസ് വിൻഡോ ആരംഭിച്ചത്. ടൂർണമെന്റിന്റെ കിക്കോഫ് വരെയുള്ള സമയങ്ങളിൽ കൂടുതൽ ടിക്കറ്റുകൾ ലഭ്യമാക്കുമെന്നും ഫിഫ നേരത്തെ വ്യക്തമാക്കിയിരുന്നു.










0 comments