ad
Deshabhimani

ഫുട്ബോൾ ലോകകപ്പ്

സ്റ്റേഡിയങ്ങളിൽ റീഫില്ലബിൾ വാട്ടർ ബോട്ടിലുകൾക്ക് ഫിഫയുടെ വിലക്ക്, പ്രതിഷേധവുമായി ആരാധകർ

FIFA

ഫുട്ബോൾ ലോകകപ്പ് പന്തും ട്രോഫിയും |Photo:AFP

വെബ് ഡെസ്ക്

Published on Jun 05, 2026, 03:35 PM | 1 min read

ന്യൂയോർക്ക് : അടുത്ത വ്യാഴാഴ്ച ആരംഭിക്കുന്ന ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ നടക്കുന്ന 16 സ്റ്റേഡിയങ്ങളിലും റീഫില്ലബിൾ (വീണ്ടും ഉപയോഗിക്കാവുന്ന) വാട്ടർ ബോട്ടിലുകൾ കൊണ്ടുവരുന്നതിന് ഫിഫയുടെ വിലക്ക്. കടുത്ത ചൂടും വെയിലും പ്രതികൂല കാലാവസ്ഥയും പ്രതീക്ഷിക്കുന്ന ടൂർണമെന്റിൽ, മത്സരം തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് സ്റ്റേഡിയം കോഡ് ഓഫ് കോൺഡക്ട് പുതുക്കി ഫിഫ ഈ അപ്രതീക്ഷിത തീരുമാനം പ്രഖ്യാപിച്ചത്.


സ്റ്റേഡിയങ്ങളിൽ ലഭ്യമാകുന്ന കുടിവെള്ളം ശേഖരിക്കാൻ ഒഴിഞ്ഞ പ്ലാസ്റ്റിക് ബോട്ടിലുകൾ അനുവദിക്കുമെന്ന് ഫിഫ നേരത്തെ ഉറപ്പുനൽകിയിരുന്നതായി ചൂണ്ടിക്കാട്ടി ഇംഗ്ലീഷ് ആരാധക കൂട്ടായ്മയായ ഫ്രീ ലയൺസ് തീരുമാനത്തെ ശക്തമായി വിമർശിച്ചു. ഇത് ഫിഫയുടെ മറ്റൊരു പണക്കൊതിയാണെന്ന് ആരാധകർ ആരോപിക്കുന്നു. ടൂർണമെന്റിലെ പ്രധാന സ്പോൺസർമാരായ കൊക്കകോളയുടെ വാട്ടർ, സോഡാ ബ്രാൻഡുകൾ മാത്രമായിരിക്കും സ്റ്റേഡിയങ്ങളിൽ വിൽക്കുക.


സുരക്ഷാ കാരണങ്ങൾ മുൻനിർത്തിയാണ് ബോട്ടിലുകൾ നിരോധിച്ചതെന്നാണ് ഫിഫയുടെ ഔദ്യോഗിക വിശദീകരണം. ബോട്ടിലുകളിൽ വെള്ളം നിറച്ച് കളിക്കാർക്കും കാണികൾക്കും നേരെ എറിയാനുള്ള സാധ്യത ഒഴിവാക്കാനാണ് ഈ നടപടിയെന്ന് വൈറ്റ് ഹൗസ് ടാസ്ക് ഫോഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ ആൻഡ്രൂ ജൂലിയാനി വ്യക്തമാക്കി. ഫിഫയുടെ ഈ പുതിയ തീരുമാനത്തെക്കുറിച്ച് ചർച്ചകൾ നടന്നുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ഒരു ലിറ്റർ വരെയുള്ള സുതാര്യമായ പുനരുപയോഗ ബോട്ടിലുകൾ അനുവദിക്കുമെന്നായിരുന്നു ഫിഫയുടെ മുൻ നിലപാട്. എന്നാൽ ചൊവ്വാഴ്ച പുറത്തിറക്കിയ പുതിയ നിർദ്ദേശത്തിൽ റീഫില്ലബിൾ ബോട്ടിലുകൾ പൂർണമായും നിരോധിച്ചതായി വ്യക്തമാക്കുകയായിരുന്നു. അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങളിലായി നടക്കുന്ന 104 മത്സരങ്ങളിൽ പലയിടത്തും 32 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് ചൂട് പ്രതീക്ഷിക്കുന്നത്. ചൂടിനെ പ്രതിരോധിക്കാൻ സ്റ്റേഡിയത്തിന് പുറത്ത് മിസ്റ്റിംഗ് സ്റ്റേഷനുകൾ, ഹൈഡ്രേഷൻ സ്റ്റേഷനുകൾ, കൂളിംഗ് ടെന്റുകൾ എന്നിവ സജ്ജീകരിക്കുമെന്നും സ്റ്റേഡിയത്തിനുള്ളിൽ സാധാരണ നിരക്കിൽ കുടിവെള്ളം ലഭ്യമാക്കുമെന്നും ഫിഫ അറിയിച്ചു.


കളിക്കാർക്കായി ഓരോ പകുതിയുടെയും മധ്യത്തിൽ മൂന്ന് മിനിറ്റ് നീളുന്ന ഡ്രിങ്ക്സ് ബ്രേക്ക് അനുവദിച്ചിട്ടുണ്ട്. എന്നാൽ ഈ ബ്രേക്കുകൾ പരസ്യങ്ങൾ കാണിക്കാൻ വേണ്ടിയുള്ളതാണെന്ന വിമർശനവും ഉയരുന്നുണ്ട്. കളിക്കാർക്ക് ഡ്രിങ്ക്സ് ബ്രേക്ക് നൽകുമ്പോൾ കാണികൾക്ക്

വെള്ളം കൊണ്ടുപോകാൻ അനുവാദം നൽകാത്തത് വിചിത്രമായ നടപടിയാണെന്ന് ആരാധക കൂട്ടായ്മകൾ കുറ്റപ്പെടുത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home